സ്വകാര്യ സന്ദേശങ്ങൾ ചോർന്നു; മിസ് യൂണിവേഴ്സ് വിയറ്റ്‌നാം കിരീടം നഷ്ടപ്പെട്ട് ക്വിൻ ആൻ ഗുയെൻ

Quynh Anh Nguyen
Quynh Anh Nguyen

മിസ് യൂണിവേഴ്സ് വിയറ്റ്‌നാം 2026 കിരീടം നേടി ഏഴ് ആഴ്ച തികയും മുൻപേ കിരീടം നഷ്ടപ്പെട്ട് സുന്ദരി ക്വിൻ ആൻ ഗുയെൻ. വിജയിച്ച് വെറും 48 ദിവസത്തിനുള്ളിലാണ് താരത്തെ സ്ഥാനത്തുനിന്ന് നീക്കിയത്. മത്സരത്തിനിടെ ഉയർന്ന വിവാദങ്ങളും സംഘാടകരുടെ നിർദേശങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളുമാണ് നടപടിക്ക് പിന്നിൽ. നവംബർ 18-ന് മത്സരത്തിന്റെ സംഘാടകരായ ഫൈവ്6 എന്റർടെയ്ൻമെന്റാണ് കിരീടം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.

ഒക്ടോബർ രണ്ടിന് ഹായ് ഫോങ്ങിൽ നടന്ന മത്സരത്തിലാണ് ക്വിൻ ആൻ ഗുയെൻ മിസ് യൂണിവേഴ്സ് വിയറ്റ്‌നാം 2026 ആയി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. ഒക്ടോബറിൽ തന്നെ താരത്തിനെതിരെ നടപടികൾ ആരംഭിച്ചിരുന്നു.

also read :മിസ് യൂണിവേഴ്സ് വേദിയിൽ കസവഴക്; 'ആദ്യ മലയാളി' എന്ന അഭിമാനത്തോടെ കെസിയ ലിസ് മെജോ 

സ്വകാര്യ സന്ദേശങ്ങൾ ചോർന്നു

ക്വിൻ ആൻ ഗുയെനും മിസ് യൂണിവേഴ്സ് വിയറ്റ്‌നാമിലെ ഫസ്റ്റ് റണ്ണറപ്പായ ട്രിൻ മൈ ആനും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. മറ്റ് മത്സരാർത്ഥികളെയും സൗന്ദര്യമത്സരവുമായി ബന്ധപ്പെട്ട ചിലരെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ സന്ദേശങ്ങളിലുണ്ടായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ ആഭ്യന്തര പരിശോധന നടത്തിയ സംഘാടകർ ഒക്ടോബർ 25-ന് താരത്തിന് ആറുമാസത്തെ സസ്‌പെൻഷൻ പ്രഖ്യാപിച്ചു. ഈ കാലയളവിൽ മിസ് യൂണിവേഴ്സ് വിയറ്റ്‌നാം കിരീടം ഉപയോഗിച്ചുള്ള ഔദ്യോഗിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. തന്റെ പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിച്ച ക്വിൻ ആൻ, കിരീടത്തിനൊപ്പം വരുന്ന ഉത്തരവാദിത്തങ്ങൾ അംഗീകരിക്കുന്നതായും നേരത്തെ അറിയിച്ചിരുന്നു.

ALSO READ : എല്ലാം സഹിച്ചു കഴിയുന്ന ആളല്ല താൻ, രൺബീർ എന്നെ മനസിലാക്കുന്നുണ്ട് -തുറന്നടിച്ച് ആലിയ ഭട്ട് 

സംഘാടകരുടെ അനുമതിയില്ലാതെ പരിപാടികളിൽ പങ്കെടുത്തെന്ന് ആരോപണം

സസ്‌പെൻഷൻ പ്രഖ്യാപിച്ചതോടെ വിവാദം അവസാനിച്ചില്ല. സംഘാടകരുടെ മുൻകൂർ അനുമതിയില്ലാതെ ക്വിൻ ആൻ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും പ്രൊഫഷണൽ ക്ഷണങ്ങൾ സ്വീകരിക്കുകയും ചെയ്‌തെന്നാണ് ഫൈവ്6 എന്റർടെയ്ൻമെന്റിന്റെ ആരോപണം. മറ്റൊരു മാനേജ്‌മെന്റ് കമ്പനിയുടെ പരിപാടിയിൽ താരം പങ്കെടുത്തതും അവിടെ പ്രത്യേക കരാർ പ്രഖ്യാപിച്ചതും മിസ് യൂണിവേഴ്സ് വിയറ്റ്‌നാമിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും സംഘാടകർ ആരോപിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് തങ്ങളുമായി ആലോചിച്ചില്ലെന്നും കമ്പനി വ്യക്തമാക്കി.

ഇതിനിടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ കാരണം വിശ്രമവും ചികിത്സയും ആവശ്യമാണെന്ന് ക്വിൻ ആൻ സംഘാടകരെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. അതിനാൽ കരാർ പ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ നിറവേറ്റാൻ കഴിയില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ ഇതിനു ശേഷവും പരിപാടികളിലും പ്രകടനങ്ങളിലും പങ്കെടുക്കാനുള്ള ക്ഷണങ്ങൾ താരം സ്വീകരിച്ചെന്നാണ് സംഘാടകരുടെ വിശദീകരണം. തുടർന്നാണ് നവംബർ 18 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കിരീടം പിൻവലിക്കാൻ ഫൈവ്6 എന്റർടെയ്ൻമെന്റ് തീരുമാനിച്ചത്.

മിസ് യൂണിവേഴ്സ് വേദിയിലും വിയറ്റ്‌നാമിന്റെ അസാന്നിധ്യം

ക്വിൻ ആൻ ഗുയെന് കിരീടം നഷ്ടമായതോടെ പകരം ആര് മിസ് യൂണിവേഴ്സ് വിയറ്റ്‌നാം 2026 ആകുമെന്ന കാര്യത്തിൽ സംഘാടകർ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. രാജ്യത്തിന്റെ മിസ് യൂണിവേഴ്സ് ഫ്രാഞ്ചൈസി അവകാശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു തർക്കത്തെത്തുടർന്ന് അന്താരാഷ്ട്ര മിസ് യൂണിവേഴ്സ് മത്സരത്തിൽ വിയറ്റ്‌നാമിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ക്വിൻ ആന് നേരത്തെ നഷ്ടമായിരുന്നു. ഇതോടെ 2014-നുശേഷം ആദ്യമായി മിസ് യൂണിവേഴ്സ് 2026-ൽ വിയറ്റ്‌നാമിന്റെ പ്രതിനിധി ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.2018-ൽ ദ ഫേസ് വിയറ്റ്‌നാം റിയാലിറ്റി ഷോയിൽ റണ്ണറപ്പായതോടെയാണ് ക്വിൻ ആൻ ശ്രദ്ധിക്കപ്പെട്ടത്. 2021ൽ ഏഷ്യൻ സൂപ്പർ മോഡൽ മത്സരത്തിലും വിജയിച്ചിരുന്നു. എന്നാൽ മിസ് യൂണിവേഴ്സ് വിയറ്റ്‌നാം കിരീടം നേടിയുള്ള താരത്തിന്റെ കിരീടവാഴ്ച ഏഴ് ആഴ്ച പോലും നീണ്ടുനിന്നില്ല.

Content Highlights: Quynh Anh Guyn lost her Miss Universe Vietnam 2026 crown just 48 days after winning., Leaked private messages defaming other contestants led to a six-month suspension., Organizers revoked her title due to unauthorized event appearances and contract violations., Vietnam will likely have no representative at the 2026 Miss Universe pageant.