'പാര്‍ട്ടിയില്‍ സാരി പറ്റില്ലെന്ന് പറഞ്ഞതോടെ പെട്ടു'; സ്റ്റൈലിഷ് ലുക്കില്‍ മാലാ പാര്‍വതി

സാധാരണയായി സാരിയിലാണ് നടി മാലാ പാര്‍വതിയെ കാണാറുള്ളത്. അവരുടെ ഇഷ്ടപ്പെട്ട ഔട്ട്ഫിറ്റും സാരി തന്നെയാണ്. എന്നാല്‍, സൈമ അവാര്‍ഡിന്റെ നോമിനേഷന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അവര്‍ അല്‍പം വ്യത്യസ്തമായൊരു ഔട്ട്ഫിറ്റ് പരീക്ഷിച്ചു. വെള്ളനിറത്തിലുള്ള ഒരു ഗൗണ്‍.
സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. സാരിയൊക്കെ ഉടുത്ത് പോകാമെന്നാണ് കരുതിയെന്നും സാരി പറ്റില്ലെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് ഒരു സാള്‍ട്ട് സ്റ്റുഡിയോയാണ് വെള്ള നിറത്തിലുള്ള ഗൗണ്‍ മാലാ പാര്‍വതിക്കായി ഡിസൈന്‍ ചെയ്തത്.
ഇതിനൊപ്പം വെള്ളനിറത്തിലുള്ള മുത്തുകള്‍ പിടിപ്പിച്ച റൗണ്ട് ക്ലച്ച് ബാഗും ചേര്‍ന്നതോടെ ഔട്ട്ഫിറ്റിന്റെ ഭംഗി കൂടി. സില്‍വര്‍ നിറത്തിലുള്ള ലെയേര്‍ഡ് മാലയും വളയും വലിയ മോതിരവുമാണ് ആഭരണമായി അണിഞ്ഞത്.
നടിയുടെ പുതിയ ഔട്ട്ഫിറ്റിനെ പ്രശംസിച്ച് ഒട്ടേറെപ്പേര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. സാരി പോലെത്തന്നെ ഇത്തരം വസ്ത്രങ്ങളും മാലാ പാര്‍വതിക്ക് ചേരുന്നുണ്ടെന്നാണ് പ്രതികരണങ്ങള്‍.
Content Highlights: maala parvathi siima awards nomination party