‘ഓം' ചിഹ്നമുള്ള വസ്ത്രം ബീച്ച് വെയറായി ധരിച്ചു, കെൻഡൽ ജെന്നർക്കെതിരെ വ്യാപക പ്രതിഷേധം

ഹൈന്ദവ വിശ്വാസത്തിലെ പവിത്രചിഹ്നമായ ഓം, ത്രിശൂലം എന്നിവ ആലേഖനം ചെയ്ത വസ്ത്രം കടൽത്തീര യാത്രയ്ക്കിടെ ബീച്ച് വെയറായി ധരിച്ച അമേരിക്കൻ മോഡൽ കെൻഡൽ ജെന്നർക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. സഹോദരി കൈലി ജെന്നർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
സുഹൃത്തായ ഹെയ്ലി ബീബറിന്റെ 30-ാം ജന്മദിനാഘോഷത്തിനായി സഹോദരി കൈലി ജെന്നർക്കും സുഹൃത്തുക്കൾക്കുമൊപ്പം ബഹമാസിലേക്ക് അവധിക്കാല യാത്ര നടത്തിയതായിരുന്നു കെൻഡൽ. യാട്ട് യാത്രയ്ക്കിടെ കറുത്ത ബിക്കിനിക്ക് മുകളിലായി ഓം, ത്രിശൂലം ചിഹ്നങ്ങൾ പതിപ്പിച്ച മഞ്ഞനിറത്തിലുള്ള തുണി ചുറ്റി നിൽക്കുന്ന ചിത്രങ്ങളാണ് നവംബർ 24-ന് കൈലി ജെന്നർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള നിരവധി ഉപയോക്താക്കൾ കെൻഡലിന്റെ വസ്ത്രധാരണത്തിനെതിരെ രംഗത്തെത്തി.
ആത്മീയവും മതപരവുമായ ആവശ്യങ്ങൾക്കായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന തുണിത്തരമാണ് ഇതെന്നും ഇത് ബീച്ച് വെയറായി ഉപയോഗിച്ചത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും വിമർശകർ ചൂണ്ടിക്കാണിച്ചു. 'എന്റെ മതം നിങ്ങളുടെ താൽക്കാലിക ഫാഷൻ ട്രെൻഡല്ല', 'ഓം എന്നത് കേവലമൊരു ഡിസൈനോ ഫാഷൻ പ്രസ്താവനയോ അല്ല, ദശലക്ഷക്കണക്കിന് വിശ്വാസികളുടെ ആത്മീയതയും വിശ്വാസവുമാണ്' എന്നിങ്ങനെ നിരവധി പേർ പ്രതികരിച്ചു. സാംസ്കാരിക കടന്നുകയറ്റം എന്ന നിലയിലും ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ഹൈന്ദവ വിശ്വാസത്തിലും ബുദ്ധ, ജൈന, സിഖ് മതങ്ങളിലും പ്രാധാന്യമുള്ള ആത്മീയ ചിഹ്നമാണ് 'ഓം'. പ്രപഞ്ചത്തിന്റെയും സൃഷ്ടി-സ്ഥിതി-ലയ സങ്കൽപ്പങ്ങളുടെയും പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു. അതേസമയം, അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണ് ചിലർ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന മറുവാദങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
Content Highlights: Kendall Jenner faced criticism on social media for wearing a garment featuring sacred Hindu symbols, Om and Trishul, during a beach trip, which was shared by her sister Kylie Jenner on Instagram.Critics, particularly from India, argued that using these symbols, which hold spiritual significance, as beachwear is disrespectful and hurts religious sentiments. The incident sparked discussions on cultural appropriation, with some defending it as unnecessary controversy while others emphasized the spiritual importance of the symbols.