'മനുഷ്യനെ ഒന്ന് വെറുതെ വിടൂ'; പ്ലാസ്റ്റിക് സർജറി അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ജാസ്മിൻ ഭാസിൻ

Jasmine Bhasin|photo:instagram.com/jasminbhasin2806/
Jasmine Bhasin|photo:instagram.com/jasminbhasin2806/

മുഖത്തെ മാറ്റങ്ങൾ കണ്ടാൽ ഉടൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് പറയണോ? തന്റെ രൂപത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്ക് മറുപടിയുമായി നടി ജാസ്മിൻ ഭാസിൻ. എല്ലാ ദിവസവും ഒരുപോലെ കാണപ്പെടണമെന്നില്ലെന്നും തന്റെ മുഖത്തെയും ശരീരത്തെയും താൻ സ്‌നേഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. ടെലിവിഷൻ താരം ജാസ്മിൻ ഭാസിന്റെ രൂപമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടി പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ടോ, ബോട്ടോക്‌സോ ഫില്ലറുകളോ ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കൊൽക്കത്തയിൽ നടന്ന രാഘവ് ശർമയുടെ സഹോദരന്റെ വിവാഹാഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് ചർച്ചകൾ ആരംഭിച്ചത്.

എന്നാൽ തന്റെ രൂപത്തിൽ കാണുന്ന ചെറിയ മാറ്റങ്ങളെല്ലാം സൗന്ദര്യവർധക ശസ്ത്രക്രിയയുടെ ഫലമല്ലെന്ന് ജാസ്മിൻ വ്യക്തമാക്കി. യാത്രകൾ, ഉറക്കക്കുറവ്, വ്യത്യസ്ത മേക്കപ്പ് ആർട്ടിസ്റ്റുകൾ, സൈനസ് പ്രശ്‌നങ്ങൾ, ക്ഷീണം തുടങ്ങി പല കാര്യങ്ങളും മുഖത്തിന്റെ രൂപത്തെ സ്വാധീനിക്കാമെന്നും താരം ചൂണ്ടിക്കാട്ടി. 'എന്റെ മുഖത്തിന് ചെറിയൊരു മാറ്റം വന്നാൽ പോലും ഓരോ തവണയും പുതിയ പ്ലാസ്റ്റിക് സർജറി നടത്തിയെന്നാണ് ചിലരുടെ കണ്ടെത്തൽ. എല്ലാവരും ഒന്ന് സമാധാനിക്കൂ. ഞാൻ യാത്ര ചെയ്യാറുണ്ട്, ആവശ്യത്തിന് ഉറങ്ങാൻ കഴിയാത്ത ദിവസങ്ങളുണ്ട്. വ്യത്യസ്ത മേക്കപ്പ് ആർട്ടിസ്റ്റുകൾക്കൊപ്പം ജോലി ചെയ്യുന്നു. സൈനസ് പ്രശ്‌നങ്ങൾ കാരണം മുഖത്ത് നീർവീക്കമുണ്ടാകാം. ക്ഷീണം, സ്‌ട്രെങ്ത് ട്രെയിനിങ്, ശരീരഭാരം കൂടുന്നത് തുടങ്ങി പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. എന്റെ മുഖം എപ്പോഴും ഒരേപോലെ കാണപ്പെടുന്ന ഇൻസ്റ്റഗ്രാം ഫിൽട്ടറല്ല', എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.

ചില ദിവസങ്ങളിൽ മുഖം കൂടുതൽ ഷാർപ്പായി തോന്നാം. മറ്റു ചില ദിവസങ്ങളിൽ നീർവീക്കമോ ക്ഷീണമോ പ്രകടമായേക്കാം. മേക്കപ്പ് പോലും ചില ദിവസങ്ങളിൽ ശരിയായി വരണമെന്നില്ല. ഇതെല്ലാം സ്വാഭാവികമാണെന്നും താരം പറഞ്ഞു. പ്ലാസ്റ്റിക് സർജറി നടത്താൻ പോലും സമയം വേണമല്ലോ എന്നായിരുന്നു അഭ്യൂഹങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ജാസ്മിന്റെ മറ്റൊരു പ്രതികരണം. തന്റെ ശരീരം രക്തവും മാംസവും പേശികളും അസ്ഥികളും ചേർന്നതാണെന്നും ഓരോ ദിവസവും വ്യത്യസ്തമായി കാണപ്പെടാൻ തനിക്ക് അവകാശമുണ്ടെന്നും താരം വ്യക്തമാക്കി.

തന്റെ രൂപത്തിൽ താൻ സന്തുഷ്ടയാണെന്നും സൗന്ദര്യത്തിന്റെ പേരിൽ സമൂഹം മുന്നോട്ടുവയ്ക്കുന്ന യാഥാർഥ്യബോധമില്ലാത്ത മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യമില്ലെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു. 'എനിക്ക് എന്റെ മുഖത്തെയും ശരീരത്തെയും ഇഷ്ടമാണ്. എന്നെത്തന്നെയും ഞാൻ സ്‌നേഹിക്കുന്നു. സന്തോഷത്തോടെ ജീവിക്കാൻ എല്ലാ ദിവസവും പൂർണതയുള്ളതായി കാണപ്പെടണമെന്നില്ല. അതുകൊണ്ട് ദയവായി മനുഷ്യനെ ഒന്ന് വെറുതെ വിടൂ', എന്ന വാക്കുകളോടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlights: Jasmin Bhasin addresses social media rumors regarding facial changes and alleged plastic surgery., The actress explains that travel, lack of sleep, sinus issues, and makeup can alter facial appearance., She emphasizes body positivity, stating she loves her natural body and appearance.