ജാംനഗറിലെ മയിലുകളാണ് ജാന്‍വിയുടെ ഈ ലെഹങ്കയുടെ പ്രചോദനം; കീറിയ ഭാഗം തുന്നിക്കൊടുത്ത് കാമുകന്‍

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങില്‍ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരുടെ ഔട്ട്ഫിറ്റുകള്‍ അണിഞ്ഞെത്തിയ താരങ്ങള്‍ മുംബൈയിലെ നിത അംബാനി കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങിന്റെ മാറ്റുകൂട്ടി. ഇതില്‍ ഏറ്റവും ശ്രദ്ധേയം ജാന്‍വി കപൂറിന്റെ പീകോക്ക് നിറത്തിലുള്ള ലെഹങ്ക ചോളിയായിരുന്നു.
മയില്‍പീലികള്‍ ചേര്‍ത്തുവെച്ചതുപോലെയുള്ള ഡിസൈനിലുള്ള ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത് മനീഷ് മല്‍ഹോത്രയാണ്. മയില്‍പീലിയുടെ ഡിസൈനില്‍ സീക്വിനുകളും സ്റ്റോണ്‍ വര്‍ക്കുകളുമാണ് ലെഹങ്കയില്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ട്രാന്‍സ്പാരന്റ് നെക്ക്‌ലൈനോട് കൂടിയ ചോളിയും താരം അണിഞ്ഞു. ചോളിയിലും നിറയെ സീക്വിനുകള്‍ നല്‍കിയിട്ടുണ്ട്. നീലയും വെള്ളയും കല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ ചോക്കറും അതിന് യോജിക്കുന്ന കമ്മലും താരം ഇതിനൊപ്പം അണിഞ്ഞു.
ഈ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിന്റെ ഓര്‍മയ്ക്കായാണ് ഈ ലെഹങ്ക തിരഞ്ഞെടുത്തതെന്നും അന്ന് നിറയെ മയിലുകളെ കാണാനായെന്നും ജാന്‍വി കുറിപ്പില്‍ പറയുന്നു. അന്ന് ചുറ്റുമുള്ള കാട് തന്ന അനുഭവം ഏറെ പ്രത്യേകതയുള്ളതായിരുന്നെന്നും വളരെ സമാധാനത്തോടെയുള്ള ആ അന്തരീക്ഷത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലെഹങ്ക ഡിസൈന്‍ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
'അന്ന് ജാംനഗറില്‍ എല്ലായിടത്തും മയിലുകളായിരുന്നു. നമ്മള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്തും റോഡിലുമെല്ലാം പത്തോളം മയിലുകളെ കണ്ടു. അവര്‍ ചിലപ്പോള്‍ ഞങ്ങള്‍ക്കായി ഒരുക്കിയ ബ്രേക്ക്ഫാസ്റ്റ് വരെ വന്ന് കഴിക്കും. ആദ്യം പീകോക്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു മനസിലുണ്ടായിരുന്നത്. അത് ഡിസൈന്‍ ചെയ്തു വന്നപ്പോള്‍ കൂടുതല്‍ മനോഹരമായി. അത് മയില്‍പീലികള്‍ തുന്നിച്ചേര്‍ത്ത ലെഹങ്ക പോലെയായി'. കുറിപ്പില്‍ ജാന്‍വി പറയുന്നു.
ഈ ലെഹങ്ക ധരിച്ച് സംഗീത് ചടങ്ങിനിടെ നൃത്തം ചെയ്യുന്ന ചിത്രവും രാധികയെ നൃത്തം ചെയ്യാനായി വേദിയിലേക്ക് ക്ഷണിക്കുന്ന ചിത്രങ്ങളുമെല്ലാം ജാന്‍വി കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജാന്‍വിയുടെ ലെഹങ്ക ശരിയാക്കി കൊടുക്കുന്ന കാമുകന്‍ ശിഖര്‍ പഹാരിയയുടെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ജാന്‍വി നിലത്തിരിക്കുന്നതും ലെഹങ്കയുടെ ഉള്ളിലെ ലൈനിങ് കീറിയത് ശിഖര്‍ നന്നാക്കുന്നതുമാണ് ചിത്രത്തിലുള്ളത്.
Content Highlights: janhvi kapoors boyfriend shikhar pahariya fixes her dress at ambani bash