തൊണ്ണൂറുകളിൽ ഫാഷൻ, ഇന്ന് അതിജീവനം; ജെൻസിയുടെ ‘ബട്ടർഫ്ളൈ ഇഫക്ട്’

#സ്വന്തം ലേഖിക
ജെനെല്‍ മോനെ | Photo:janellemonae/instagram
ജെനെല്‍ മോനെ | Photo:janellemonae/instagram

ഫാഷൻ ലോകത്ത് ഇപ്പോൾ എവിടെ തിരിഞ്ഞാലും ചിത്രശലഭങ്ങളാണ്. ഷാനൽ, ബ്ലൂമറൈൻ, ആൽബെർട്ട ഫെറെറ്റി തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ റൺവേകൾ മുതൽ, ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും തരംഗമാകുന്ന പഴയകാല പ്ലാസ്റ്റിക് ബട്ടർഫ്‌ളൈ ഹെയർ ക്ലിപ്പുകൾ വരെയെത്തി നിൽക്കുന്നു ഈ ട്രെൻഡ്. 2000-ത്തിൽ പോപ്പ് ഗായിക മറയ കാരി അണിഞ്ഞ ഇമ്മാനുവൽ ഉങ്കാരോയുടെ പ്രശസ്തമായ ബട്ടർഫ്‌ളൈ ടോപ്പ് പുനർനിർമ്മിക്കാനും, ഗുച്ചി, ചോപോവ ലോവേന എന്നിവയുടെ ബട്ടർഫ്‌ളൈ ആക്‌സസറികൾ സ്വന്തമാക്കാനും യുവതലമുറ മത്സരിക്കുകയാണ്. സൗന്ദര്യസങ്കൽപ്പത്തിനപ്പുറം, പുതിയ തലമുറയുടെ, പ്രത്യേകിച്ച് ജെൻ സി പെൺകുട്ടികളുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകളുടെയും പ്രതീകമായി ചിത്രശലഭങ്ങൾ ഫാഷൻ ലോകത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

Read More: പഴയ സുഹൃത്തുക്കളുമായി നിങ്ങൾ സ്വയം താരതമ്യം ചെയ്യാറുണ്ടോ? എങ്ങുമെത്തിയില്ലെന്ന തോന്നലിന് പിന്നിൽ അസൂയയല്ല 

റെഡ് കാർപെറ്റിലും തെരുവുകളിലും ശലഭങ്ങൾ

അന്താരാഷ്ട്ര സംഗീത-ഫാഷൻ വേദികളിൽ ഇന്ന് ചിത്രശലഭങ്ങളുടെ ആധിപത്യമാണ്. ദുആ ലിപ, പിങ്ക്പാന്തറസ്, റേച്ചൽ ചിനൗരിരി, മറീന ആൻഡ് ദി ഡയമണ്ട്‌സ് തുടങ്ങിയ യുവഗായികമാരെല്ലാം ചിത്രശലഭ പ്രമേയമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിയുന്നുണ്ട്. പോപ്പ് താരങ്ങളുടെ ഇഷ്ടചിഹ്നമായി മാറിയിരിക്കുകയാണ് ശലഭം. ഒക്ടോബറിൽ നടന്ന അക്കാദമി മ്യൂസിയം ഗാലയിൽ ഗായിക ജാനെൽ മോണെ അണിഞ്ഞ റോബർട്ട് വുൺ ഗൗണിലെ വലിയ ശലഭച്ചിറകുകൾ ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരുന്നു. സ്വീഡിഷ് പോപ്പ് താരം സാറ ലാർസണും ആരാധകരും തിളങ്ങുന്ന ബട്ടർഫ്‌ളൈ മേക്കപ്പ് പരീക്ഷിക്കുമ്പോൾ, പ്രശസ്തമായ ലെ സിറ്റി ബാഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ബാലൻസിയാഗ കലാകാരൻ ഡാമിയൻ ഹേഴ്സ്റ്റുമായി ചേർന്ന് ബട്ടർഫ്‌ളൈ ബാഗുകൾ പുറത്തിറക്കി. ഹെയർ ക്ലിപ്പുകൾ മുതൽ ബെഡ്ഷീറ്റുകൾവരെ ഇന്ന് ശലഭമയമാണ്.

Read More: 'എന്റെ നിഘണ്ടുവിൽ തോൽവി എന്ന വാക്കില്ല'; വോഗ് വേദിയിൽ ആൻസി സോജൻ 

ഫാഷനിൽ ചിത്രശലഭങ്ങളുടെ ഉപയോഗത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ഫാഷൻ ചരിത്രകാരി റൈസ ബ്രെറ്റാന പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുരുഷന്മാരുടെ വസ്ത്രങ്ങളിലെ ആഡംബര അലങ്കാരങ്ങൾ ഒഴിവാക്കുന്നതിന് മുൻപുള്ള കാലഘട്ടത്തിൽ, പുരുഷന്മാരുടെ വെയ്സ്റ്റ്കോട്ടുകളിൽ ചിത്രശലഭങ്ങളുടെ എംബ്രോയ്ഡറി വർക്കുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. സംഘർഷഭരിതമായ ലോകത്തെ സ്വപ്നതുല്യമായ പുതിയൊരു യാഥാർത്ഥ്യത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ച 1920-കളിലെ സർറിയലിസ്റ്റ് കലാകാരന്മാരുടെ പ്രിയപ്പെട്ട പ്രതീകമായിരുന്നു ചിത്രശലഭങ്ങൾ. പ്രശസ്ത ഡിസൈനർ എൽസ ഷിയാപരെല്ലി 1937-ലെ തന്റെ സമ്മർ കളക്ഷനിലും, പിന്നീട് പ്രശസ്തമായ ഡിന്നർ ജാക്കറ്റുകളിലും ചിത്രശലഭങ്ങളെ മനോഹരമായി ഉപയോഗിച്ചു.


90-കളിൽ വെർസാച്ചെ, മഗ്ലർ തുടങ്ങിയ ഡിസൈനർമാർ ചിത്രശലഭങ്ങളെ ലൈംഗികതയുടെയും ആകർഷണീയതയുടെയും പ്രതീകമായാണ് ഉപയോഗിച്ചിരുന്നതെന്ന് ഫാഷൻ ചരിത്രകാരി ഡോ. വലേരി സ്റ്റീൽ ചൂണ്ടിക്കാട്ടുന്നു. പിന്നീട് മറയ കാരി, ബ്രിട്നി സ്പിയേഴ്സ് എന്നിവരിലൂടെ അത് കൗമാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറി.'ഞാൻ 'ബട്ടർഫ്‌ളൈ' ആൽബം എഴുതുന്ന സമയത്ത് എന്റെ ജീവിതത്തിലും വലിയൊരു രൂപാന്തരം നടക്കുകയായിരുന്നു. അതിനുശേഷം ഞാനൊരു സ്വതന്ത്രയായ വ്യക്തിയായി മാറി. ആളുകൾ എന്നെ മറയ എന്നതിന് പകരം 'ബട്ടർഫ്‌ളൈ' എന്ന് വിളിക്കാൻ തുടങ്ങി,' മറയ കാരി ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്.

2000-ത്തിലെ 'Y2K' ഫാഷന്റെ തിരിച്ചുവരവ്

രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലെ പോപ്പ് സംസ്‌കാരമാണ് ചിത്രശലഭങ്ങളെ ഫാഷൻ ഐക്കണാക്കി മാറ്റിയത്. 2000-ത്തിലെ 'വി.എച്ച്.വൺ ദിവാസ്' പരിപാടിയിൽ മറയ കാരി അണിഞ്ഞ ബട്ടർഫ്‌ലൈ ടോപ്പ്, 2021-ൽ ഒലിവിയ റോഡ്രിഗോ, സ്വീറ്റി തുടങ്ങിയ യുവതാരങ്ങൾ പുനരാവിഷ്‌കരിച്ചു.2000-ത്തിലെ ഗ്രാമി പുരസ്‌കാര വേദിയിൽ ക്രിസ്റ്റീന അഗ്വിലേര അണിഞ്ഞ വെർസാച്ചെ ബട്ടർഫ്‌ലൈ വസ്ത്രത്തിന് ആദരമർപ്പിച്ചുകൊണ്ട് ഗായിക ദുആ ലിപ വി.എം.എ വേദിയിലെത്തിയതും വലിയ വാർത്തയായി.

എന്നാൽ ഇന്നത്തെ യുവതലമുറ ചിത്രശലഭങ്ങളെ നെഞ്ചിലേറ്റുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. മുതിർന്നവരുടെ ഉത്തരവാദിത്വങ്ങളിലേക്കും കഠിനമായ യാഥാർത്ഥ്യങ്ങളിലേക്കും വളരാനുള്ള വിമുഖതയും, കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കത തിരിച്ചുപിടിക്കാനുള്ള ആഗ്രഹവുമാണ് ഇതിന് പിന്നിലെന്ന് സ്‌റ്റൈലിസ്റ്റ് കാറ്റെറിന ഓസ്പിന നിരീക്ഷിക്കുന്നു.

ചരിത്രത്തിലുടനീളം ചിത്രശലഭങ്ങൾക്ക് പല അർത്ഥതലങ്ങളുണ്ടായിരുന്നു. പുരാതന ഗ്രീക്കോ-റോമൻ കാലഘട്ടത്തിൽ അത് 'ആത്മാവിന്റെ' പ്രതീകമായിരുന്നെങ്കിൽ, പതിനെട്ടാം നൂറ്റാണ്ടിൽ നിഷ്‌കളങ്കതയുടെ അടയാളമായി. എന്നാൽ 2026-ലെ ജെൻ സി തലമുറയ്ക്ക് ചിത്രശലഭങ്ങൾ ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെ കൂടി പ്രതീകമാണ്.

ആഗോള അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും കാരണം തങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്ന ഭാവിയെക്കുറിച്ചുള്ള യുവതലമുറയുടെ ആശങ്കയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് സാംസ്‌കാരിക നിരീക്ഷകൻ കൈൽ റെയ്മണ്ട് ഫിറ്റ്‌സ്പാട്രിക് പറയുന്നു. 'പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്, നമ്മൾ പ്രകൃതിയിൽ നിന്ന് അകലുകയാണ്. 'ഒരുകാലത്ത് ഇവിടെ ചിത്രശലഭങ്ങൾ ഉണ്ടായിരുന്നല്ലോ' എന്ന് ഓർമിപ്പിക്കുന്നതുപോലെയാണ് ഇത്. ഇതൊരുതരം പരിസ്ഥിതി ആക്ടിവിസമായിട്ടാണ് അവർ അണിയുന്നത്,' അദ്ദേഹം വ്യക്തമാക്കുന്നു. 1970-നുശേഷം യുകെയിലെ 80 ശതമാനം ചിത്രശലഭ ഇനങ്ങളും അപ്രത്യക്ഷമായി എന്ന കണക്കുകൾ ഈ ആശങ്കയെ ശരിവെക്കുന്നു.

കഴിഞ്ഞ മാസം നടന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ട് നടി എല്ലെ ഫാനിംഗ് 'ഹംഗർ ഗെയിംസ്' സിനിമയിലെ തന്റെ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന ബട്ടർഫ്‌ളൈ വസ്ത്രങ്ങൾ അണിഞ്ഞത് ശ്രദ്ധേയമായിരുന്നു.

എന്തുകൊണ്ടാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ചിത്രശലഭങ്ങൾ ഫാഷനിൽ നിറയുന്നത്?

എൽ.പി.കെ ചീഫ് ഗ്രോത്ത് ഓഫീസർ വലേരി ജേക്കബ്‌സ് ഇതിന് വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. പുതിയൊരു നൂറ്റാണ്ടിലേക്ക് കടന്ന 2000-ത്തിലും, കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചതിന് ശേഷമുള്ള കാലത്തും മനുഷ്യർ ഒരുതരം അസ്തിത്വ ഭീഷണി നേരിട്ടിരുന്നു. ഒന്നര വർഷത്തോളം വീടുകൾക്കുള്ളിൽ 'കൊക്കൂണിനുള്ളിൽ' എന്നപോലെ അടച്ചിരിക്കേണ്ടി വന്ന മനുഷ്യർക്ക്, പുറത്തുവരാനും സ്വാതന്ത്ര്യത്തോടെ പറന്നുയരാനുമുള്ള ആഗ്രഹത്തിന്റെ പ്രതീകമായാണ് ചിത്രശലഭങ്ങൾ മാറിയത്.

മൃദുത്വമല്ല, അതിജീവനമാണ് ശലഭങ്ങൾ

'ചിത്രശലഭങ്ങൾ പുനർജന്മത്തെയും സ്വാതന്ത്ര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. കൊക്കൂണിനുള്ളിൽ ശ്വാസം മുട്ടുന്ന അവസ്ഥയിൽ നിന്നാണ് ഒരു പുഴു മനോഹരമായ ചിത്രശലഭമായി മാറുന്നത്. അതെത്ര വലിയ പ്രചോദനമാണ്!' വർണ്ണാഭമായ ബട്ടർഫ്‌ളൈ ബാഗുകളിലൂടെയും ഹെയർ ക്ലിപ്പുകളിലൂടെയും പ്രശസ്തയായ ഡിസൈനർ സൂസൻ അലക്‌സാണ്ട്ര പറയുന്നു. ചുരുക്കത്തിൽ, കേവലമൊരു അനിമൽ പ്രിന്റ് എന്നതിനപ്പുറം, ഇരുട്ടിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും പുറത്തുകടന്ന് ചിറകുവിരിക്കാനുള്ള മനുഷ്യന്റെ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും അടയാളമായാണ് ചിത്രശലഭങ്ങൾ ഫാഷൻ ലോകത്ത് തിളങ്ങുന്നത്.

ചിത്രശലഭങ്ങളെ കാണുമ്പോൾ പൊതുവേ എല്ലാവർക്കും തോന്നുന്നത് അവയുടെ ലോലമായ പ്രകൃതമാണ്. എന്നാൽ ഓസ്ട്രേലിയൻ ഫാഷൻ ബ്രാൻഡായ സിമ്മർമാന്റെ ക്രിയേറ്റീവ് ഡയറക്ടർ നിക്കി സിമ്മർമാൻ പറയുന്നത് മറ്റൊന്നാണ്. 'ഞങ്ങളുടെ പുതിയ കളക്ഷനിലെ ചിത്രശലഭങ്ങൾ ലോലതയുടെ പ്രതീകമല്ല, മറിച്ച് അതിജീവനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമാണ്.' പ്രതിസന്ധികളെ അതിജീവിച്ച്, കൊക്കൂണിന്റെ ഇരുട്ടിൽ നിന്ന് ചിറകുവിരിച്ച് പുറത്തുവരുന്ന ചിത്രശലഭങ്ങളെപ്പോലെ, അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് തങ്ങളുടെ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന പുതുതലമുറയുടെ മനസ്സാണ് ഇന്നത്തെ ഫാഷൻ വേദികളിൽ ചിറകടിച്ചുയരുന്നത്.

തുടക്കത്തിൽ ചെറുതെന്ന് തോന്നുന്ന ചെറിയ മാറ്റങ്ങൾ ദീർഘകാലയളവിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രതിഭാസത്തെ ബട്ടർഫ്‌ളൈ ഇഫക്ട് എന്നുപറയാറില്ലേ? ചിത്രശലഭം നമ്മൾ കരുതുംപോലെ അത്ര ലോലമല്ലെന്ന് സാരം.

Content Highlights: Discover how butterflies have become a fashion symbol for Gen Z, representing resilience and concerns about the future amid global uncertainties.