കറുപ്പിൽ തിളങ്ങി ബില്ലി ഐലിഷ്; കലക്കൻ ലുക്കിൽ ബി.ടി.എസ്.; ഗ്രാമി ചിത്രങ്ങൾ

ഗായകരുടെ കലക്കൻ വേഷവിധാനത്തിലൂടെ ഇത്തവണയും ഗ്രാമി റെഡ്കാർപറ്റ് വർണാഭമായി. ബില്ലി ഐലിഷ് മുതൽ ബി.ടി.എസ്. സംഘംവരെ പ്രസിദ്ധ ലോകോത്തര ഡിസൈനർമാരുടെ പുതുപുത്തൻ ഡിസൈനുകളിൽ തിളങ്ങി.
പ്രസിദ്ധ ഇംഗ്ലിഷ് ഫാഷൻ ഡിസൈനറായ വിവിയെൻ വെസ്റ്റ്‌വുഡിന്റെ പിങ്ക് ഡീറ്റെയ്‌ലിങ്ങുള്ള കറുത്ത ഗൗൺ അണിഞ്ഞ് ചെറുപുഞ്ചിരിയോടെയാണ് ഒലിവിയ റോഡ്രിഗോ വേദിയിലേക്ക് കടന്നുവന്നത്.
എപ്പോഴും റെഡ്കാർപ്പറ്റിൽ ശ്രദ്ധിക്കപ്പെടാറുള്ള ബില്ലി പോർട്ടർ ഫ്യൂഷിയ നിറത്തിലുള്ള വസ്ത്രത്തിലാണെത്തിയത്. ട്രൗസറും ഞൊറികളുമുള്ള വേഷത്തിനൊപ്പം നീളമുള്ള പിങ്ക് കയ്യുറകളും നീല ലിപ്സ്റ്റിക്കും ധരിച്ചു.
അമേരിക്കൻ ഫാഷൻ ഡിസൈനർ റിക്ക് ഓവെന്റെ ഡിസൈനിലുള്ള കറുത്ത വേഷത്തിലാണ് ബില്ലി ഐലിഷെത്തിയത്. ജിയോർജിയോ അർമാനി പ്രൈവ് ഡിസൈൻ ചെയ്ത ക്ലാസ്സി ബ്ലാക്ക് ലുക്കിൽ ലേഡി ഗാഗയുമെത്തി.
ആദ്യ ഗ്രാമിയിൽ പുരസ്കാരം നേടാനായില്ലെങ്കിലും ബി.ടി.എസ്. സംഘം വസ്ത്രംകൊണ്ട് വേറിട്ടുനിന്നു. ഫ്രഞ്ച് ആഡംബര ഫാഷൻ കമ്പനിയായ ലൂയി വീട്ടോണിന്റെ സ്യൂട്ടുകളിട്ടാണ് വി, ആർ.എം., ഷുഗ, ജെ-ഹോപ്, ഷോങ് കുക്ക്, ജിൻ, ജിമിൻ എന്നിവർ റെഡ്കാർപറ്റിൽ തിളങ്ങിയത്. ഒപ്പം വസ്ത്രത്തിനൊത്ത സ്നീക്കറുകളും.
ഇറ്റാലിയൻ ഡിസൈനർമാരായ പ്രാദയുടെ വൺ ഷോൾഡർ ഗൗണാണ് ടിഫാനി ഹഡ്ഡിഷ് ധരിച്ചത്. ഡോജ ക്യാറ്റിന്റെ സ്പൈക്ക് ചെയ്ത മുടി വ്യത്യസ്തമായി. ഐസ് ബ്ലൂ നിറത്തിലുള്ള അറ്റലിയർ വെർസേസ് കളക്ഷനിൽ നിന്നുള്ള വസ്ത്രമാണവർ ധരിച്ചിരുന്നത്.
പുള്ളിപ്പുലിയുടെ പാറ്റേണുള്ള ഇറുകിയ വേഷമാണ് മേഗൻ തീ സ്റ്റാലിയൻ ധരിച്ചത്. വസ്ത്രത്തോടിണങ്ങിയ പാമ്പിന്റെ മാതൃകയിലുള്ള കമ്മലുകളും. റോബെർട്ടോ കവാല്ലിയാണ് വേഷം രൂപകല്‌പന ചെയ്തത്.
യു.എസ്. ഗായകനും റാപ്പറുമായ ലിൽ നാസ് എക്സ് മുത്തുപതിപ്പിച്ച വെളുത്ത സ്യൂട്ട് ധരിച്ച് ശ്രദ്ധേയയായി.
Content Highlights: grammy awards, grammy winners, celebrity fashion, billie eilish, lady gaga, bts