ജെൻസി ഷർട്ട്,നയന ചുരിദാർ; ഖാദിയും ബ്രാൻഡഡാവുന്നു

ഖാദിയും ഇനി ജെൻസി. കോഴിക്കോട് സർവ്വോദയ സംഘമാണ് ഖാദിയുടെ ചരിത്രത്തിൽ പുതിയ ചുവടുവയ്പ്പ് ആവുന്ന ജെൻസീ ഖാദി എന്ന പുതിയ ബ്രാൻഡുമായി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോളം പഴക്കമുള്ള ഖാദി പുതിയതലമുറയെ ആകർഷിക്കാൻ കാലത്തിനൊത്ത് മാറുകയാണ്. നിലനില്പിനും വളർച്ചക്കും ഈ മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
1917- 18 കാലഘട്ടത്തിലാണ് ഗാന്ധിജി ഖാദി പ്രസ്ഥാനത്തിന് തുടക്കമിട്ടതും സബർമതിയിൽ ആദ്യമായി നൂൽ നൂറ്റ് വസ്ത്രമുണ്ടാക്കിയതും.110 വർഷത്തെ പഴക്കമുള്ള ഖാദിയാണ് ഇപ്പോൾ ജെൻസി കാലഘട്ടത്തിലേക്ക് എത്തുന്നത്. കേരള ഗാന്ധി കെ.കേളപ്പൻ തുടക്കമിട്ട കോഴിക്കോട് മിഠായിത്തെരുവിലെ ഖാദി എംപോറിയത്തിലാണ് ഖാദി ജെൻസി ബ്രാൻഡുകൾ പുറത്തിറക്കിയിരിക്കുന്നത്. സർവ്വോദയ സംഘത്തിന്റെ നിർമ്മാണ യൂണിറ്റുകളാണ് ജെൻസി പ്രിന്റഡ് ഷർട്ടുകൾ നിർമ്മിക്കുന്നത്. ഫുൾകൈയും ഹാഫ് കൈയുമുണ്ട്. ഖാദി ഉല്പാദന യൂണിറ്റുകൾ തന്നെയാണ് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നത്. ആദ്യഘട്ടമായി കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് ഖാദി ഷോറൂമുകളിലാണ് ഷർട്ടുകൾ വില്ക്കുക. ഇത് പിന്നീട് കേരളമെങ്ങും വ്യാപിപ്പിക്കും. ജെൻസി ഖാദിക്കായി മാത്രം കോഴിക്കോട്ട് ഉടനെ ഫാഷൻഷോ സംഘടിപ്പിക്കുന്നുണ്ട്.. 1100 - 1500 രൂപ വിലയുള്ള ഖാദി ജെൻസി ഷർട്ടുകൾ സർക്കാർ റിബേറ്റുള്ളപ്പോൾ 750 രൂപ മുതൽ ലഭിക്കും. ഓണം , റംസാൻ , നവരാത്രി , ഗാന്ധിജയന്തി തുടങ്ങിയ അവസരങ്ങളിലാണ് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കുന്നത്്്.
മോഡേണാവുന്നതിന്റെ ഭാഗമായി ഇറക്കിയ മറ്റൊരു ഉല്പന്നമാണ് നയന ചുരിദാർ. മുന്തിയതരം ഖാദി തുണിത്തരങ്ങളിൽ മനോഹരമായ ഡിസൈനുകൾ നല്കിയാണ് നയന ചുരിദാറുകൾ തയ്യാറാക്കുന്നത്. സ്്ത്രീകളെ , പ്രത്യേകിച്ചും കോളേജ് വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ടാണ് ഈ ബ്രാൻഡ് വിപണിയിലിറക്കിയിട്ടുള്ളത്. സാധാരണ ഖാദി വസ്ത്രങ്ങളേക്കാൾ കനം കുറവുള്ളവയാണെന്നതും ചുളിവു വീഴില്ലെന്നതും പ്രത്യേകതയാണ്. ഡെയ്‌ലി യൂസിനും പറ്റിയതാണ്. മധുപനി , ബാത്തിക് , ചുങ്കിടി , മനില തുടങ്ങിയ പ്രിന്റുകളുണ്ട്.
സംസ്ഥാനത്ത് ഭരണമാറ്റം വന്നപ്പോൾ തൂവെള്ള ഖദറിന് ആവശ്യക്കാർ ഇരട്ടിയായി. ഖാദി മിനിസ്‌റ്റേഴ്‌സ് ഷർട്ടുകളിറക്കിയാണ് ഖാദി മേഖല ഇതിനോട് പ്രതികരിച്ചത്. വിപണിയിൽ ഇത് ക്ലിക്കായി. 1000 - 1400 രൂപയാണ് ഈ ഷർട്ടുകളുടെ വില. ധാക്ക മസ്ലീൻ തുണിയിലാണ് ഇവ തയ്യാറാക്കുന്നത്. ദേശസ്‌നേഹികൾക്കായി സ്വാതന്ത്ര്യദിനത്തിൽ ഇറക്കിയ ഖാദി യുവഭാരത് ഷർട്ടാണ് മറ്റൊരു ബ്രാൻഡ്. പോക്കറ്റിന് മുകളിൽ ത്രിവർണ മുദ്രയുള്ള ഇവ ബംഗാൾ ഖാദിയിലാണ് നിർമ്മിക്കുന്നത്. വളരെ നേർത്ത നൂലിഴകളിൽ നെയ്‌തെടുക്കുന്നവയാണിവ. ഇരുട്ടുമുറികളിലിരുന്നാണ് ഇവ നെയ്‌തെടുക്കുന്നത്. പ്രകാശമുള്ള സ്ഥലത്തിരുന്ന് നൂറ്റെടുത്താൻ ഇത്രയും നേർത്ത നൂലുകൾ കാണാൻ കഴിയില്ലെന്നതിനാലാണിത്. തീരെ കട്ടിയില്ലാത്ത തുണിയാണ്. 800 രൂപ മുതലാണ് വില. പ്ലെയിൻ നിറങ്ങളിൽ കഥകളിയുടെയും ഈശ്വര ചിത്രങ്ങളുടെയും മറ്റും പ്രിന്റുള്ള ഖാദി സുമുഖ് ഷർട്ടുകൾ , കുട്ടികൾക്കായി ഖാദി മൃദുൽ ഉടുപ്പുകൾ , മുതിർന്നവർക്കായി ഖാദി ചാച്ചാജി ജുബകൾ എന്നിവയാണ് മറ്റു ബ്രാൻഡുകൾ.
ഫാബിയാൻ , ലെഗസി ബ്രാൻഡുകളിൽ ഷർട്ടുകളും നീംചോരി , കാന്താവർക്ക് സാരികളും ഖാദി പുറത്തിറക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവുമൊക്കെ കാരണം ചൂട് കൂടുന്നതിനാൽ ചൂടിനെ തടയുന്ന ഖാദി വസ്ത്രങ്ങൾക്ക് ഉപയോക്താക്കൾ ഏറുകയാണെന്ന് സർവ്വോദയ സംഘം സെക്രട്ടറി എം.കെ.ശ്യാംപ്രസാദ് പറഞ്ഞു.
Content Highlights: Khadi introduces a new brand, Gen Z Khadi, in Kozhikode, aiming to attract the younger generation with modern designs and affordable prices.