സാരിയില്‍ നിറവയറുമായി ദീപിക; 'എന്റെ പ്രിയപ്പെട്ട പിറന്നാള്‍ സമ്മാനമേ'യെന്ന് വിളിച്ച് രണ്‍വീര്‍

ദീപികാ പദുക്കോൺ| ഫോട്ടോ: Instagram/ @deepikapadukone
ദീപികാ പദുക്കോൺ| ഫോട്ടോ: Instagram/ @deepikapadukone

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇതിനൊപ്പം ദീപികയുടെ മെറ്റേണിറ്റി സ്റ്റൈലും ആരാധകര്‍ക്കിടയില്‍ തരംഗമായിട്ടുണ്ട്. സ്വന്തം ബ്യൂട്ടി ബ്രാന്‍ഡിന്റെ പ്രമോഷന് എത്തിയപ്പോള്‍ മഞ്ഞ നിറത്തിലുള്ള എ-ലൈന്‍ ഔട്ട്ഫിറ്റ് അണിഞ്ഞ് നിറവയറുമായെത്തിയ ദീപിക ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബഹുഭാഷാ ചിത്രം കല്‍ക്കിയുടെ പ്രൊമോഷന് കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ വസ്ത്രത്തില്‍ കൂടുതല്‍ സ്‌റ്റൈലിഷായാണ് ദീപിക എത്തിയത്.

ഇപ്പോഴിതാ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങില്‍ നിന്നുള്ള ദീപികയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. പര്‍പ്പ്ള്‍ നിറത്തിലുള്ള ഓര്‍ഗന്‍സ സാരിയിലായിരുന്നു ഇത്തവണ നിറവയറുമായി ദീപിക പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡറില്‍ വെള്ള എംബ്രോയ്ഡറി വര്‍ക്കുള്ള സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ് പെയര്‍ ചെയ്തത്. ബോര്‍ഡറിലുള്ള അതേ വര്‍ക്ക് ബ്ലൗസിലും നല്‍കിയിട്ടുണ്ട്. 

'ഹുക്കും കി റാണി' എന്ന് പേര് നല്‍കിയിട്ടുള്ള ഈ സാരി ഡിസൈന്‍ ചെയ്തത് പ്രശസ്ത ഡിസൈനര്‍ കരണ്‍ തോറാനിയാണ്. 3400 മണിക്കൂറെടുത്ത് ഡിസൈന്‍ ചെയ്‌തെടുത്ത സാരിയുടെ വില 1,39,500 രൂപയാണ്. ഹൈദരാബാദിലെ ചൗമഹല്ല കൊട്ടാരത്തിലെ കൊത്തുപണികളില്‍ നിന്നും കറാച്ചിയിലെ ചൗകണ്ഡി ശവകുടീരങ്ങളിലെ കൊത്തുപണികളില്‍ നിന്നും  പ്രചോദനമുള്‍ക്കൊണ്ടാണ് സാരി നെയ്‌തെടുത്തത്. 

ഈ സാരിക്ക് ഇണങ്ങുന്ന രീതിയില്‍ വെള്ള മുത്തുകള്‍ പതിപ്പിച്ച ചോക്കറും കമ്മലും മോതിരവുമാണ് ആഭരണമായി താരം അണിഞ്ഞത്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും ഐലൈനറും മസ്‌ക്കാരയും ദീപികയ്ക്ക് രാജകീയ ലുക്ക് നല്‍കുന്നു. മുടിയില്‍ ബണ്‍ സ്റ്റൈലാണ് പരീക്ഷിച്ചത്. 

സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'വെള്ളിയാഴ്ച്ച രാത്രിയാണ്, ഒരു പാര്‍ട്ടി ആഗ്രഹിക്കുന്നു' എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. ഇതിന് താഴെ രണ്‍വീര്‍ സിങ് കമന്റ് ചെയ്തിട്ടുണ്ട്. 'ഹേയ്, എന്റെ പ്രിയപ്പെട്ട പിറന്നാള്‍ സമ്മാനമേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നാണ് രണ്‍വീര്‍ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രണ്‍വീറിന്റെ പിറന്നാള്‍. ഇതോടെ രണ്‍വീറിനെ പുകഴ്ത്തിയും പോസ്റ്റിന് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ദീപികയ്ക്ക് രണ്‍വീര്‍ നല്‍കുന്ന പിന്തുണ അളവറ്റതാണെന്നും ഭര്‍ത്താക്കന്‍മാര്‍ ഇത് കണ്ട് പഠിക്കണമെന്നുമെല്ലാമാണ് കമന്റുകള്‍. 

Content Highlights: deepika padukone stuns in purple saree in Anant Ambani and Radhika Merchants sangeet ceremony