സയീദ് കറുത്ത ടീഷർട്ട് അണിഞ്ഞു; ജനങ്ങൾക്കൊപ്പമെന്ന് പറയാൻ ഒബാമ ഷർട്ടിന്റെ കൈകൾ മടക്കിവെച്ചു

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ബരാക് ഒബാമ, അബ്ദുള്‍ എല്‍-സയീദ് | Photo:AFP
ബരാക് ഒബാമ, അബ്ദുള്‍ എല്‍-സയീദ് | Photo:AFP

ലളിതമായ വസ്ത്രധാരണത്തിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ രാഷ്ട്രീയത്തിൽ കൊണ്ടുവരാൻ കഴിയുമോ? ചോദ്യം ലളിതമാണെങ്കിലും ഉത്തരം 'അതെ' എന്ന് തന്നെയാണ് പുതിയകാല രാഷ്ട്രീയം തെളിയിക്കുന്നത്. വർഷങ്ങളായി വെറുമൊരു സാധാരണ വസ്ത്രം എന്ന നിലയിൽ കോട്ടിനുള്ളിലോ മറ്റോ മാത്രം ഉപയോഗിച്ചിരുന്ന 'കറുത്ത ടീഷർട്ട്' ഇന്ന് ലോകരാഷ്ട്രീയത്തിലെ കരുത്തിന്റെ ചിഹ്നമായി മാറി കഴിഞ്ഞിരിക്കുന്നു.

അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം ജനപ്രതിനിധിയായി ചരിത്രം കുറിച്ച ഡെമക്രാറ്റിക് നേതാവ് അബ്ദുൾ എൽ-സയീദ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സ്വീകരിച്ച ശൈലി ഇതിന്റെ ഉദാഹരണമാണ്. ജീൻസിനൊപ്പം ശരീരത്തോട് ചേർന്നുനിൽക്കുന്ന കറുത്ത ടീഷർട്ടും കൈകളിൽ മക്കൾ ഉണ്ടാക്കി നൽകിയ സൗഹൃദ ബാൻഡുകളുമണിഞ്ഞ് പ്രചാരണത്തിനിറങ്ങിയ എൽ-സയീദ് തന്റെ വസ്ത്രധാരണത്തെ വിശേഷിപ്പിച്ചത് 'മിനിമൽ ലുക്ക്, മാക്‌സിമൽ പോളിറ്റിക്‌സ്' എന്നാണ്.

കോർപ്പറേറ്റ് സ്യൂട്ടുകളിൽ നിന്ന് ജനകീയ വേഷത്തിലേക്ക്

പരമ്പരാഗതമായി രാഷ്ട്രീയക്കാർ ധരിക്കാറുള്ള കട്ടിയുള്ള കോർപ്പറേറ്റ് സ്യൂട്ടുകളിൽനിന്നും ഫോർമൽ വസ്ത്രങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഈ പുതിയ ശൈലി. ഭരണവർഗ്ഗത്തിന്റെ ഭാഗമല്ല തങ്ങളെന്ന് വ്യക്തമാക്കാൻ ഇത് ജനങ്ങളെ സഹായിക്കുന്നു.

'കറുപ്പ് നിറം അധികാരത്തെയും ഗൗരവത്തെയും ഒപ്പം കൃത്യമായ നിശ്ചയദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നു. ജോൺ വിക്ക് സിനിമയിലെ കേന്ദ്രകഥാപാത്രത്തെയോ ഹോളിവുഡ് താരം ജേസൺ സ്റ്റാതത്തെയോ ഓർമിപ്പിക്കുന്ന ഈ ലുക്ക്, ഏതു സാഹചര്യത്തിലും കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഒരു നേതാവിന്റെ പ്രതിച്ഛായയാണ് നൽകുന്നത്.' എസ്‌ക്വയർ മാഗസിൻ ലക്ഷ്വറി ഡയറക്ടർ ജോണി ഡേവിസ് പറയുന്നു.

കറുത്ത ടീഷർട്ടിനെ ഒരു രാഷ്ട്രീയ ചിഹ്നമാക്കിയ ഒട്ടേറെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. റഷ്യ-യുക്രെയിൻ യുദ്ധകാലത്ത് യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി കറുപ്പും ഒലീവ് ഗ്രീനും നിറത്തിലുള്ള ടീഷർട്ടുകൾ തന്റെ സ്ഥിരം വേഷമാക്കി. ഇത് ദേശസ്‌നേഹത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായി ലോകം മുഴുവൻ അംഗീകരിച്ചു. ബ്രിട്ടനിലെ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം സാധാരണക്കാരുടെ പ്രതിനിധിയാണെന്ന് കാണിക്കാൻ തെരഞ്ഞെടുത്തതും കറുത്ത ടീഷർട്ടാണ്. മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് തന്റെ രാഷ്ട്രീയ തിരിച്ചുവരവിന് മുന്നോടിയായി സ്യൂട്ടുകൾ ഉപേക്ഷിച്ച് കറുത്ത ടീഷർട്ടും ജീൻസും ധരിച്ചു തുടങ്ങിയത് യുവാക്കളെ ആകർഷിക്കാനായിരുന്നു.

മുൻകാലങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കുന്ന നേതാവാണ് താനെന്ന് കാണിക്കാൻ ബരാക് ഒബാമയെപ്പോലുള്ളവർ കോട്ട് അഴിച്ചുവെച്ച് ഷർട്ടിന്റെ കൈകൾ മടക്കിവെക്കുകയായിരുന്നു പതിവ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ഇത്തരം ശൈലികൾ പിന്തുടർന്നിട്ടുണ്ട്. എന്നാൽ, ഇന്നത്തെ കാലത്ത് ഷർട്ടിന്റെ കൈകൾ മടക്കിവെക്കുക പോലും വേണ്ട, ഒരു കറുത്ത ടീഷർട്ട് ധരിച്ചാൽ തന്നെ ജനങ്ങൾക്ക് കാര്യം മനസ്സിലാകും എന്നാണ് ഫാഷൻ വിദഗ്ദ്ധനായ ഡേവിഡ് ഹെൽക്വിസ്റ്റ് അഭിപ്രായപ്പെടുന്നത്. എൽ-സയീദിന്റെ ഫിറ്റ് വസ്ത്രധാരണം അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെയും കാര്യക്ഷമതയെയുമാണ് സൂചിപ്പിക്കുന്നത്.

സ്റ്റീവ് ജോബ്സ് തന്റെ സ്ഥിരം വേഷമായി കറുത്ത പോളോ നെക്കും ജീൻസും സ്വീകരിച്ചതുപോലെ ഒരു ബ്രാൻഡ് നിർമിച്ചെടുക്കാൻ രാഷ്ട്രീയക്കാർക്കും ഇതിലൂടെ സാധിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയക്കാർ സാധാരണയായി ധരിക്കുന്ന പരമ്പരാഗത ഖാദി കുർത്ത-പൈജാമയിൽനിന്ന് വ്യത്യസ്തമായി ജനകീയവും ലളിതവുമായി പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് വേണ്ടി രാഹുൽ ഗാന്ധി വെള്ളനിറത്തിലുള്ള പോളോ ടീഷർട്ട് അണിഞ്ഞത് ഇത്തരത്തിലൊരു രാഷ്ട്രീയ നീക്കമായിരുന്നു. ലാളിത്യം, സുതാര്യത, സ്ഥിരോത്സാഹം എന്നിവയെയാണ് വെള്ള ടീഷർട്ട് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പറയുകയുമുണ്ടായി. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായി കൊണ്ടുവന്ന വൈറ്റ് ടീഷർട്ട് പ്രസ്ഥാനവും ഇതോടു കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്.

വസ്ത്രത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ലാത്തവിധം ജനസേവനത്തിൽ മുഴുകിയിരിക്കുന്ന വ്യക്തി എന്ന പ്രതിച്ഛായ ലളിതമായി ഉണ്ടാക്കിയെടുക്കാൻ ഇത്തരം സ്ഥിരം വേഷങ്ങൾ സഹായിക്കും. വെളുത്ത ടീഷർട്ടുകൾ 1950-കളിലെ ജെയിംസ് ഡീൻ ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും, അമിതമായി ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നതായി തോന്നിക്കുന്നതിനാലും ഗൗരവമുള്ള രാഷ്ട്രീയ ആശയവിനിമയത്തിന് ഏറ്റവും അനുയോജ്യം കറുപ്പ് തന്നെയാണെന്ന് വിദഗ്ദ്ധർ ഉറപ്പിച്ചുപറയുന്നു.

Content Highlights: Discover how minimal fashion choices, like the black t-shirt, are reshaping political narratives and helping leaders connect with the public effectively.