രാജന്‍ പിള്ളയുടെ ദാരുണ മരണത്തിന് 30 വര്‍ഷം; കൊലയാളികള്‍ ഇപ്പോഴും സ്വതന്ത്രര്‍, നീതി കാത്ത് ഭാര്യ

അതൊരു വെള്ളിയാഴ്ചയായിരുന്നു. തിഹാര്‍ ജയിലിന്‍റെ ഇരുട്ടറകളില്‍നിന്ന് ഒരു മനുഷ്യന്‍ ജീവന് വേണ്ടി അലറിക്കരഞ്ഞ ദിനം. 1995 ജൂലായ് ഏഴിനാണ് ഇന്ത്യയെ ഞെട്ടിച്ച ആ സംഭവമുണ്ടായത്. ലോകത്തെ ബിസിനസ് പ്രമുഖരുടെ പട്ടികയില്‍ മുന്‍നിരക്കാരനായ മലയാളിവ്യവസായി രാജന്‍പിള്ള തിഹാര്‍ ജയിലില്‍ തടവിലിരിക്കെ മരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ശതകോടീശ്വരന്‍ എന്ന പെരുമ ഏറ്റുവാങ്ങിയ അദ്ദേഹം ആ രാത്രിയോടെ ഒരു ഓര്‍മ മാത്രമായി. ആ ജീവന്‍ എങ്ങനെ അപകടത്തിലായെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍ക്കുന്നു. നിഗൂഢമായ ആ മരണത്തിന് 2025 ജൂലായ് ഏഴിന് മുപ്പതുവര്‍ഷമാവുമ്പോഴും ഉള്ളില്‍ കണ്ണീര്‍ നിറയുന്ന ഓര്‍മകളുമായി ഒരാള്‍ ഡല്‍ഹിയിലുണ്ട്. അന്ന് രാത്രിയിലെ കട്ടപിടിച്ച ഇരുട്ടില്‍ ജയിലറയ്ക്ക് അകത്ത് തന്‍റെ പ്രിയപ്പെട്ടയാള്‍ ജീവന് വേണ്ടി പിടയ്ക്കുന്നത് കണ്ട നീനാപിള്ള. സ്വന്തം പ്രാണനായി കരുതിയ ആളെ ചിലര്‍ ഇല്ലാതാക്കുന്നത് നിസ്സഹായയായി കണ്ടുനില്‍ക്കേണ്ടി വന്ന ഭാര്യ.
'ജൂലായ് മാസം എത്തുമ്പോള്‍ എനിക്കതെല്ലാം ഓര്‍മ വരും. ചെറിയൊരു വാതില്‍ക്കുഴലിലൂടെയാണ് ഞാനാ കാഴ്ച കാണുന്നത്. സിമന്‍റ് തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയാണ് രാജന്‍. അത് ഓര്‍ക്കുമ്പോള്‍ ഇന്നും ശരീരത്തിലാകെ ഒരു വിറ പടരും. ഏതോ ആഴമുള്ളൊരു കുഴിയിലേക്ക് ഞാന്‍ വീണുപോവുന്നതുപോലെ തോന്നും. അന്നുണ്ടായ ആഘാതം എനിക്കിപ്പോഴും മാറിയിട്ടില്ല. അദ്ദേഹത്തിനാവട്ടെ ഇനിയും നീതി കിട്ടിയിട്ടുമില്ല. അതുകൊണ്ട് എന്‍റെ പോരാട്ടം അനന്തമായി തുടരുകയാണ്...'ഡല്‍ഹിയിലെ വസതിയിലിരുന്ന് നീനാപിള്ള ഓര്‍മിച്ചു. നീതി തേടിയുള്ള അവരുടെ പോരാട്ടത്തിനും ഇപ്പോള്‍ മുപ്പതുവയസ്സാവുകയാണ്.
'ഈയൊരു കേസിന് പിന്നാലെ ഓടി ഞാന്‍ സാമ്പത്തികമായി ആകെ തകര്‍ന്നിരുന്നു. ആ തുകയുണ്ടെങ്കില്‍ എത്രയോ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും വീടില്ലാത്തവര്‍ക്ക് അതുണ്ടാക്കാന്‍ സഹായിക്കാനുമെല്ലാം കഴിഞ്ഞേനെ. പക്ഷേ എന്‍റെ ഭര്‍ത്താവ് നേരിട്ട അനീതിയെ എനിക്ക് മറക്കാന്‍ പറ്റില്ല. അദ്ദേഹത്തെ ഇരയാക്കിയവരോട് പൊറുക്കാനുമാവില്ല. 'നീന പറയുന്നു.
ഇന്ത്യയില്‍ വ്യവസായരംഗത്ത് ഹരിശ്രീ കുറിച്ച രാജന്‍പിള്ള വിദേശത്തേക്ക് ചേക്കേറിയതോടെയാണ് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനാവുന്നത്. സിംഗപ്പുരിലും ലണ്ടനിലുമായി നിരവധി സംരംഭങ്ങളിലൂടെ അദ്ദേഹം കോടീശ്വര പദവിയിലെത്തി. ബ്രിട്ടാനിയ ബിസ്‌കറ്റ് കമ്പനിയുടെ നടത്തിപ്പുകാരനായ അദ്ദേഹത്തെ ആരാധകര്‍ ബിസ്‌കറ്റ് രാജാവ് എന്ന പേരിലാണ് വിളിച്ചിരുന്നത്. രാവിലെ സിംഗപ്പൂരില്‍ നിന്ന് പ്രഭാതഭക്ഷണം കഴിക്കുന്ന രാജന്‍പിള്ള ഡല്‍ഹിയില്‍വന്ന് ഉച്ച ഭക്ഷണം കഴിക്കുമെന്നും രാത്രി ലണ്ടനില്‍ ഉറങ്ങുമെന്നുമൊക്കെയായിരുന്നു അന്നത്തെ അതിശയിപ്പിക്കുന്ന വാര്‍ത്തകള്‍. അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ എതിരാളികള്‍ അസൂയപ്പെട്ടു. ആയിടയ്ക്ക് സിംഗപ്പൂരിലുണ്ടായ ഒരു കേസിനെത്തുടര്‍ന്ന് രാജന്‍പിള്ള മാതൃരാജ്യത്തിലേക്ക് അഭയം തേടിയെത്തി. പക്ഷേ ഡല്‍ഹിയില്‍ വിമാനമിറങ്ങിയതും അദ്ദേഹം അറസ്റ്റിലായി. തുടര്‍ന്ന് തിഹാര്‍ ജയില്‍വാസം. മൂന്നാംദിവസം ജയിലിലെ ഇരുട്ടറയില്‍ അന്ത്യം. അന്ന് മുതല്‍ നീനാപിള്ള പൊരുതുകയാണ്. തന്‍റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയ എതിരാളികള്‍ക്കെതിരെ,അദ്ദേഹത്തിന് നീതി നിഷേധിച്ച സംവിധാനങ്ങള്‍ക്കെതിരെ. ഏകാന്തമായ ആ പോരാട്ടത്തിനിടയില്‍ ഏറെ സങ്കടക്കടലുകള്‍ അവര്‍ നീന്തി കടന്നിട്ടുണ്ട്. പ്രതിസന്ധികളില്‍ വീണുപോവാതെ, ഈ മൂന്നുപതിറ്റാണ്ട് മുന്നോട്ടുപോയ അനുഭവങ്ങളാണ് ഈ സംസാരത്തില്‍ നിറയുന്നത്.
രാജന്‍ പിള്ളയുടെ ദാരുണമായ മരണത്തിന് മുപ്പത് വര്‍ഷം തികയുന്നു. ഇപ്പോഴും അദ്ദേഹത്തിന് നീതി കിട്ടിയില്ലെന്ന് തോന്നുന്നുണ്ടല്ലേ...?
നീതി വൈകുന്നത് നീതി നിഷേധിക്കപ്പെട്ടതിന് തുല്യമാണെന്ന് ഒരു ചൊല്ലുണ്ട്. രാജന്‍ പിള്ളയുടെ കൊലപാതകത്തെയും അതിനു പിന്നിലെ ഗൂഢാലോചനയെയും കുറിച്ചുള്ള ഒരു നിഗമനത്തിലെത്താന്‍ 30 വര്‍ഷത്തെ കാലതാമസം എടുത്തത് ഒരു ദുരന്തമാണെന്നാണ് എനിക്ക് തോന്നുന്നത്. രാജന്‍ മരിച്ച് ഒരാഴ്ചക്ക് ശേഷം ബ്രിട്ടീഷ് മാഗസിന്‍ ആയ ദി 'സ്‌പെക്ടെറ്റ'റില്‍ അവിടുത്തെ രാജ്ഞിയുടെ അഭിഭാഷകനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ അലന്‍ ജോണ്‍സ് എഴുതി. 'രാജന്‍ പിള്ളയെ ആരാണ് കൊന്നത്? കേരളത്തില്‍ നിന്നു വന്ന ഏറെ ദയാലുവും സൗമ്യനുമായ രാജനെപ്പോലെ ഒരു വ്യക്തിക്ക് തിഹാര്‍ ജയിലില്‍ അപമാനകരമായ ഒരു മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഇതൊരു ദുരന്തമാണ്....'അദ്ദേഹത്തിന്‍റെ ഈ വാക്കുകള്‍ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കും രാജന്‍റെ ബിസിനസ്സ് എതിരാളികള്‍ക്കും നേരെ വിരല്‍ ചൂണ്ടുന്നുണ്ട്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ രാജനെ പരാജയപ്പെടുത്തി എന്ന് കരുതുന്നുണ്ടോ?
ഇവിടുത്തെ കോടതികള്‍ പലതവണ എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഈ നീണ്ട വിചാരണയില്‍ അവ എന്നെ പരാജയപ്പെടുത്തി. സുപ്രീം കോടതിയില്‍ നിന്ന് രാജന്‍റെ കേസ് സിബിഐ അന്വേഷിക്കണമെന്ന് വിധി ലഭിച്ചപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചതാണ്. അതുവരെ മജിസ്ട്രേറ്റുകള്‍ അന്വേഷണത്തിന് ഉത്തരവിട്ട കേസുകളില്‍ നിന്നും വ്യത്യസ്തമായി, പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിന്‍റെ കൊലയാളികളെ വേട്ടയാടിയ അതേ സിബിഐ സംഘം തന്നെ രാജന്‍റെ മരണവും അന്വേഷിക്കുമെന്ന് അറിഞ്ഞപ്പോള്‍ സത്യം തെളിയുമെന്ന് വിശ്വസിച്ചു. അവര്‍ മികച്ച ടീമായിരുന്നു, ആദ്യ വര്‍ഷം എല്ലാം ഭംഗിയായി നടന്നു.
പിന്നെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളുണ്ടായി. സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും സിബിഐയെ കീഴടക്കി, കാലതാമസം കാരണം അവരും നിസ്സഹായരായി. സമയം കടന്നുപോയി, പല സാക്ഷികളും രാജനെ അറിയില്ലെന്ന് നടിച്ചു, ചിലര്‍ക്ക് ഓര്‍മകളില്ലാതായി. ചിലര്‍ മരിച്ചു. അങ്ങനെ കേസിലെ തെളിവുകള്‍ ഓരോന്നായി ഇല്ലാതാവുന്നു. നീതിയിലെ ഈ കാലതാമസം എല്ലാ കേസുകളിലും കോടതികള്‍ പരിഗണിക്കേണ്ടതുണ്ട്.
പക്ഷേ, ഒരു കാര്യം അറിയാമോ? രാജന്‍റെ കാര്യത്തില്‍ എല്ലാം ഇന്നലെ സംഭവിച്ചതുപോലെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. അതിനാല്‍, പരാതിക്കാരി എന്ന നിലയില്‍ എനിക്ക് സ്വന്തമായി ക്രോസ് വിസ്താരം നടത്താം. ആ രീതിയില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിച്ചാല്‍ രാജന് നീതി ലഭിക്കും. ഇനിയെങ്കിലും അങ്ങനെ സംഭവിക്കുമെന്ന് എനിക്ക് ആഗ്രഹിക്കാനേ കഴിയൂ. ഭാവിയില്‍, കോടതികളില്‍ ഡിജിറ്റൈസേഷന്‍പോലുള്ള കാര്യങ്ങളെല്ലാം നടന്നാല്‍ എനിക്കും നീതി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
രാജന്‍റെ അറസ്റ്റിനെക്കുറിച്ച് ആദ്യം അറിഞ്ഞ നിമിഷം. വൈകാരികമായും മാനസികമായും അപ്പോള്‍ അനുഭവിച്ച സംഘര്‍ഷം. അന്ന് എന്താണ് സംഭവിച്ചത്?
ഞാന്‍ ബാങ്കോക്കില്‍ നിന്ന് നാട്ടിലേക്ക് തിരികെ വരുന്ന ദിവസമാണ് രാജന്‍ അറസ്റ്റിലാവുന്നത്. ഞങ്ങള്‍ ഏറ്റെടുത്ത തായ് അഗ്രി കമ്പനിക്ക് വേണ്ടിയുള്ള ചില ജോലികള്‍ പൂര്‍ത്തിയാക്കാനും സിംഗപ്പൂരില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ നാട്ടിലെത്തിക്കാനുമായി അദ്ദേഹം എന്നെയും കുടുംബത്തെയും അയച്ചതായിരുന്നു. അങ്ങനെ ഞാന്‍ വന്നിറങ്ങിയപ്പോള്‍ അദ്ദേഹം അറസ്റ്റിലായെന്ന വാര്‍ത്തയാണ് അറിയുന്നത്. അപ്പോള്‍ ഞാന്‍ നേരെ ജയിലിലേക്കാണ് പോയത്. പാതി അടച്ച വാതിലിലൂടെ ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം എനിക്ക് നേരെ കൈവീശി. അപ്പോഴേക്കും ആ വാതില്‍ അടച്ചുകളഞ്ഞു.
എനിക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞു. പക്ഷേ അത് എന്‍റെ ജീവിതത്തിലെ ഏറ്റവും ഞെട്ടിക്കുന്ന ദിവസമായിരുന്നു. എനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ പ്രിയപ്പെട്ടവന്‍ ജയിലില്‍. എത്രയോ വലിയ ചുറ്റുപാടില്‍ ജീവിച്ചയാള്‍ ഇതാ അഴിക്കുള്ളില്‍. അന്ന് ആ ജയിലിനുള്ളില്‍ നല്ല ചൂടായിരുന്നു. വെറും സിമന്‍റ് തറയില്‍ അതും സഹിച്ച് നില്‍ക്കുകയാണ് അദ്ദേഹം. അന്ന് കോടതിയിലേക്ക് കൊണ്ടു പോകുന്നതിനുമുമ്പ് ഞങ്ങള്‍ പരസ്പരം കണ്ടു. അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ അതുവരെ കാണാത്തൊരു പേടിയുണ്ടായിരുന്നു. ഞാന്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. എന്താണിങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്‍റെ ആ വാക്കുകള്‍ എന്നെ തകര്‍ത്തുകളയുകയായിരുന്നു. അന്ന് കോടതിയില്‍ കയറിനിന്ന് ഞാനിതെല്ലാം വിളിച്ചു പറഞ്ഞു. പക്ഷേ ആരും എന്‍റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തില്ല. എല്ലാവരും എന്‍റെ സംസാരം നിയന്ത്രിക്കുകയായിരുന്നു.
20 വര്‍ഷത്തോളം വിദേശത്ത് മനോഹരമായി ജീവിച്ചവരാണ് ഞങ്ങള്‍. എന്നിട്ടോ,സ്വന്തം നാട്ടില്‍ അദ്ദേഹത്തെ കാത്തിരുന്നത് ജയിലഴി. എന്നാലും ഇന്ത്യ ഞങ്ങളുടെ മാതൃരാജ്യമല്ലേ. വൈകിയാലും നീതി ലഭിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു. കള്ളങ്ങള്‍ പൊളിയുന്ന നേരം വരുമെന്ന് ചിന്തിച്ചു. ഞാന്‍ അദ്ദേഹത്തിന്‍റെ മോചനത്തിനായി പരമാവധി പരിശ്രമിച്ചു. പക്ഷേ...
പിന്നെ നിങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ലേ?
ജൂലായ് ഏഴ്. ആ ദിവസം എനിക്ക് മറക്കാനാവില്ല.അന്ന് ഉച്ചകഴിഞ്ഞ് ഞാന്‍ എന്‍റെ സഹോദരനെയും കൂട്ടി തിഹാര്‍ ജയിലിലേക്ക് പോയി. ജയില്‍ ഗേറ്റില്‍ പോലീസുകാര്‍ ഞങ്ങളെ തടഞ്ഞു. അകത്തേക്ക് കടത്തി വിടാന്‍ രണ്ട് മണിക്കൂറോളം അവരുടെ ദയ കാത്തുനില്‍ക്കേണ്ടി വന്നു. അവര്‍ എന്നെ ജയിലിന്‍റെ ഗേറ്റിലേക്ക് കയറാന്‍ അനുവദിച്ചു. അവിടുത്തെ വാതിലിന്‍റെ ചെറിയ ദ്വാരത്തിലൂടെ നോക്കിയപ്പോള്‍ രാജന്‍ ഒരു കോണ്‍ക്രീറ്റ് ബെഞ്ചില്‍ കിടക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന് നല്ല പനിയുണ്ടെന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് മനസ്സിലായി. ശ്വാസമെടുക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. നെഞ്ച് മുകളിലേക്കും താഴേക്കും കഷ്ടപ്പെട്ട് വലിഞ്ഞ് മുറുകുന്നു. വയര്‍ വീര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ തലയുടെ ഭാഗത്ത് എന്തോ വെച്ചിരിക്കുന്നത് കണ്ടു. പിന്നീട് ലീലാസേത്ത് കമ്മീഷന്റെ (രാജന്‍പിള്ളയുടെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍) കണ്ടെത്തല്‍ അത് ചൂടുവെള്ളമായിരുന്നുവെന്നാണ്. അദ്ദേഹത്തിന്‍റെ പനി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍.
അന്ന് രാജന് ഡയസ്പാം കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. ഒരു കരള്‍ രോഗിക്ക് ഈയൊരു ഇഞ്ചക്ഷന്‍ നല്‍കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തെ കൊല്ലാന്‍ നടന്ന ഗൂഢാലോചനയാണ്. ഇതെല്ലാം എന്‍റെ കണ്‍മുന്നില്‍ ഞാന്‍ കണ്ടതാണ്.
അവര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചില്ലേ?
അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിലേക്ക് രക്തം ഒഴുകിയെത്തുന്നതുവരെ അവര്‍ കാത്തിരുന്നു. അദ്ദേഹത്തെ അവിടെ പിടിച്ചുകിടത്തി. ഇതുകണ്ട് അവശയായ എന്‍റെ നിലവിളിയും അലര്‍ച്ചയും അവര്‍ അവഗണിച്ചു. ഏറെ നേരം കാത്തിരുന്നിട്ടാണ് രാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. അവിടെയാണെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം ഉറപ്പാക്കാന്‍ പോലും അവര്‍ ശ്രമിച്ചില്ല. കാരണം അവര്‍ക്ക് അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കണമായിരുന്നു. രാത്രി 8.30ന് രാജന്‍ പോയി.
ഈയൊരു ദിവസത്തെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് വല്ലാതെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. ഞാന്‍ മുമ്പ് ഇതിനെക്കുറിച്ച് ഇത്രയും വിശദമായി സംസാരിച്ചിട്ടില്ല. പക്ഷേ ഇന്ന്, എനിക്ക് ശക്തി സംഭരിക്കാനും രാജന് സംഭവിച്ച ദാരുണവും അസാധാരണവുമായ സാഹചര്യങ്ങള്‍ നിങ്ങളോട് പറയാനും കഴിയുന്നുണ്ട്. അദ്ദേഹം കൊല്ലപ്പെട്ടു. അതാണ് സത്യം. രാജന്‍ പിള്ളയുടെ കൊലയാളികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. പക്ഷേ ഒരു ദിവസം, ദൈവത്തിന്‍റെ കോടതിയില്‍ അവരെ വിചാരണയ്ക്ക് വിധേയരാക്കുകയും ശിക്ഷിക്കുകയും ചെയ്യും. ഇന്ത്യയിലെ കോടതികളില്‍ നിന്ന് എനിക്ക് അര്‍ഹമായൊരു പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല, എങ്കിലും നമ്മുടെ നീതിന്യായ സംവിധാനത്തില്‍ ഞാന്‍ വളരെയധികം വിശ്വസിക്കുന്നു, ഇപ്പോഴും ഒരു അത്ഭുതത്തിനായി കാത്തിരിക്കുന്നു.
ജീവിതത്തില്‍ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗമുണ്ടാക്കിയ ശൂന്യത മറികടക്കുന്നത് അത്ര എളുപ്പമല്ലല്ലോ?
രാജന്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഞാന്‍ കുറെയൊക്കെ പരിശ്രമിച്ചു. പക്ഷേ പരാജയമായിരുന്നു ഫലം. എങ്കിലും എന്നെ മുന്നോട്ട് നയിച്ചത് ഒരേയൊരു കാര്യമാണ്. രാജന്‍റെ ജീവനെടുത്ത വ്യവസ്ഥിതിയോടുള്ള പോരാട്ടം. അതുവരെ ഒരു ഇന്ത്യന്‍ വ്യവസായിക്കും അസൂയാലുക്കളായ എതിരാളികളുടെ പീഡനത്തിലൂടെയും ക്രൂരതയിലൂടെയും ജീവന്‍ നഷ്ടമായിട്ടില്ല. ആ യാഥാര്‍ത്ഥ്യത്തെ ഒരിക്കലും എനിക്ക് നേരിടാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ പ്രാര്‍ത്ഥനയിലൂടെ പലപ്പോഴും ഞാന്‍ പിടിച്ചുനിന്നു. ഇടയ്ക്കിടെ ഞാന്‍ ഭഗവദ്ഗീത തുറന്ന് വായിക്കും. ആ വായനയിലൂടെ കുറച്ചൊക്കെ ശക്തി കിട്ടി. കരഞ്ഞു തളര്‍ന്നുപോയ എത്രയോ നിമിഷങ്ങളുണ്ട്. പക്ഷേ,അതുകഴിഞ്ഞാല്‍ എവിടെനിന്നോ ഒരു ധൈര്യം കിട്ടാറുണ്ട്. രാജന് നിഷേധിക്കപ്പെട്ടുവെന്ന് ഞാന്‍ വിശ്വസിക്കുന്ന നീതിക്കുവേണ്ടി എനിക്ക് പോരാടിയേ പറ്റൂ എന്ന യാഥാര്‍ത്ഥ്യം എന്നെ എഴുന്നേല്‍പ്പിക്കും. അദ്ദേഹത്തിനും ജീവിക്കാനുള്ള അവകാശമുണ്ടായിരുന്നു. നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവകാശമാണിത്. ഓരോ ഇന്ത്യക്കാരനും തന്‍റെ രാജ്യത്ത് നിന്ന് പ്രതീക്ഷിക്കുന്നതാണത്.പക്ഷേ രാജന് മാത്രം അത് ലഭിച്ചില്ല.
എന്‍റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ദിവസമായിരുന്നു ജൂലായ് ഏഴ്. ഓര്‍മ്മകള്‍ എന്നെ അലട്ടുന്ന ദിവസം. പക്ഷേ ഈ മുപ്പതാം വര്‍ഷവും ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം രാജന്‍ എന്നോടൊപ്പമുണ്ടെന്ന തോന്നലുണ്ട്. അദ്ദേഹത്തിന്‍റെ ആത്മാവ് കൂടെയുണ്ട്. ഞങ്ങള്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യാറുണ്ട്. എന്‍റെ പ്രശ്‌നങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറയും. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ അതിന് അത്ഭുതകരമായ പരിഹാരമുണ്ടാവാറുണ്ട്.
രാജന്‍പിള്ളയുടെ മരണശേഷം നീതിക്കുവേണ്ടി പരസ്യമായി പോരാടാനുള്ള ശക്തി എങ്ങനെ കൈവരിച്ചു?
രാജന് നീതി ലഭിക്കാനുള്ള പോരാട്ടമാണ് അദ്ദേഹത്തിന്‍റെ മരണശേഷം എന്നെ മുന്നോട്ട് നയിച്ചതെന്ന് പറഞ്ഞല്ലോ. അദ്ദേഹം നേരിട്ട അനീതി എന്‍റെ മനസ്സില്‍ വലിയ മുറിവാണുണ്ടാക്കിയത്. അദ്ദേഹം സമൂഹത്തില്‍ അറിയപ്പെടുന്നയാളായിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ബിസിനസ്സുകാരുടെയുമെല്ലാമിടയില്‍ രാജന് നിറയെ സുഹൃത്തുക്കളുണ്ടായിരുന്നു. പല മേഖലയിലുള്ളവരും അദ്ദേഹത്തിന്‍റെ അഭ്യുദയകാംക്ഷികളായിരുന്നു. രാജന്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലെത്തുമ്പോള്‍ ഒരുപാട് സുഹൃത്തുക്കള്‍ ഒപ്പം ചേരും. അവര്‍ക്കെല്ലാം വേണ്ടി അദ്ദേഹം കഴിയാവുന്ന അത്രയും കൂടെ നില്‍ക്കും. പക്ഷേ രാജന്‍റെ മരണശേഷം എല്ലാവരും ഞങ്ങളെ ഉപേക്ഷിച്ചു. ഏറെ ശക്തിയുള്ള ഏതോ ഒരാളെ ഭയക്കുന്ന പോലെയായിരുന്നു പലരുടെയും പെരുമാറ്റം. പിന്നീടാണ് എനിക്ക് മനസ്സിലായത്, അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ആ ശക്തിയെന്ന്. അതോടെ രാജനെ വിസ്മൃതിയിലേക്ക് തള്ളാനാണ് പലരും ആഗ്രഹിച്ചത്. പക്ഷേ അന്ന് ഞാന്‍ തീരുമാനിച്ചു. ആരൊക്കെ മറന്നാലും ഞങ്ങള്‍ രാജനെ ഉയര്‍ത്തിപ്പിടിക്കുമെന്ന്...ഞാനും മക്കളും രാജന്‍റെ പേര് ജീവിതത്തോട് ചേര്‍ത്ത് വെച്ചു. രാജന്‍ ചെയ്ത നല്ല കാര്യങ്ങള്‍ അതേപടി തുടരാന്‍ തീരുമാനിച്ചു. നീന രാജന്‍പിള്ളയും ശിവ രാജന്‍ പിള്ളയും കൃഷ്ണ രാജന്‍ പിള്ളയും ഇവിടെയുള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ പാരമ്പര്യം തുടരുക തന്നെ ചെയ്യും. ആ തീരുമാനമെടുത്ത നിമിഷത്തിലാണ് എന്‍റെ പോരാട്ടം തുടങ്ങുന്നത്.
ജയിലില്‍നിന്ന് അദ്ദേഹത്തെ കൊണ്ടുപോയ ആശുപത്രിയിലെ അവസ്ഥയെല്ലാം ഭയാനകമായിരുന്നു. അത്രയും വലിയ ഒരാള്‍ക്ക് അയാള്‍ ഒരിക്കലും അര്‍ഹിക്കാത്ത ഒരു മരണം സ്വീകരിക്കേണ്ടി വന്നു. അതായിരുന്നു ആ കസ്റ്റഡി മരണം. അതിലെ സത്യം പുറത്തുകൊണ്ടുവരാന്‍ എനിക്ക് പോരാടേണ്ടിയിരുന്നു. എന്‍റെ പോരാട്ടം വിജയിക്കുമെന്ന് വിശ്വസിച്ചവരുണ്ടായിരുന്നു. പക്ഷേ സമ്പന്നരും ശക്തരുമായ ആളുകളുടെ ഭാഗത്തുനിന്നുള്ള പല തരം സമ്മര്‍ദ്ദങ്ങളാല്‍ ആ കേസ് ഇന്നും പൂര്‍ണമായി അവസാനിച്ചിട്ടില്ല.
പോയ മുപ്പതുവര്‍ഷങ്ങളായി തുടരുന്ന ഒരു ഒറ്റയാള്‍ പോരാട്ടം, അവിശ്വസനീയമായി തോന്നുന്നു ഈ യാത്ര. ?
എന്‍റെ ഉള്ളില്‍ നിന്നാണ് എനിക്ക് ശക്തി ലഭിച്ചത്. ഞാന്‍ സംസാരിച്ച ആളുകളില്‍ നിന്നും എന്നെ പിന്തുണച്ച ആളുകളില്‍ നിന്നും എന്നെ പോരാടാന്‍ പ്രോത്സാഹിപ്പിച്ച ആളുകളില്‍ നിന്നുമാണ് ഞാന്‍ ഊര്‍ജം കണ്ടെത്തിയത്. അങ്ങനെ നല്ല ആളുകളുടെ കൂട്ടായ പരിശ്രമത്താലാണ് ഞാന്‍ ഈ മൂന്ന് പതിറ്റാണ്ടും മുന്നോട്ട് പോയത്. പക്ഷേ 30 വര്‍ഷത്തിലേറെയായി തുടരുന്ന ഈ കേസുണ്ടാക്കിയ സാമ്പത്തിക ബാധ്യതയില്‍ ഞാന്‍ ആകെ തകര്‍ന്നുപോയി. ആ പണം ചെലവഴിച്ചാല്‍ ഒരുപാട് പേരെ സഹായിക്കാമായിരുന്നു. കേസിനുവേണ്ടി അത്രയ്ക്ക് ചെലവുണ്ടായിട്ടുണ്ട്.
എന്നാലും എന്‍റെ പ്രിയപ്പെട്ടവന്‍ വലിയൊരു അനീതിക്ക് ഇരയായതിന്‍റെ രോഷം ഉള്ളില്‍ കിടന്ന് തിളയ്ക്കുമ്പോള്‍ എനിക്ക് ഈ പോരാട്ടം തുടര്‍ന്നേ പറ്റൂ. ആര്‍ക്കും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാതിരിക്കട്ടെ. എന്‍റേത് ഒരു ഒറ്റപ്പെട്ട പോരാട്ടമാവട്ടെ എന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന.
നിയമപരമായ പരിഹാരത്തിനുവേണ്ടി അലയുന്നതിനിടെ താങ്കള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു ?
അദ്ദേഹത്തിന്‍റെ കസ്റ്റഡി മരണത്തിന് ശേഷം ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നവും വെല്ലുവിളിയും അതില്‍ ഉള്‍പ്പെട്ട ആളുകളുടെ പണത്തിന്‍റെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്‍റെയും ശക്തിയായിരുന്നു. ആളുകളെ നിശ്ശബ്ദരാക്കുക, വിലയ്ക്ക് വാങ്ങുക, കേസിന്‍റെ പ്രധാന തെളിവുകള്‍ ഇല്ലാതാക്കുക തുടങ്ങിയ പ്രവൃത്തികള്‍ എനിക്ക് തടയാന്‍ കഴിഞ്ഞില്ല. കാരണം എനിക്ക് പരിമിതമായ വിഭവങ്ങളേ കൈയിലുണ്ടായിരുന്നുള്ളു. അന്ന് പതിനൊന്ന് വയസ്സും ഒന്നര വയസ്സുമുള്ള രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് ഞാന്‍. ഇന്ന് അവര്‍ക്ക് 30 ഉം 40 ഉം വയസ്സുണ്ട്, മക്കള്‍ കൃഷ്ണനും ശിവനും. അവര്‍ എന്‍റെ ശക്തിയാണ്. ഇന്ന് എന്നെയും എന്‍റെ നിലപാടുകളെയും ഉയര്‍ത്തിപ്പിടിക്കുന്നത് അവരാണ്. അവര്‍ക്ക് അവരുടെ പിതാവിന്‍റെ എല്ലാ സ്വഭാവവും കിട്ടിയിട്ടുണ്ട്. എന്‍റെ ജീവിതത്തിലെ ഏത് പ്രശ്നങ്ങളിലും അവര്‍ കൂടെയുണ്ടാവും. 90 വയസ്സുള്ള എന്‍റെ അമ്മയും കൂടെയുണ്ട്, ഒരു കുടുംബം കൂടെയുണ്ടാവുന്നത് എത്രത്തോളം സന്തോഷകരമാണെന്നോ...
വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ പ്രൗഢിയില്‍നിന്ന് രാജന്‍പിള്ളയുടെ മരണത്തോടെ ഒന്നുമില്ലായ്മയിലേക്ക് വീഴുകയായിരുന്നല്ലോ. എങ്ങനെയാണ് സാമ്പത്തിക സുരക്ഷിതത്വം കണ്ടെത്താന്‍ ശ്രമിച്ചത്?
സത്യം പറഞ്ഞാല്‍, ബിസിനസ്സ് എന്‍റെയും രക്തത്തിലുണ്ട്. ഞാന്‍ പല സംരംഭങ്ങളും പരീക്ഷിച്ചു, പക്ഷേ എനിക്ക് മൂന്നോ നാലോ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആദ്യമൊക്കെ ഒരു ഭ്രാന്തിയെപ്പോലെ മള്‍ട്ടി ടാസ്‌കിംഗ് ചെയ്യുകയായിരുന്നു. സാമ്പത്തികമായി ഏറെ ദുര്‍ബലമായ ഘട്ടങ്ങളിലൂടെ ഞാന്‍ കടന്നുപോയി. എന്‍റെ വിലയേറിയ ആഭരണങ്ങള്‍ വിറ്റുകളഞ്ഞു. ഞാന്‍ നിധിപോലെ സൂക്ഷിച്ചിരുന്ന പെയിന്‍റിങ്ങുകള്‍ വിറ്റു. പക്ഷേ അവയെല്ലാം വെറും ഭൗതിക വസ്തുക്കളാണെന്ന് അപ്പോഴേക്കും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.
അവ എനിക്ക് ഒരിക്കലും പ്രധാനമായിരുന്നില്ല. ഇന്ന് വീട് വിറ്റ് മറ്റൊരിടത്തേക്ക് മാറാന്‍ പറഞ്ഞാല്‍ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് എനിക്കത് സാധിക്കും. കാരണം ഞാന്‍ മനസ്സുകൊണ്ട് ഒരു നാടോടി ആണ്. രാജന്‍ എന്നെ പഠിപ്പിച്ചത് അങ്ങനെയാണ്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലെത്തിയാലും ചിലപ്പോള്‍ നേരെ താഴേക്ക് വീണുപോയേക്കാമെന്ന് രാജന്‍ എന്നോട് പറയുമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ സിംഗപ്പൂര്‍ വിട്ട് ലണ്ടനിലേക്ക് പോയി, പത്ത് വര്‍ഷത്തിന് ശേഷം ലണ്ടന്‍ വിട്ട് സിംഗപ്പൂരിലേക്ക് മടങ്ങി. ഇടയ്ക്ക് ഞങ്ങള്‍ ന്യൂയോര്‍ക്കിലും പാരീസിലും ആയിരുന്നു,
അങ്ങനെ ഞാന്‍ മനസ്സുകൊണ്ട് ഒരു നാടോടിയായി. അന്നേ ഭൗതിക സ്വത്തുക്കളോടൊന്നും അടുപ്പമില്ലായിരുന്നു, അവ തത്കാലം ഉപയോഗിക്കാന്‍ വേണ്ടിയുള്ളത് മാത്രമാണ്. നാളെ അത് മറ്റാരുടേതോ ആകാം. അതാണ് പ്രകൃതി നിയമം. ഒന്നും നമ്മുടേതല്ല. നമ്മള്‍ വെറുംകൈയോടെ വരുന്നു, വെറുംകൈയോടെ പോകുന്നു. നമുക്ക് ആകെ ചെയ്യാനാവുന്നത് നമ്മള്‍ ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളമോ പാരമ്പര്യമോ അവശേഷിപ്പിക്കുക എന്നതാണ്. ഇങ്ങനെയൊക്കെയുള്ള വിശ്വാസപ്രമാണങ്ങളില്‍ മുന്നോട്ട് പോയി.ഇപ്പോഴെനിക്ക് ഡല്‍ഹിയില്‍ ആര്‍ട്ട് ബിസിനസുണ്ട്.അതില്‍നിന്ന് മോശമല്ലാത്ത വരുമാനമുണ്ട്.
ഭര്‍ത്താവും പിതാവും എന്ന നിലയില്‍ രാജന്‍ എങ്ങനെയായിരുന്നു?
ഉദാരമതിയായിരുന്നു രാജന്‍. അങ്ങനെയുള്ള അപൂര്‍വ മനുഷ്യരിലൊരാള്‍. ഊഷ്മളമായി പെരുമാറുമായിരുന്നു രാജന്‍. ഒരുപാട് സ്‌നേഹമുള്ളയാളായിരുന്നു, ഞങ്ങളോടും കുടുംബത്തോടും മാത്രമല്ല, അദ്ദേഹത്തെ അറിയുന്ന എല്ലാവരോടും. ലാളിത്യമാര്‍ന്ന ജീവിതശൈലിയായിരുന്നു. എപ്പോഴും വെള്ള ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ധരിക്കുന്നത്. കണ്ടാലൊരു യൂണിഫോം പോലെ തോന്നും. പക്ഷേ അതെല്ലാം നിലവാരമുള്ളതായിരിക്കും.
അസാധാരണമായ ബുദ്ധിശക്തിയും ജോലിയോടുള്ള പ്രതിബദ്ധതയുമാണ് അദ്ദേഹത്തെ വലിയൊരു ബിസിനസ്സുകാരനാക്കിയത്. ജോലി ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നതിനാലും, തന്‍റെ തൊഴില്‍ മേഖലയെ സ്‌നേഹിച്ചിരുന്നതിനാലും അദ്ദേഹം വലിയ വ്യവസായികളില്‍ ഒരാളായി. അന്നമാണ് ഏറ്റവും വലിയ ദൈവമെന്ന് അദ്ദേഹം വിശ്വസിച്ചു. പാവങ്ങള്‍ക്ക് അന്നം നല്‍കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും എന്നായിരുന്നു രാജന്‍ ഞങ്ങള്‍ക്ക് നല്‍കിയ സന്ദേശം. അന്ന് ഞങ്ങള്‍ അത്താഴ വിരുന്നുകള്‍ക്കും പാര്‍ട്ടികള്‍ക്കുമൊക്കെ പോവാറുണ്ട്. പക്ഷേ അതൊന്നും ഒരു ആഡംബരമായിരുന്നില്ല. 1980-കളില്‍, ഞങ്ങള്‍ പ്രവാസികളായിരുന്നുവല്ലോ. വിദേശത്ത് താമസിച്ചിരുന്നതിനാല്‍ അവിടുത്തെ രീതികളിലൊക്കെ ജീവിക്കേണ്ടി വന്നു. ഇന്ത്യ അപ്പോഴും വളര്‍ച്ചയുടെ തുടക്കത്തിലായിരുന്നു, അങ്ങനെയൊരു അവസ്ഥയില്‍നിന്ന് നോക്കുമ്പോള്‍ അന്ന് ഞങ്ങള്‍ അല്‍പ്പം ആഡംബരജീവിതം നയിച്ചവരെപ്പോലെ തോന്നിക്കാം, പക്ഷേ അവിടങ്ങളില്‍ അതൊക്കെ സാധാരണമായിരുന്നു. തന്‍റെ സുഹൃത്തുക്കള്‍ക്കും ബിസിനസ്സ് പരിചയക്കാര്‍ക്കും ഏറ്റവും മികച്ചത് ലഭിക്കണമെന്ന് രാജന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി അദ്ദേഹം ഒരുപാട് പാര്‍ട്ടികളൊരുക്കി.
ലോകമാകെ ബിസിനസ് വേരുകളുള്ള ഒരാളുടെ കൂടെ ജീവിതം തുടങ്ങിയ കാലം.?
1983 നും 1995 നും ഇടയിലുള്ള 12 വര്‍ഷം, ഞങ്ങള്‍ ഏറെ ആസ്വദിച്ച കാലമാണ്. അന്ന് വിംബിള്‍ഡണ്‍ നടക്കുന്നയിടത്ത് ഞങ്ങള്‍ക്ക് ഒരു മാര്‍ക്വി (വലിയ ടെന്‍റ്) ഉണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒരേസമയം 80 പേര്‍ക്ക് ഉച്ചവിരുന്ന് നല്‍കും. തുടര്‍ന്ന് വിംബിള്‍ഡണിലെ മത്സരങ്ങള്‍ കാണാന്‍ അവരെ കൊണ്ടുപോകും. ആദ്യ ദിവസം മുതല്‍ ഫൈനല്‍ വരെ ഇതാണ് പതിവ്. ഈ വിരുന്നിനെത്തുന്നത് ഞങ്ങളുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മാത്രമല്ല,ഇവിടുത്തെ രാഷ്ട്രീയക്കാരും ബിസിനസുകാരും പ്രൊഫസര്‍മാരും അഭിഭാഷകരുമെല്ലാം വരും. ആ കാലത്തെ എല്ലാ പ്രമുഖര്‍ക്കും ഞങ്ങള്‍ ആതിഥ്യമരുളി.
അന്ന് വിജയ് അമൃത് രാജിനെപ്പോലുള്ള കളിക്കാരും അവരുടെ സുഹൃത്തുക്കളും ഞങ്ങളുടെ വിരുന്നുകാരായിട്ടുണ്ട്. സുനില്‍ ഗാവസ്കര്‍ വന്നിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം റോഡ് ലേവര്‍ ഉണ്ടായിരുന്നു. ആ സമയത്ത് ഞങ്ങളുടെ സുഹൃദ് വലയം അത്രയ്ക്ക് വലുതായിരുന്നു. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള ധാരാളമാളുകളും ഞങ്ങളുടെ ആതിഥ്യം ആസ്വദിച്ചിട്ടുണ്ട്. പക്ഷേ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ. രാജന് ഒരു പ്രശ്‌നം വന്നപ്പോള്‍ അവരെല്ലാം അപരിചിതരെപ്പോലെ പെരുമാറിക്കളഞ്ഞു.
വര്‍ഷങ്ങളായി ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും കേരള രാഷ്ട്രീയത്തിലെ പല നേതാക്കളെയും പിന്തുണച്ചിരുന്നു. രാജനും അദ്ദേഹത്തിന്‍റെ അച്ഛനുമെല്ലാം കോണ്‍ഗ്രസിനെ അകമഴിഞ്ഞ് പിന്തുണച്ചവരാണ്. എന്നിട്ടും അവശ്യസമയത്ത്, ഞങ്ങളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് അസാധാരണമായ യാഥാര്‍ത്ഥ്യം. അവരുടെ പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള പ്രമുഖനാണ് അന്ന് രാജന്‍റെ കാര്യത്തിലൊരു തീരുമാനമെടുത്തതെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടുകൂടിയാവും താന്‍ കൊല്ലപ്പെടാന്‍ പോവുകയാണെന്ന് രാജന്‍ വിളിച്ച് പറഞ്ഞിട്ടും ആരും ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്നതും.
എന്തായിരുന്നു രാജനെ കുടുക്കിയത് ?
രാജന്‍ വളരെ നീതിമാനായിരുന്നു. 1993-ല്‍ അദ്ദേഹം ബ്രിട്ടാനിയ ഗ്രൂപ്പ് കമ്പനികളെ മുഴുവന്‍ ഫ്രഞ്ച് കമ്പനിയായ ബിഎസ്എന്നിന് വിറ്റു. ഞങ്ങളുടെ കമ്പനിയില്‍ നിക്ഷേപിച്ച എല്ലാ ഓഹരി ഉടമകള്‍ക്കും അവരുടെ പണം തിരികെ കൊടുത്തു. അതുകൊണ്ടുതന്നെ സിംഗപ്പൂര്‍ കോടതികളില്‍ 1994 വരെ അദ്ദേഹത്തിനെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. കാരണം, പണം ലഭിച്ചില്ല, വഞ്ചിക്കപ്പെട്ടു തുടങ്ങിയ വിഷയങ്ങളുയര്‍ത്തി രാജനെതിരെ ഒരു പരാതി പോലുമുണ്ടായിട്ടില്ല. എല്ലാവര്‍ക്കും പണം ലഭിച്ചു. അതിനാല്‍ തായ്ലന്‍ഡിലെ ഏറ്റവും വലിയ ഭക്ഷ്യ കമ്പനിയായ തായ് അഗ്രോ ഏറ്റെടുക്കുന്നതുവരെ അദ്ദേഹത്തിനെതിരെ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതിനുശേഷമാണ് രക്തദാഹികളായ ചിലര്‍ രംഗത്തെത്തിയത്.
രാജനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അക്കാലത്തെ മാധ്യമങ്ങള്‍ അവതരിപ്പിച്ചതായി തോന്നുന്നുണ്ടോ?
അക്കാലത്തെ മാധ്യമങ്ങള്‍ പക്ഷപാതപരമായിട്ടാണ് ഞങ്ങളോട് പെരുമാറിയത്. കാരണം അന്നത്തെ പ്രധാന പത്രങ്ങളിലൊന്ന് ഞങ്ങളുടെ എതിരാളിയായ ഒരാളുടെ നിയന്ത്രണത്തിലായിരുന്നു. അവര്‍ പലതരത്തിലുള്ള നെഗറ്റീവ് വാര്‍ത്തകളും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ ഉദാരസ്വഭാവം ആഡംബരമായി വ്യാഖ്യാനിച്ചു. രാജന്റെ ദയയും ദാനധര്‍മ ശീലവും ആളുകള്‍ക്കുള്ള കൈക്കൂലിയായി ചിത്രീകരിച്ചു. അതെല്ലാം വൃത്തികെട്ട നുണ പ്രചാരണങ്ങളായിരുന്നു. ഒരു നുണയുണ്ടാക്കാനായി സത്യത്തെ വളച്ചൊടിച്ചു. രാജന്‍ എല്ലായ്‌പ്പോഴും ചുറ്റിലുമുള്ളവരെയും സുഹൃത്തുക്കളെയുമൊക്കെ ഒരുപാട് സഹായിച്ച ഒരാളാണ്.
വിവാദങ്ങള്‍ക്കപ്പുറം രാജന്‍ പിള്ളയെ കാലം എങ്ങനെ ഓര്‍മ്മിക്കണമെന്നാണ് ആഗ്രഹിക്കുന്നത്?
കാലത്തിന് മുന്നേ ചിന്തിക്കുകയും സഞ്ചരിക്കുകയും ചെയ്ത സംരംഭകനാണ് രാജന്‍. സര്‍ക്കാരുകള്‍ അടുത്ത അഞ്ചു വര്‍ഷത്തെ പദ്ധതികളാണ് മുന്നില്‍ കാണുന്നതെങ്കില്‍ എല്ലാവരും 10 വര്‍ഷത്തെ പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് രാജന്‍ പറയുമായിരുന്നു. അങ്ങനെയൊരു ദീര്‍ഘവീക്ഷണം എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിനുണ്ട്. ഇന്ത്യയും ചൈനയും ലോകത്തെ ഭരിക്കുന്ന രണ്ട് പ്രമുഖ ശക്തികളാകുന്ന കാലം അദ്ദേഹം മുന്‍കൂട്ടി കണ്ടു. പരസ്പരം എതിരാളികളാണെങ്കിലും, പുതിയ സഹസ്രാബ്ദത്തില്‍ നമ്മള്‍ സൂപ്പര്‍ പവര്‍ ആയിരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഇപ്പോള്‍ ഏറക്കുറെ അത് തന്നെ സംഭവിച്ചു. കമ്പ്യൂട്ടറുകളും സോഫ്റ്റ്വെയറുമാണ് നമ്മെ അടുത്ത തലമുറയിലേക്ക് നയിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. 1995-ല്‍, ബാംഗ്ലൂരില്‍ ഒരു സോഫ്റ്റ്വെയര്‍ കമ്പനി സ്ഥാപിക്കാന്‍ രാജന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും പുതിയ ആശയങ്ങള്‍ക്കും നവീന ചിന്താഗതികള്‍ക്കും പിന്നാലെയായിരുന്നു. അല്ലാതെ തലയില്‍ എപ്പോഴും ബിസ്‌ക്കറ്റ് കമ്പനിയെക്കുറിച്ച് മാത്രം ആലോചിച്ച് നടക്കുന്ന ഒരാളായിരുന്നില്ല. ഒരുകാലത്ത് ഞങ്ങള്‍ക്ക് കൊക്കകോളയുമായി പങ്കാളിത്തമുണ്ടായിരുന്നു. അന്ന് കൊക്കകോള കമ്പനിക്ക് ഉണ്ടായിരുന്ന ലോകത്തിലെ ഒരേയൊരു പങ്കാളിത്തം ഞങ്ങളുമായിട്ടാണ്. കോളയുടെയും ലഘുഭക്ഷണങ്ങളുടെയും വിതരണത്തിലൂടെ ഞങ്ങള്‍ക്ക് വലിയ സമ്പത്തുണ്ടാകുമായിരുന്നു. പക്ഷേ, വിധി അദ്ദേഹത്തിന്‍റെ ജീവിതം തിരികെ എടുത്തു. പലപ്പോഴും അങ്ങനെയാണ്,ജീവിതത്തിന്‍റെ ചില വഴിത്തിരിവുകളില്‍ നമ്മള്‍ വിചാരിക്കാത്തത് സംഭവിക്കും. അതുകൊണ്ടാണ് രാജന്‍റെ പേര് ബ്രിട്ടാനിയയില്‍ മാത്രം ഒതുങ്ങിപ്പോയത്. ഇന്ത്യയിലെ ആദ്യത്തെ ബില്യണയര്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടാറുണ്ട്. പക്ഷേ, അതിലൊക്കെ ഉപരിയായി ദയയുള്ള, ഉദാരമതിയായ, ഊഷ്മളനായ, സ്‌നേഹനിധിയായ മനുഷ്യനായി രാജന്‍ ഓര്‍മ്മിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം.
രാജന്‍റെ മരണശേഷം, കസ്റ്റഡി മരണങ്ങളെയും തടവുകാരുടെ അവകാശങ്ങളെയും കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ?
രാജന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ലീലാസേത്ത് കമ്മീഷനുമായി ഞാന്‍ നന്നായി സഹകരിച്ചിരുന്നു. അവര്‍ ഇടപെട്ട് തിഹാര്‍ ജയിലില്‍ ധാരാളം മാറ്റങ്ങള്‍ കൊണ്ടുവന്നു. അതൊക്കെ നടപ്പിലാവണമെന്ന് ഞാനും ആഗ്രഹിച്ചു. ഞാന്‍ രഹസ്യമായി അവിടെയൊരു ലൈബ്രറി സംഭാവന ചെയ്തു. ജയിലിലെ ആശുപത്രിയും വിചാരണത്തടവുകാര്‍ക്കുള്ള മറ്റ് സൗകര്യങ്ങളും ആംബുലന്‍സുമെല്ലാമൊരുക്കുന്ന നവീകരണ പ്രവൃത്തിയില്‍ ഞാനും പങ്കാളിയായി. രാജനെപ്പോലെ, നിരപരാധികളായ ആളുകള്‍ പോലും ഒടുവില്‍ എത്തപ്പെടുന്ന ആ സ്ഥലം കുറച്ചുകൂടി മനോഹരമാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.
ജയില്‍ പുനരധിവാസത്തിനുള്ളതാണ്. അത് ശിക്ഷയ്ക്ക് വേണ്ടി മാത്രമുള്ളല്ല. ജാമ്യത്തിന് പണമില്ലാത്തതിനാല്‍ കഷ്ടപ്പെടുന്ന വിചാരണത്തടവുകാരെ നമുക്ക് അവിടെ കാണാം. ആയിരമോ രണ്ടായിരമോ രൂപ അടയ്ക്കാന്‍ ഇല്ലാത്തതിനാല്‍ തനിക്ക് എതിരെയുള്ള കേസ് കോടതിയിലെത്തുന്നതുവരെ കാത്തിരിക്കുന്നവര്‍. ഈയൊരു അവസ്ഥ മാറേണ്ടതുണ്ട്, നീതിന്യായ വ്യവസ്ഥയിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്, കാരണം നിരപരാധികളായ യുവാക്കളുടെ ജീവിതം ഒരു നിമിഷം പോലും പാഴാക്കരുത്. നമ്മുടെ ന്യായാധിപന്മാരുടെ ഇടപെടലുകളിലൂടെ മാത്രമേ അവര്‍ക്ക് നിരപരാധിത്വം തെളിയിക്കാനാവൂ. നമ്മുടെ ന്യായാധിപന്‍മാര്‍ ലോകത്തില്‍ തന്നെ ഏറ്റവും മികച്ചവരാണ്. അവര്‍ക്ക് വിപുലമായ അനുഭവപരിചയമുണ്ട്. ഏറ്റവും നീതിയുക്തവും വ്യക്തവുമായ രീതിയില്‍ നീതി നടപ്പാക്കാന്‍ അവര്‍ക്ക് കഴിയും. ഒരു തവണയൊഴികെ ഞാന്‍ പോയിട്ടുള്ള എല്ലാ കോടതികളിലും എനിക്കത് അനുഭവപ്പെട്ടിട്ടുണ്ട്. രാജന്‍ ജയിലില്‍ കഴിഞ്ഞ സമയത്തെ വിധിന്യായങ്ങള്‍ മാത്രമേ നീതിയുക്തമല്ലാതെ കണ്ടിട്ടുള്ളൂ. അവ എന്തൊക്കെയോ കാരണങ്ങളാല്‍ നീതിയുടെ വഴികളില്‍നിന്ന് മാറിപ്പോയി. പക്ഷേ അത് 30 വര്‍ഷം മുമ്പാണ്. അതിനുശേഷം നീതിന്യായ വ്യവസ്ഥയില്‍ നിന്ന് അത്ഭുതകരമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നോട് നീതിപൂര്‍വമായും ദയയോടെയും അവര്‍ പെരുമാറിയിട്ടുണ്ട്. അതിന് നന്ദിയുണ്ട്.
ലീലാസേത്ത് കമ്മീഷന്‍റെ കണ്ടെത്തലുകള്‍ അറിഞ്ഞപ്പോള്‍ കൂടുതല്‍ വേദന തോന്നിയോ
സഹതടവുകാരും ജയിലര്‍മാരും ചേര്‍ന്ന് ജയിലില്‍ രാജനെ മര്‍ദിച്ചിരുന്നു. ലീലാസേത്ത് കമ്മീഷന്‍റെ അന്വേഷണ സമയത്താണ് ഈ വിവരം പുറത്തുവന്നത്. തല കീഴായി തൂക്കിലേറ്റി മര്‍ദിക്കുമ്പോള്‍ രാജന്‍ അലറി വിളിച്ച് നിലവിളിച്ചിരുന്നുവത്രേ. ജയില്‍ മുഴുവന്‍ ഈ നിലവിളിയുടെ ശബ്ദം പ്രതിധ്വനിച്ചുവെന്ന് പലരും മൊഴി നല്‍കിയിട്ടുണ്ട്. ഈ വിവരം എന്നെ തളര്‍ത്തി. അത്രയ്ക്ക് വേദന അനുഭവിച്ചിട്ടുണ്ട് രാജന്‍.അതും എന്തിനുവേണ്ടി?. ആ സമയത്ത് ഞാനും എന്‍റെ സഹോദരനും അദ്ദേഹത്തിന്‍റെ ഭാര്യയും രാജനുവേണ്ടി എന്തെങ്കിലും ചെയ്യാനായി ഓടുകയായിരുന്നു. അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കള്‍ അവിടെയുണ്ടായിരുന്നുവെങ്കിലും അവര്‍ യാതൊന്നും ചെയ്തില്ല. കാലം ഇത്രയൊക്കെ മുന്നോട്ട് പോയപ്പോള്‍ എനിക്ക് അവരെയും സംശയം തോന്നുന്നുണ്ട്, രാജന്‍റെ പതനത്തിന് സഹായിച്ചവരില്‍ ഞങ്ങളുടെ കുടുംബത്തിലെ ചിലര്‍ക്കും പങ്കില്ലേ?ആ ഒരു സംശയം എന്നെ ഞെട്ടിക്കുന്നുണ്ട്.
അദ്ദേഹം എല്ലാവരെയും സഹായിച്ചു, കുടുംബത്തിലെ എല്ലാവര്‍ക്കും വേണ്ടി നിലകൊണ്ടു. പക്ഷേ അദ്ദേഹം പോയതോടെ അവര്‍ ഞങ്ങള്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തു. ഞാന്‍ നല്ല അമ്മയല്ലെന്ന് പറഞ്ഞു. എന്‍റെ മക്കളെ ഒരു അനാഥാലയത്തില്‍ ചേര്‍ക്കണമെന്നും എന്‍റെ വീട് അവര്‍ക്ക് നല്‍കണമെന്നും പറഞ്ഞ് കേസ് കൊടുത്തു. രാജന്‍റെ പേരിലുണ്ടായിരുന്ന ഭൂമി അദ്ദേഹത്തിന്‍റെ മക്കള്‍ക്കും എനിക്കും നിഷേധിക്കപ്പെട്ടു. ഹൈദരാബാദില്‍ അദ്ദേഹം ആദ്യം വാങ്ങിയ 25 ഏക്കര്‍ ഭൂമിക്ക് വേണ്ടി ഇന്നും ഞാന്‍ പോരാടുകയാണ്. എല്ലായിടത്തുനിന്നും എനിക്ക് നീതി നിഷേധിക്കപ്പെട്ടു, സ്വന്തം കുടുംബത്തില്‍നിന്ന് പോലും.
അന്നൊക്കെ ഞങ്ങള്‍ക്ക് പോകാന്‍ ഒരിടവുമില്ലായിരുന്നു. ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ,പതിനൊന്നും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങള്‍. ഞങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് ആരും ചിന്തിച്ചില്ല. ഞങ്ങളെ സഹായിക്കാനും ആരും വന്നില്ല. എങ്കിലും ഞാന്‍ എന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. എന്നെ ദ്രോഹിച്ച എല്ലാവര്‍ക്കും നീതിന്യായ വ്യവസ്ഥയുടെ ശക്തി മനസ്സിലാക്കി കൊടുക്കുന്നതു വരെ ഞാനീ പോരാട്ടം തുടരും.
രാജന്‍റെ ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു
രാജനെക്കുറിച്ച് ദീപ്തി പിള്ള ശിവനും സഞ്ജീവ് ശിവനും ചേര്‍ന്ന് ഡോക്യുമെന്‍ററി എടുക്കുന്നുണ്ട്. കഥ തയ്യാറായിക്കഴിഞ്ഞു. അതിനുവേണ്ടി ധാരാളം ഗവേഷണങ്ങള്‍ നടത്തേണ്ടിയിരുന്നു. ഒരുപാട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജെഎഫ്‌കെ എന്ന അമേരിക്കന്‍ സിനിമ എഴുതിയ മികച്ച എഴുത്തുകാരനും ഞങ്ങളോടൊപ്പം സഹകരിക്കുന്നു. എന്‍റെ മകന്‍ അവന്‍റെ അച്ഛന്‍റെ ജീവിതകഥ എല്ലാവര്‍ക്കുമുന്നിലേക്കും എത്തിക്കും. എല്ലാവരും അത് കാണണം. കാരണം അതൊരു സാധാരണ മനുഷ്യന്‍റെ പരിശ്രമത്തിന്‍റെയും ഉയര്‍ച്ചയുടെയും കഥയാണ്, അതേയാളെ കുറെപ്പേര്‍ ചതിച്ച് ഇല്ലാതാക്കിയതിന്‍റെ അനുഭവങ്ങളാണ്. പിന്നെ ഭര്‍ത്താവിന്‍റെ പേരിനും അദ്ദേഹത്തിന്‍റെ കുട്ടികള്‍ക്കും വേണ്ടി പോരാടാന്‍ ഒരു സ്ത്രീ എഴുന്നേറ്റു നില്‍ക്കുന്നതിന്‍റെ കഥയുമാണ്.
രാജ്യത്തെ സാമൂഹിക വ്യവസ്ഥയോ പൊതുജനങ്ങളോ നിങ്ങളെ നിശ്ശബ്ദരാക്കിയ നിമിഷങ്ങളുണ്ടായിരുന്നോ?
എന്‍റെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ എന്നെ തെറ്റിദ്ധരിക്കുകയും നിശ്ശബ്ദയാക്കുകയും ചെയ്തിട്ടുണ്ട്. അത് അവര്‍ ആവര്‍ത്തിച്ചു. ശരിക്കും അങ്ങനെയല്ല ഉണ്ടാവേണ്ടത്. ഒരാള്‍ വിധവയായാല്‍ അവരെ സഹായിക്കാനാണ് ബന്ധുക്കള്‍ ചുറ്റിലുമുണ്ടാവേണ്ടത്. അതുണ്ടായില്ലെങ്കിലും ഭര്‍ത്താവില്ലാത്ത സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയേ മതിയാവൂ. നിയമപ്രകാരം അവര്‍ക്കും അവകാശങ്ങളുണ്ട്. ഭര്‍ത്താവിന്‍റെ ഭൂമിയുടെയും സ്വത്തിന്‍റെയും ഒരു പങ്ക് അവര്‍ക്കാണ്, അത് അവരുടേതുമാണ്. കാരണം വിവാഹത്തില്‍ നമ്മള്‍ സ്ത്രീകളും തുല്യ പങ്കാളികളാണ്. അപ്പോള്‍ ഭര്‍ത്താവില്ലാതായാലും അവകാശങ്ങള്‍ ഇല്ലാതാവുന്നില്ല. എന്‍റെ കാര്യത്തില്‍ അങ്ങനെയൊന്നുമുണ്ടായില്ല. ഇപ്പോള്‍ എനിക്ക് 60 വയസ്സ് കഴിഞ്ഞു. ആരുമായും ഞാനിനി ഒരു തര്‍ക്കത്തിനുമില്ല. പക്ഷേ ഞങ്ങള്‍ നേരിട്ട അനീതി ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ എനിക്ക് സമാധാനമുണ്ടാവില്ല.
രാജന്‍റെ ബിസിനസ്സ് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അതിനെയെല്ലാം പ്രതിരോധിക്കാന്‍ പല ശ്രമങ്ങളുമുണ്ടായി. രാജന്‍റെ കുടുംബവുമായി എനിക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു, അതൊരു രഹസ്യമല്ല. വരാനിരിക്കുന്ന ഡോക്യുമെന്‍ററിയിലൂടെ പല സത്യങ്ങളും പുറത്തുവരും. രാജന്‍ പിള്ളയെ ആരാണ് കൊന്നതെന്നും രാജന്‍ പിള്ളയ്ക്ക് എന്താണ് സംഭവിച്ചതെന്നും അറിയാന്‍ കാത്തിരിക്കുന്ന എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതായിരിക്കും ഈ ഡോക്യുമെന്‍ററി.
ഇടയ്ക്ക് രാഷ്ട്രീയത്തിലും നീനാപിള്ള പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ പിന്നീട് അതില്‍ തുടര്‍ന്നതുമില്ലല്ലോ?
എന്‍റെ ഭര്‍ത്താവ് രാജന്‍ പിള്ളയുടെ മരണത്തില്‍ നിന്നും, അദ്ദേഹം നേരിട്ട അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠം, നമ്മള്‍ ശബ്ദം ഉയര്‍ത്തുന്നതുവരെ, നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മുടെ മാത്രമാവുമെന്നാണ്. അതിന് ആവശ്യമായ ശ്രദ്ധ ലഭിക്കില്ല. നമ്മുടെ ചുറ്റും അനീതി സംഭവിക്കുന്നു, അതിനെതിരെ ശബ്ദം ഉയരണം. അങ്ങനെയൊരു ചിന്താഗതിയിലാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ആ പാര്‍ട്ടി എനിക്ക് പിന്തുണ നല്‍കി. 1990കളില്‍ പോലും അവര്‍ വളരെ സംഘടിതമായിരുന്നു,അതെനിക്ക് ആത്മവിശ്വാസമേകി.ബിജെപിയില്‍ ചേര്‍ന്നതോടെ എന്‍റെ വാക്കുകള്‍ക്ക് ഒരിടം കിട്ടി. കോണ്‍ഗ്രസ് പാര്‍ട്ടി അനുഭാവമുള്ള രാജനെ ദ്രോഹിച്ചവര്‍ക്കെതിരെ സംസാരിക്കുമ്പോള്‍ എന്നെ കേള്‍ക്കാന്‍ ആളുകളുണ്ടായി. ഞാന്‍ ഒന്നുമല്ലെന്ന് വിശേഷിപ്പിച്ചവര്‍ക്ക് മുന്നില്‍ എനിക്ക് നിവര്‍ന്നു നില്‍ക്കാനായി.
ആ വിധത്തില്‍ വലിയൊരു മാറ്റമുണ്ടായി. പക്ഷേ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞതോടെ ഒരു പൊതുപ്രവര്‍ത്തക എന്ന നിലയിലുളള കടമ നിറവേറ്റാന്‍ ഞാന്‍ അശക്തയാണെന്ന് തോന്നി തുടങ്ങി. ആ സമയത്ത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എന്നോട് പറഞ്ഞു, പൊതുരംഗത്ത് നില്‍ക്കാനാണ് തീരുമാനമെങ്കില്‍ ഉറച്ച മനസ്സോടെ മുന്നോട്ടുനീങ്ങുന്നതാണ് നല്ലതെന്ന്. ഞാന്‍ ആ ചിന്തയോട് പൂര്‍ണമായും യോജിച്ചു. അങ്ങനെയാണ് പിന്‍വാങ്ങിയത്. പക്ഷേ അന്നും ഇന്നും എന്‍റെ ഹൃദയത്തില്‍ ബിജെപിയോടുള്ള കടപ്പാടും സ്‌നേഹവുമുണ്ട്.
ആര്‍എസ്എസിനോടും എനിക്ക് നന്ദി പറയണം. രാജന്‍റെ മരണശേഷം എനിക്ക് സഹായം വാഗ്ദാനം ചെയ്ത വലിയ ശക്തിയായിരുന്നു അവര്‍. ആ വാക്കുകള്‍ എനിക്ക് സമൂഹത്തിന്‍റെ പിന്തുണയുണ്ടെന്ന് ഉറപ്പിക്കുന്നതായിരുന്നു. നീതിക്കുവേണ്ടിയുള്ള എന്‍റെ പോരാട്ടത്തിന്‍റെ ഓര്‍മ്മകളില്‍ ബിജെപിയും ആര്‍എസ് എസ്സും എപ്പോഴും കൂടെ ഉണ്ടാവും.
പോയ മുപ്പതുവര്‍ഷങ്ങളില്‍ താങ്കള്‍ക്ക് എന്തൊക്കെ നേടാനായി..?
മുപ്പത് വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നേടാനായി എന്ന് തോന്നുന്നു. വ്യവസ്ഥിതിയിലെ അഴിമതിയെ ഞാന്‍ ഇപ്പോഴും എതിര്‍ക്കുന്നു. അത് ഒരൊറ്റ ഇന്ത്യക്കാരനും ക്ഷമിക്കാത്ത ഒന്നാണെന്ന് എനിക്ക് ഉറപ്പുണ്ട്. നിലവിലെ ഭരണകാലത്ത് ധാരാളം ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. സംശുദ്ധ സര്‍ക്കാരിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങള്‍ എനിക്ക് സന്തോഷം തരുന്നുണ്ട്. ഇന്നായിരുന്നെങ്കില്‍ എനിക്ക് എളുപ്പം നീതി ലഭിക്കുമായിരുന്നുവെന്ന് തോന്നാറുണ്ട്. അന്നത്തെ ഇന്ത്യയില്‍ ഇങ്ങനെയായിരുന്നില്ല.
ഉള്ളിലെ ദുഃഖങ്ങള്‍ക്ക് ഇപ്പോഴും ശമനമായില്ലെന്ന് തോന്നുന്നു. നമ്മുടെ ഈ സംസാരത്തിനിടയില്‍ തന്നെ പലപ്പോഴായി നീനയുടെ സംസാരത്തില്‍നിന്ന് അങ്ങനെ വായിക്കാം...?
ഞാന്‍ തുടക്കത്തിലേ പറഞ്ഞില്ലേ, ജൂലായ് എന്നെ സംബന്ധിച്ച് ഏറ്റവും ക്രൂരമായ മാസമാണ്. എന്‍റെ പ്രിയ ഭര്‍ത്താവിന്‍റെ ഏകാന്തവും ദുഃഖകരവും ദാരുണവുമായ അന്ത്യത്തെ ഞാന്‍ കാണേണ്ടിവന്ന മാസം. ഡല്‍ഹിയിലെ ഒരു വൃത്തികെട്ട ആശുപത്രിയുടെ മുറ്റത്ത് കിടത്തിയ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കാണേണ്ടി വന്നു. ആ ഭയാനകമായ ഓര്‍മ്മകള്‍ എന്‍റെ ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടും. കാരണം ആ മുറിവുകള്‍ എന്‍റെ ഹൃദയത്തിലും മനസ്സിലും അത്രമേല്‍ ആഴത്തിലാണ് പതിഞ്ഞിരിക്കുന്നത്. പിന്നെ എന്‍റെ കൂടെ നില്‍ക്കേണ്ടവരുടെ ഭാഗത്തുനിന്നുണ്ടായ ചതിയും എനിക്ക് മറക്കാന്‍ പറ്റുന്നില്ല. ദൈവം എന്‍റെ ഓരോ നീക്കത്തെയും നയിക്കുന്നുണ്ടെന്നാണ് വിശ്വാസം. പിന്നെ...മറ്റൊന്ന്...ഞാന്‍ ഇപ്പോഴും എന്‍റെ ഭര്‍ത്താവിനെ ഒരുപാട് സ്‌നേഹിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും അദ്ദേഹത്തെ ഓര്‍ക്കുന്നു. പക്ഷേ എന്‍റെ മക്കള്‍ക്ക് അവരുടെ അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഞാന്‍ അവരുടെ കണ്ണുകളിലേക്ക് നോക്കി നില്‍ക്കും. അവിടെ എനിക്ക് രാജനെ കാണാം. ഞാനപ്പോള്‍ ഞങ്ങളുടെ വിവാഹകാലം ഓര്‍ക്കും. അന്ന് ലോകം ഇങ്ങനെ മാറുമെന്നൊന്നും ഞാന്‍ ഓര്‍ത്തിട്ടില്ല. അന്നേ രാജന്‍ പറയുമായിരുന്നു,നീന,നിനക്ക് എന്തെങ്കിലും തെറ്റുകള്‍ വരുത്താന്‍ തോന്നുന്നുണ്ടെങ്കില്‍ ഇപ്പോഴാവട്ടെ. ഞാന്‍ ഇല്ലാതായിക്കഴിഞ്ഞിട്ട് നീ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ലോകം മുഴുവന്‍ നിന്നെ വിമര്‍ശിച്ച് വേദനിപ്പിക്കുമെന്ന്. അതായിരുന്നു രാജന്‍റെ കരുതല്‍. മുജ്ജന്‍മത്തിലേ ഞങ്ങള്‍ ഒരുമിച്ചായിരുന്നുവെന്നാണ് എന്‍റെ വിശ്വാസം. അതുകൊണ്ട് പുനര്‍ജന്‍മമുണ്ടായാലും ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരിക്കും. അത്രയ്ക്ക് പ്രണയവും സ്‌നേഹവും സമര്‍പ്പണവുമൊക്കെയുള്ള ഒരു പുരുഷനെയും സ്ത്രീയെയും ദൈവം ഈ ജന്മത്തില്‍ ഒരുമിപ്പിച്ചുവെങ്കില്‍ അടുത്ത ജന്മത്തിലും ഈശ്വരന്‍ അവരെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും. അതിനുവേണ്ടിയാണ് ഞാനീ കാത്തിരിക്കുന്നത്.
ഒരു വശത്ത് പോരാട്ടവും മറുവശത്ത് പ്രതീക്ഷകളുമാണ് ജീവിതത്തെ നയിക്കുന്നതെന്ന് പറയാം?
യാദൃച്ഛികത എന്നൊന്നില്ലെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. എല്ലാം വിധിയാണ്. വിധി നമുക്ക് ആടേണ്ട വേഷം തീരുമാനിക്കുന്നു. നമ്മള്‍ അത് പിന്തുടരുന്നു. എന്‍റെ ഭര്‍ത്താവ് മരിച്ചിട്ട് 30 വര്‍ഷമായിട്ടും അദ്ദേഹത്തോടുള്ള അടുപ്പം കൂടുന്നതേയുള്ളൂ. അതുകൊണ്ട് ഞാന്‍ ഇപ്പോഴും പോരാട്ടം തുടരുന്നു. ഇത്രയും കാലം ഇങ്ങനെയൊരു ആവശ്യത്തിനുവേണ്ടി പൊരുതുന്നൊരാളെ നിങ്ങള്‍ വേറെ കണ്ടിട്ടുണ്ടാവില്ല. ഒരിക്കലൊരു പോരാളിയുടെ തൊപ്പി വെച്ചാല്‍ ജീവിതകാലമത്രയും അത് ധരിച്ചേ പറ്റൂ എന്ന് പറയാറുണ്ട്. പോരാടാന്‍ ഒരു കാരണമുണ്ടെങ്കില്‍ നിങ്ങളൊരിക്കലും പോരാട്ടം നിര്‍ത്തില്ല.
പിന്നെ, നിങ്ങള്‍ സ്വപ്‌നങ്ങളെക്കുറിച്ച് സൂചിപ്പിച്ചു, പെണ്‍കുട്ടികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാന്‍ കുറെ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അവര്‍ വിദ്യാഭ്യാസം നേടണം. അത് സ്ത്രീകളെ നിയമപരമായ പഴുതുകളില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കും. അങ്ങനെ അവര്‍ അനീതിയെ തിരിച്ചറിയണം. ഒറ്റയ്ക്ക് പോരാടേണ്ടിവന്നതിന്‍റെ കുറെ ഉള്‍ക്കാഴ്ചകള്‍ എന്നിലുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസ സൗകര്യമില്ലാത്തതിന്‍റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ ചിറക് അരിയാന്‍ ഞാന്‍ സമ്മതിക്കില്ല, അതിന്‍റെ പേരില്‍ ഒരു സ്ത്രീയും ജീവിതത്തില്‍ ഒറ്റയ്ക്കാവരുത്.' നീനാപിള്ള പറയുന്നു.ഈ നിലപാടുകള്‍ അനുഭവങ്ങളുടെ തീച്ചുളയിലൂടെ കടന്നുപോയ ഒരാളുടെ ഉള്ളുറപ്പിന്‍റേതാണ്. അത് തന്നെയാണ് നീന എന്ന പോരാളിയെ മുന്നോട്ട് നയിക്കുന്നതും.
Content Highlights: Rajan Pillai`s Death: 30 Years of Injustice