പാവം ഇല്ലുമിനാറ്റിയും, വില്ലൻ ഡീപ് സ്റ്റേറ്റും

എന്താണ് 'ഡീപ് സ്റ്റേറ്റ്'?
മനസ്സിന്റെ മഹാസ്‌ക്രീനിൽ ഒരു കല്യാണ വീട് സങ്കൽപ്പിക്കുക. മനോഹരമായി അലങ്കരിക്കപ്പെട്ട വേദിയിൽ പെണ്ണും, ചെറുക്കനും, അച്ഛനും, അമ്മയും ഒക്കെ ചിരിച്ചു നിൽക്കുന്നുണ്ടാകും, ഞങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്ന ഭാവത്തിൽ. ക്യാമറകൾ മുഴുവൻ അവരുടെ മേലായിരിക്കും. അടുക്കളപ്പുറത്ത് ഒരു ക്യാമറയുടെയും കണ്ണിൽ പെടാതെ ഒരു മാമനുണ്ടാകും. തോളിൽ എണ്ണ പുരണ്ട തോർത്തുമിട്ട്, കട്ടൻ കാപ്പിയും കുടിച്ച്, പപ്പടം എപ്പോൾ കാച്ചണം, ആർക്ക് പായസം വിളമ്പണം, ആര് പന്തലിൽ കയറണം, നാദസ്വരക്കാരൻ എത്ര ഡെസിബെലിൽ ഊതണം എന്നെല്ലാം തീരുമാനിക്കുന്നത് ഈ മാമനായിരിക്കും. എന്ന് മാത്രമല്ല ഈ കല്യാണം തന്നെ തീരുമാനിച്ച ആളാണ്; എത്ര സ്ത്രീധനം വേണം, എന്ന് കല്യാണം നടക്കണം, എത്ര പേരെ വിളിക്കണം, ആരെയൊക്കെ എന്നൊക്കെ.
വേദിയിൽ നിൽക്കുന്നവർ അഞ്ചു വർഷം കൂടുമ്പോൾ മാറുന്ന സാദാ തല്ലുകൊള്ളി രാഷ്ട്രീയക്കാർ. അടുക്കളയിലെ പുക ചുരുളുകൾക്കിടയിൽ സ്വത്തും, ശരീരവും നോവാതെ മറഞ്ഞിരിക്കുന്ന ആ സർവ്വ ശക്തനായ മാമനാണ് 'ഡീപ് സ്റ്റേറ്റ്'!
ഒരു ജനാധിപത്യത്തിൽ ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കുന്നവരാണ് ഭരണത്തിലേറുക. എന്നാൽ ഇവർക്ക് ഉപരിയായി, ഭരണ കൂടത്തിന്റെ ആഴങ്ങളിൽ സ്ഥിരമായി അധികാരം കയ്യാളുന്ന അദൃശ്യ ശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. ഇതിൽ സാധാരണയായി ഉൾപ്പെടുന്നത് സിഐഎ, മോസാദ്, തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികൾ, ഉന്നത സൈനിക മേധാവികൾ, സ്ഥിരം ബ്യൂറോക്രസി, വൻകിട കോർപ്പറേറ്റുകൾ, ആയുധ കച്ചവടക്കാർ എന്നിവരാണ്. ഭരണം മാറിയാലും ഇവരുടെ നയങ്ങൾക്കോ, അജണ്ടകൾക്കോ യാതൊരു വ്യത്യാസവും വരില്ല. ജനങ്ങൾ കരുതും തങ്ങളാണ് വോട്ടു ചെയ്തും, ഫേസ്ബുക്കിൽ പോസ്റ്റിട്ടും ഭരണം മാറ്റിയതെന്ന്; പക്ഷേ, യഥാർത്ഥത്തിൽ ഡ്രൈവർ മാറിയതേയുള്ളൂ, റൂട്ട് തീരുമാനിക്കുന്നത് അടിത്തട്ടിലിരിക്കുന്ന ഈ മാമന്മാർ തന്നെ.
പലപ്പോഴും ആളുകൾ കൺഫ്യുസ് ചെയ്യുന്ന രണ്ട് പദങ്ങളാണ് 'Deep State', 'Secret Societies' എന്നിവ. ചരിത്രപരമായും, ഘടനാപരമായും ഇവ രണ്ടും വ്യത്യസ്തമായ രണ്ട് ആശയങ്ങളാണ്. ഡീപ് സ്റ്റേറ്റ് പൂർണ്ണമായും രാഷ്ട്രീയവും, ഭരണപരവുമാണ്. നിയമപരമായി നിലനിൽക്കുന്ന സർക്കാർ സംവിധാനങ്ങൾക്ക് ഉള്ളിലിരുന്നാണ് ഇവർ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ പാർട്ടികളോ, പ്രധാനമന്ത്രിമാരോ, പ്രസിഡന്റുമാരോ മാറിമറിഞ്ഞാലും വിദേശ നയം, പ്രതിരോധ കരാറുകൾ, യുദ്ധങ്ങൾ, സാമ്പത്തിക നയങ്ങൾ എന്നിവയിൽ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ മാറ്റമില്ലാതെ ഇവർ പിന്തുടരും.
ആവറേജ് ആയി ചിന്തിക്കുന്ന പബ്ലിക്കിൽനിന്ന് തങ്ങളുടെ ആചാരങ്ങൾ, അംഗങ്ങളുടെ ഐഡന്റിറ്റി, തത്ത്വചിന്തകൾ എന്നിവ ഒളിപ്പിച്ചു വെച്ച് പ്രവർത്തിക്കുന്ന സാമൂഹിക-ആത്മീയ-സഹോദര്യ കൂട്ടായ്മകളെയാണ് 'Secret societies' എന്ന് വിളിക്കുന്നത്. ഇത് താത്വികവും, മിസ്റ്റിക് സ്വഭാവമുള്ളതും, പരസ്പര സഹായത്തിനായുള്ള കൂട്ടായ്മകളുമാണ് (Fraternal organizations). ആത്മീയമായ ഉയർച്ച, നവീകരണം, അംഗങ്ങൾക്കിടയിലെ ശക്തമായ നെറ്റ്വർക്കിംഗ്, ചില പ്രത്യേക ആശയങ്ങളുടെ രഹസ്യ പ്രചാരണം എന്നിവയാണ് ഇവരുടെ ലക്ഷ്യം.
സർക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥരും, ബാങ്കർമാരും, ജഡ്ജിമാരും ഒരേ രഹസ്യ സംഘടനയിലോ, ക്ലബ്ബുകളിലോ അംഗങ്ങളായി വരാറുണ്ട് എന്ന് ചരിത്രത്തിൽ കാണാം. യേൽ സർവകലാശാലയിലെ സ്‌കൾ ആൻഡ് ബോൺസ് ക്ലബ്ബിൽനിന്ന് പല യു.എസ് പ്രസിഡന്റുമാരും, സി.ഐ.എ ഡയറക്ടർമാരും വന്നിട്ടുണ്ട്. പരിചയക്കാർ എന്ന നിലയിൽ ഇവർക്കിടയിൽ വളരുന്ന അനൗപചാരിക ബന്ധങ്ങൾ ഭരണകൂടനയങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
സാധാരണ ജനങ്ങൾക്ക് വിശദീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ അട്ടിമറികൾ, സാമ്പത്തിക മാന്ദ്യങ്ങൾ, വിപ്ലവങ്ങൾ എന്നിവ നടക്കുമ്പോൾ, അതിനു പിന്നിൽ 'ഇല്ലുമിനാറ്റി' അല്ലെങ്കിൽ 'ഫ്രീമേസൺസ്' പോലുള്ള രഹസ്യ സംഘടനകളാണെന്ന കഥകൾ പൊതുവെയുണ്ട്. ഈ നിഗൂഢ സംഘടനകൾ ഭരണകൂടത്തിന് ഉള്ളിലിരുന്ന് ഒരു 'ഡീപ് സ്റ്റേറ്റ്' ആയി ലോകത്തെ നിയന്ത്രിക്കുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്നത് കഥകളിലൂടെയും, സിനിമകളിലൂടെയും, ഇന്റർനെറ്റ് കോൺസ്പിറസികളിലൂടെയുമാണ്.
ഡീപ് സ്റ്റേറ്റ് എന്നത് ഉദ്യോഗസ്ഥരും, സൈനിക, സാമ്പത്തിക ശക്തികളും ഉൾപ്പെടുന്ന ഒരു ഭരണകൂട യാഥാർത്ഥ്യമാണ്. രഹസ്യ സംഘടനകൾ എന്നത് ആചാരങ്ങളും, തത്ത്വചിന്തകളും, സുഹൃത്ത് ബന്ധങ്ങളും കൊണ്ടു നടക്കുന്ന സ്വകാര്യ സംഘങ്ങളാണ്. ഭരണ തലത്തിലുള്ള ചില വ്യക്തികൾ രഹസ്യ സഭകളിൽ അംഗങ്ങളാകാം എന്നതിനപ്പുറം, എല്ലാ ഡീപ് സ്റ്റേറ്റ് സംവിധാനങ്ങളും നിഗൂഢ സംഘടനകളാൽ നയിക്കപ്പെടുന്നവയല്ല.
ലോകത്തെ നിയന്ത്രിക്കുന്ന എലൈറ്റ് ക്ലാസിന്റെ നിഗൂഢമായ ആചാരങ്ങളെയും, രഹസ്യ കൂട്ടായ്മകളെയും തുറന്നു കാട്ടുന്ന ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലൊന്നാണ് സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഐസ് വൈഡ് ഷട്ട് എന്ന സിനിമ. സിനിമയിലെ ചടങ്ങുകൾ വെറുതെ കുബ്രിക് ഉണ്ടാക്കിയ കഥയല്ല. 1972-ൽ യൂറോപ്പിലെ അതിസമ്പന്ന കുടുംബമായ റോത്സ്ചൈൽഡ് സംഘടിപ്പിച്ച സർറിയലിസ്റ്റ് ബോൾ എന്ന രഹസ്യ പാർട്ടിയുമായി സിനിമയിലെ രംഗങ്ങൾക്ക് സാമ്യമുണ്ട്. സിനിമയുടെ ഫൈനൽ കട്ട് വാർണർ ബ്രതേഴ്‌സിന് സമർപ്പിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്റ്റാൻലി കുബ്രിക് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇല്ലുമിനാറ്റിയുടെയും, വരേണ്യ വർഗ്ഗത്തിന്റെയും യഥാർത്ഥ സത്യങ്ങൾ പുറത്തു വിട്ടതു കൊണ്ടാണ് കുബ്രിക് കൊല്ലപ്പെട്ടതെന്നും, സിനിമയിലെ 20 മിനിറ്റോളം വരുന്ന ഭാഗങ്ങൾ സെൻസർ ചെയ്ത് ഒഴിവാക്കിയ ശേഷമാണ് പുറത്തിറക്കിയതെന്നും കോൺസ്പിറസി തിയറിസ്റ്റുകൾ വാദിക്കുന്നു.
2021 ൽ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ സ്‌ക്വിഡ് ഗേമിലും നമുക്ക് ഒരു സീക്രെറ്റ് സൊസൈറ്റി കാണാം. കുപ്രസിദ്ധമായ എപ്സ്റ്റീൻ ഫയൽസ് യഥാർഥ ലോകത്തെ മറ്റൊരു ഉദാഹരണമാണ്.
ജർമ്മനിയിലെ ബവേറിയയിൽ, ആദം വീഷൗപ്റ്റ് എന്ന നിയമ പ്രൊഫസറാണ് 'ഇല്ലുമിനാറ്റി' സ്ഥാപിച്ചത്. ഒരു അക്കാദമിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് യോഹാൻ ജോർജ്ജ് വീഷൗപ്റ്റും ഒരു നിയമ പ്രൊഫസറായിരുന്നു. ജെസ്യൂട്ട് സ്‌കൂളിൽ പഠിച്ചു വളർന്ന ആദം വീഷൗപ്റ്റ് തത്ത്വചിന്തകരായ വോൾട്ടയർ, റൂസ്സോ, മോണ്ടെസ്‌ക്യൂ, ക്രിസ്റ്റ്യൻ വുൾഫ്, ഹെൽവെഷ്യസ് എന്നിവരുടെ എൻലൈറ്റൻമെന്റ്റ് ഫിലോസഫിയിൽ ആകൃഷ്ടനായി. സ്വതന്ത്ര ചിന്തകർക്കായി പ്രവർത്തിച്ചിരുന്ന ഫ്രീമേസൺറിയിൽ അദ്ദേഹം ചേർന്നു. പക്ഷെ അവിടെയും ചില വിവേചനങ്ങൾ കണ്ടതോടെ സ്വന്തമായി സംഘടന തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
1776 മെയ് 1-ന് രാത്രി ഇൻഗോൾസ്റ്റാഡിലെ ഒരു കാട്ടിൽ വെച്ച് നാല് ശിഷ്യന്മാരെ കൂട്ടി ആദം വീഷൗപ്റ്റ് ഓർഡർ ഓഫ് ദി ഇല്ലുമിനാറ്റി സ്ഥാപിച്ചു. തുടക്കത്തിൽ പ്രഭുക്കന്മാരെയും, വക്കീലന്മാരെയും, ഡോക്ടർമാരെയും, ചിന്തകരെയും ആകർഷിച്ച് ഈ സംഘടന രണ്ടായിരത്തിലധികം അംഗങ്ങളിലേക്ക് വളർന്നു. പള്ളിയുടെ അന്ധവിശ്വാസങ്ങൾക്കും, ഭരണ കൂടത്തിന്റെ അടിച്ചമർത്തലുകൾക്കും എതിരെ എൻലൈറ്റൻമെന്റ്, യുക്തി ചിന്ത, ലിബറൽ ആശയങ്ങൾ എന്നിവ പ്രചരിപ്പിക്കുക എന്നതായിരുന്നു ഇല്ലുമിനാറ്റി യുടെ പ്രാഥമിക ലക്ഷ്യം. അംഗങ്ങൾ രഹസ്യ പേരുകളിലും, കോഡ് ഭാഷകളിലുമാണ് ആശയ വിനിമയം നടത്തിയിരുന്നത്. യൂറോപ്പിലെ പ്രമുഖ ചിന്തകരും, പ്രഭുക്കന്മാരും ഇതിൽ അംഗങ്ങളായിരുന്നു. 1785-ൽ ബവേറിയൻ ഭരണകൂടം രഹസ്യ സംഘടനകൾ നിരോധിച്ചതോടെ ഇല്ലുമിനാറ്റി ഔദ്യോഗികമായി ഇല്ലാതായി. എന്നാൽ, ലോക സംഭവങ്ങളെയും, സർക്കാരുകളെയും ന്യൂ വേൾഡ് ഓർഡറിലൂടെ ഇന്നും നിയന്ത്രിക്കുന്നത് ഇല്ലുമിനാറ്റിയാണെന്ന കോൺസ്പിറസി തിയറികൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിലെ ബവേറിയയിൽ ഉദയം ചെയ്ത യഥാർത്ഥ സംഘടനയിൽ നിന്ന് ആധുനിക പോപ്പ് സംസ്‌കാരത്തിലെ കൊടും ഭീകര രൂപത്തിലേക്ക് ഇല്ലുമിനാറ്റി പിന്നീട് മാറി. കേരളത്തിൽ രങ്കണ്ണന്റെ ഇല്ലുമിനാറ്റി പാട്ടിൽ കൂടി സംഗതി മൊത്തത്തിൽ കോമെഡിയായി.
illuminatus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഇല്ലുമിനാറ്റി എന്ന പേരുണ്ടായത്. 'ജ്ഞാനോദയം സിദ്ധിച്ചവർ', അല്ലെങ്കിൽ 'പ്രകാശം കണ്ടെത്തിയവർ' എന്നാണ് ഈ വാക്കിന്റെ അർദ്ധം. യൂറോപ്യൻ ചരിത്രത്തിൽ ശാസ്ത്രത്തിനും, യുക്തി ചിന്തയ്ക്കും പ്രാധാന്യം ലഭിച്ച Age of Enlightenment അഥവാ Age of Reason (16801789) ലാണ് ഇത്തരം പ്രബുദ്ധതയുടെ തുടക്കം.
അഞ്ച് അംഗങ്ങളുമായി ആരംഭിച്ച ഈ കൂട്ടായ്മയ്ക്ക് ആദ്യം 'പെർഫെക്റ്റബിലിസ്റ്റുകൾ' (Bund der Perfektibilisten) എന്നാണ് പേരിട്ടിരുന്നത്. പിന്നീട് ഇത് 'ബവേറിയൻ ഇല്ലുമിനാറ്റി' എന്ന് അറിയപ്പെട്ടു. അന്ധവിശ്വാസങ്ങൾക്കും, മതപരമായ മുൻവിധികൾക്കും അവസാനമുണ്ടാക്കുക, പൊതു ജീവിതത്തിലും, ഭരണത്തിലും,വിദ്യാഭ്യാസത്തിലും മതത്തിന്റെ അനാവശ്യമായ കടന്നുകയറ്റം നിർത്തലാക്കുക, സർക്കാരുകളുടെ സ്വേച്ഛാധിപത്യവും, അധികാര ദുർവിനിയോഗവും നിയന്ത്രിക്കുക, സ്ത്രീകളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും, സ്ത്രീ-പുരുഷ സമത്വം സ്ഥാപിക്കുകയും ചെയ്യുക. ഇവയായിരുന്നു അവർ അന്ന് മുന്നോട്ടു വെച്ച ആശയങ്ങൾ. സംഘടനയുടെ വളർച്ചയ്ക്കായി പുരാതന ശില്പികളുടെ കൂട്ടായ്മയായ ഫ്രീമെയ്‌സൺസിന്റെ സംവിധാനങ്ങളും, അവരുടെ കേന്ദ്രങ്ങളായ 'ലോഡ്ജുകളും' ഇല്ലുമിനാറ്റി ഉപയോഗിക്കാൻ തുടങ്ങി.
ഇല്ലുമിനാറ്റി സ്ഥാപിച്ചത് അഞ്ചു പേര് ചേർന്നായിരുന്നു. ഒന്നാമൻ Founder & Professor of Canon Law ആയ ആദം വീഷൗപ്റ്റ് ആണ്. അദ്ദേഹത്തിന്റെ രഹസ്യപ്പേര് സ്പാർട്ടക്കസ് എന്നായിരുന്നു. ഇവർ രഹസ്യ സ്വഭാവം നില നിർത്തുന്നതിന് വേണ്ടി രഹസ്യ പേരുകൾ സ്വീകരിച്ചു. അംഗങ്ങൾക്ക് മാത്രമായിരുന്നില്ല ഈ രഹസ്യ പേരുകൾ നൽകിയിരുന്നത്. സ്ഥലങ്ങളായ മ്യൂണിക്ക് ഏഥൻസ് എന്നും, ഇൻഗോൾസ്റ്റാഡ് എലൂസിസ് എന്നും, ബവേറിയ അക്കയ എന്നും അറിയപ്പെട്ടു. റോമാ സാമ്രാജ്യത്തിലെ അടിച്ചമർത്തലുകൾക്കെതിരെ പോരാടിയ ഗ്ലാഡിയേറ്ററും, അടിമത്ത വിപ്ലവ നായകനുമായ സ്പാർട്ടക്കസിന്റെ പേരാണ് വീഷൗപ്റ്റ് സ്വേച്ഛയാ തിരഞ്ഞെടുത്തത്.
രണ്ടാമത്തെ ആൾ ഫ്രാൻസ് ആന്റൺ വോൺ മാസ്സൻഹൊസെൻ. രഹസ്യപ്പേര് അജാക്‌സ്. ട്രോജൻ യുദ്ധത്തിലെ വീരനായ യോദ്ധാവായിരുന്നു അജാക്‌സ്. ഇദ്ദേഹമായിരുന്നു സംഘടനയുടെ തുടക്ക കാലത്ത് പുതിയ അംഗങ്ങളെ ചേർക്കുന്നതിൽ ഏറ്റവും സജീവമായി പ്രവർത്തിച്ചത്. പിന്നീട് സംഘടന മ്യൂണിക്കിലേക്ക് മാറിയപ്പോൾ, ഇല്ലുമിനാറ്റിയുടെ ചരിത്രത്തിൽ പ്രധാനിയായ സേവ്യർ വോൺ സ്വാക്ക് ഉൾപ്പെടെയുള്ള പ്രമുഖരെ സംഘത്തിലേക്ക് കൊണ്ടു വന്നതും ഇദ്ദേഹമാണ്.
മൂന്നാമത്തെ ആളുടെ പേര് മാക്‌സ് എഡ്ലെർ വോൺ മെർസ്. രഹസ്യപ്പേര് ടിബീരിയസ്. ടിബീരിയസ് ഒരു റോമൻ ചക്രവർത്തിയുടെ പേരാണ്. വീഷൗപ്റ്റിന്റെ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം. ആദ്യകാല രഹസ്യ ആശയ വിനിമയങ്ങളിലും, സംഘടനയുടെ അടിത്തറ പണിയുന്നതിലും ഇദ്ദേഹം പങ്കാളിയായിരുന്നു.
നാലാമൻ ബോഹോഫ്. രഹസ്യപ്പേര് അഗാഥോൺ. പ്രാചീന ഗ്രീക്ക് ദുരന്ത നാടകകൃത്തും, പ്ലേറ്റോയുടെ ഫിലോസഫിക്കൽ ഡിസ്‌കഷനുകളിലെ കഥാപാത്രവുമാന് അഗാഥോൺ. വീഷൗപ്റ്റിന്റെ മറ്റൊരു നിയമ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം.
അഞ്ചാമത്തെ ആൾ ആൻഡ്രിയാസ് സ്യുടോർ. രഹസ്യപ്പേര് ഇറാസ്മസ് റൊട്ടെറോഡാമസ്. പ്രശസ്ത നവോത്ഥാന ചിന്തകനായ ഇറാസ്മസ് ഓഫ് റോട്ടർഡാമിന്റെ പേരാണ് നൽകപ്പെട്ടതെങ്കിലും, സംഘടനയുടെ പ്രവർത്തനങ്ങളിൽ അലസതയും, നിഷ്‌ക്രിയത്വവും കാണിച്ചതിനെ തുടർന്ന് വീഷൗപ്റ്റ് ഇദ്ദേഹത്തെ ഇല്ലുമിനാറ്റിയിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്.
തുടക്കത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഇല്ലുമിനാറ്റിയിലേക്ക് 1780-ൽ ഫിലോ എന്ന് രഹസ്യ പേരുള്ള അഡോൾഫ് ഫ്രേയ്ഹെർ നിഗേ എന്ന നയതന്ത്രജ്ഞൻ കടന്നു വന്നതോടെയാണ് സംഘടനയ്ക്ക് വലിയ വളർച്ചയുണ്ടായത്. ജർമ്മൻ സാഹിത്യകാരനായ ഗോയ്ഥേ, തത്ത്വ ചിന്തകനായ ജൊഹാൻ ഗോഡ്ഫ്രിഡ് ഹെർഡർ തുടങ്ങിയ പ്രമുഖരും ഇതിൽ അംഗങ്ങളായിരുന്നു. ഇല്ലുമിനാറ്റിയുടെ സ്വാധീനം വർദ്ധിച്ചതോടെ ഭരണാധികാരികൾക്ക് വലിയ ഭീഷണിയായി. ആഭ്യന്തര തർക്കങ്ങൾ മൂലം 1784-ൽ നിഗേ സംഘടന ഉപേക്ഷിച്ചു. തുടർന്ന്, റോമൻ കത്തോലിക്കാ സഭയുടെ സമ്മർദ്ദത്തിന് വഴങ്ങി ബവേറിയൻ ഭരണാധികാരിയായിരുന്ന കാൾ തിയോഡോർ 1784-ലും 1785-ലും എല്ലാത്തരം രഹസ്യ സംഘടനകളെയും പൂർണ്ണമായി നിരോധിച്ചു. സർക്കാർ അവരുടെ രേഖകൾ പിടിച്ചെടുക്കുകയും, ആദം വീഷൗപ്റ്റിനെ നാടു കടത്തുകയും ചെയ്തു. 1787-ഓടെ ബവേറിയൻ ഇല്ലുമിനാറ്റി ഔദ്യോഗികമായി നാമാവശേഷമായി. ഒരു ദശാബ്ദം മാത്രം നില നിന്ന ഒരു ചെറിയ സംഘടന ലോകം ഭരിക്കുന്ന നിഗൂഢ ശക്തിയായി ചിത്രീകരിക്കപ്പെട്ടു. ഇതിന് കാരണമായത് 1789-ലെ ഫ്രഞ്ച് വിപ്ലവമാണ്.
ഫ്രഞ്ച് വിപ്ലവത്തിന് തീ കൊളുത്തിയത് ഇല്ലുമിനാറ്റിയും, ഫ്രീമേസൺമാരും രഹസ്യമായി നടത്തിയ ഗൂഢാലോചനയാണെന്ന് ഫ്രഞ്ച് പുരോഹിതനായ ആബി അഗസ്റ്റിൻ ബാറുൽ, സ്‌കോട്ടിഷ് ഭൗതിക ശാസ്ത്രജ്ഞനായ ജോൺ റോബിസൺ എന്നിവർ എഴുത്തുകളിലൂടെ പ്രചരിപ്പിച്ചു. ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളെയും നശിപ്പിച്ചു ഒരൊറ്റ ആഗോള ഏകാധിപത്യ സർക്കാർ സ്ഥാപിക്കാൻ ഇല്ലുമിനാറ്റി ശ്രമിക്കുന്നു എന്ന ഹോക്‌സ് ഇരുപതാം നൂറ്റാണ്ടിൽ വൈറലായി.
ഡാൻ ബ്രൗണിന്റെ ഏഞ്ചൽസ് ആൻഡ് ഡീമോൺസ് (2000), ദി ഡാവിഞ്ചി കോഡ് (2003) പോലുള്ള നോവലുകളും, ഹോളിവുഡ് സിനിമകളും ഈ കഥകൾ സാധാരണക്കാരിലേക്ക് എത്തിച്ചു. രാഷ്ട്രീയ നേതാക്കളും, പോപ്പ് ഗായകരും, സിനിമാ താരങ്ങളും, ഇല്ലുമിനാറ്റിയുടെ പാവകളാണെന്ന വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴി പടർന്നു. മൈക്കിൾ ജാക്‌സൺ, മഡോണ, കെയ്റ്റി പെറി, ജയ്-ഇസഡ്, ബിയോൺസെ,റിഹാന, കന്യേ വെസ്റ്റ്, ലേഡി ഗാഗ, എന്നിവർ ഈ ഗൂഡാലോചനാ സിദ്ധാന്തങ്ങളിൽ കുടുങ്ങിയവരാണ്.
റോമൻ ജ്ഞാന ദേവതയുടെ പ്രതീകമായ ഔൾ ഓഫ് മിനിർവ ആയിരുന്നു. ഇല്ലുമിനാറ്റിയുടെ യഥാർത്ഥ ചിഹ്നം. എന്നാൽ നിഗൂഢ സിദ്ധാന്തങ്ങൾ മറ്റ് പല ചിഹ്നങ്ങളെയും ഇല്ലുമിനാറ്റിയുമായി കണക്ട് ചെയ്തു. ദി ഐ ഓഫ് പ്രൊവിഡൻസ് എന്ന ചിഹ്നം ഒരു പിരമിഡിനുള്ളിൽ സ്ഥിതി ചെയ്യുന്ന കണ്ണാണ്. ഐ ഓഫ് ഹോറസ് എന്ന ഈജിപ്ഷ്യൻ ചിഹ്നമായ ഈ ഒറ്റക്കണ്ണ് പിന്നീട് ഇല്ലുമിനാറ്റിയുടെ ദി ഐ ഓഫ് പ്രൊവിഡൻസ് ആയി കൂട്ടിവായിക്കപ്പെട്ടു. ദൈവത്തിന്റെ സംരക്ഷണത്തെയും സാന്നിധ്യത്തെയുമാണ് ഇത് ആത്മീയമായി പ്രതിനിധീകരിക്കുന്നത്. യു.എസ്. വൺ ഡോളർ ബില്ലിൽ ഇത് കാണാം. യഥാർത്ഥത്തിൽ ഇത് ഒരു ക്രിസ്ത്യൻ-മേസോണിക് ചിഹ്നമാണ്. ബവേറിയൻ ഇല്ലുമിനാറ്റിയുമായി ഇതിന് ചരിത്രപരമായ ബന്ധമില്ല. യു.എസ്. ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് ഏജൻസിയുടെ ലോഗോ, വിവിധ രാജ്യങ്ങളിലെ പ്രതിരോധ ചിഹ്നങ്ങൾ, ഫ്രഞ്ച് വിപ്ലവത്തിലെ മനുഷ്യാവകാശ പ്രഖ്യാപനം, വിസ്‌കോൺസിനിലെ പള്ളികൾ, പോളണ്ടിലെ ജൂത സ്മശാനങ്ങൾ എന്നിവയിലെല്ലാം ഈ ചിഹ്നം കാണാം. അടിത്തറ ഉറച്ചതും, ഉയരങ്ങളിലേക്ക് നിർമ്മാണം തുടരുന്നതുമായ ഒരു രാഷ്ട്രത്തിന്റെ പ്രതീകമായാണ് പൂർത്തിയാകാത്ത പിരമിഡ് ചിഹ്നം യു.എസ് മുദ്രയിൽ ഉപയോഗിച്ചത്. എന്നാൽ നിഗൂഢ സിദ്ധാന്തങ്ങൾ ഇതിനെ ലോക ഭരണാധികാരത്തിന്റെ പടിക്കെട്ടുകളായി വ്യാഖ്യാനിച്ചു. സംഘടനയ്ക്ക് മേൽ ആരോപിക്കപ്പെട്ട ബിംബങ്ങളായ തലയോട്ടി, സർപ്പം, സാത്താൻ എന്നീ രൂപങ്ങൾ വന്നത് ഇല്ലുമിനാറ്റി കത്തോലിക്കാ സഭയ്‌ക്കെതിരെ നിന്നതു കൊണ്ടാണ്. സഭ ഇവരെ സാത്താൻ സേവകരെന്ന് മുദ്ര കുത്തി.
1847-ൽ മാർക്‌സും, ഫ്രെഡറിക് ഏംഗൽസും ലീഗ് ഓഫ് ജസ്റ്റ് എന്ന സംഘടനയിൽ ചേർന്നു. അത് പിന്നീട് കമ്മ്യൂണിസ്‌റ് ലീഗ് ആയി. ഇത് ഇല്ല്യൂമിനേറ്റിയുടെ തുടർച്ചയാണെന്നു വാദിക്കുന്നവരുണ്ട്. മാർക്‌സിന്റെ ശരീര ഭാഷയെ ഇല്ലുമിനാറ്റിയുടെ ഉടൽവ്യാകരണങ്ങളായി ചിലർ വ്യാഖ്യാനിച്ചു.
1963 ൽ ജോൺ എഫ് കെന്നഡിയുടെ കൊലപാതകം, ജോൺ ലെനോൺ , മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, ട്യുപാക് ഷാകുർ, മൈക്കിൾ ജാക്‌സൺ എന്നിങ്ങനെ പല പ്രമുഖരുടെയും ദുരൂഹ മരണങ്ങൾ എന്നിവയ്ക്ക് പിന്നിൽ ഇല്ലുമിനാറ്റിയാണെന്ന കഥകൾ വന്നു. 1990-കളിൽ കോൾഡ് വാർ കാലത്ത് ജോർജ്ജ് ഡബ്ല്യു. ബുഷ് ഉപയോഗിച്ച ന്യൂ വേൾഡ് ഓർഡർ എന്ന വാക്ക് ഇല്ലുമിനാറ്റിയുമായി കൂട്ടി ചേർക്കപ്പെട്ടു. ജോർജ്ജ് വാഷിംഗ്ടണും, തോമസ് ജെഫേഴ്‌സണും ഇല്ലുമിനാറ്റി അംഗങ്ങളായിരുന്നില്ല. വാഷിംഗ്ടൺ ഒരു സജീവ ഫ്രീമേസൺ ആയിരുന്നു. യൂറോപ്പിലെ ഇല്ലുമിനാറ്റിയുടെ തീയറികളെ പറ്റി കേട്ടിട്ടുണ്ടെന്ന് വാഷിംഗ്ടൺ പരസ്യമായി സമ്മതിച്ചെങ്കിലും, അവ അമേരിക്കൻ ലോഡ്ജുകളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. തോമസ് ജെഫേഴ്‌സൺ വീഷൗപ്റ്റിന്റെ സ്വാതന്ത്ര്യ സങ്കൽപ്പങ്ങളെ പ്രശംസിച്ചതിനെ തുടർന്ന്, 1800-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ എതിരാളികൾ അദ്ദേഹം ഒരു ഇല്ലുമിനാറ്റിയാണെന്ന് ആരോപണമുയർത്തി.
അമേരിക്കൻ ഡോളർ പുറത്തിറക്കുന്നതിൽ ഫെഡറൽ റിസർവിന്റെ ആധിപത്യം കുറയ്ക്കാനും, രഹസ്യ സംഘടനകൾക്കെതിരെ സംസാരിക്കാനും തുനിഞ്ഞതിനാലാണ് ജോൺ എഫ്. കെന്നഡിയെ ഇല്ലുമിനാറ്റി ഇല്ലാതാക്കിയതെന്ന് ചിലർ വാദിക്കുന്നു. ലോക നേതാക്കൾ ഫോട്ടോകൾക്ക് പോസ് ചെയ്യുമ്പോഴോ, പ്രസംഗിക്കുമ്പോഴോ കാണിക്കുന്ന ചില സാധാരണ മുദ്രകളെ ഉദാഹരണത്തിന് ത്രികോണ ചിഹ്നം/Merkel-Raute, 'OK' സൈൻ, കോട്ട് പോക്കറ്റിനുള്ളിൽ കൈ ഒളിപ്പിക്കൽ എന്നിവ ഇല്ലുമിനാറ്റിയോടുള്ള കൂറ് പ്രഖ്യാപിക്കുന്ന കോഡുകളായി ഇന്റർനെറ്റ് വ്യാഖ്യാനിക്കുന്നു. ആഞ്ചല മെർക്കൽ, ബരാക് ഒബാമ, ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ പല നേതാക്കളും ഇതിന്റെ പേരിൽ പ്രചാരണങ്ങൾക്ക് ഇരയായിട്ടുണ്ട്.
ഇല്ലുമിനാറ്റിയുടെ ചരിത്രത്തിൽ പതിമൂന്നു പ്രമുഖ കുടുംബങ്ങൾ അംഗങ്ങളായിരുന്നു എന്ന് പറയുന്നുണ്ട്. ആസ്റ്റർ, ബണ്ടി, കോളിൻസ്, ഡ്യുപൗണ്ട്, ഫ്രീമാൻ, കെന്നെഡി, ലി, ഒനേസിസ്, റോക്‌ഫെല്ലർ, റോത്സ്‌ചൈൽഡ്, റസ്സൽ, വാൻ ദുയിൻ, ഡി മെറോവിഞ്ചിയൻ ബ്ലെഡ് ലൈൻ എന്നിവയാണ് അത്. '13 Bloodlines of the Illuminati' എന്ന ഈ രക്ത പരമ്പര, ചരിത്രപരമായ ബാങ്കിംഗ് കുടുംബങ്ങളെയും, വ്യവസായ പ്രമുഖരെയും, നിഗൂഢ സങ്കൽപ്പങ്ങളെയും കോർത്തിണക്കി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രൂപപ്പെടുത്തിയ ഒരു ഭാവന മാത്രമാണ്.
റോത്ചൈൽഡ് കുടുംബം, റോക്ക്‌ഫെല്ലർ കുടുംബം എന്നിവർ സെൻട്രൽ ബാങ്കുകളെയും, പണമിടപാടുകളെയും നിയന്ത്രിച്ച് ലോക നേതാക്കളെ സാമ്പത്തികമായി അധീശത്വത്തിലാക്കുന്നു എന്ന് ആരോപണമുണ്ടായി. വാട്ടർലൂ യുദ്ധാനന്തരം ലണ്ടൻ സ്റ്റോക്ക് മാർക്കറ്റ് നിയന്ത്രിച്ചു എന്ന് ആരോപിക്കപ്പെടുന്ന റോത്ചൈൽഡ് ജൂത ബാങ്കിംഗ് കുടുംബത്തെ പല സിദ്ധാന്തങ്ങളും ഇല്ലുമിനാറ്റിയുമായി ബന്ധപ്പെടുത്തുന്നു. രാഷ്ട്രീയത്തിലെ പ്രമുഖരായ ജോർജ്ജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ, ബരാക് ഒബാമ എന്നിവർ ഈ രഹസ്യ സംഘടനകളിലെ അംഗത്വത്തിലൂടെ ലോക ഭരണാധികാരം കൈയാളുന്നു എന്ന് വിവാദമുണ്ടായി. ആഗോള നിക്ഷേപകരായ ജോർജ്ജ് സോറോസ്, ബിൽ ഗേറ്റ്‌സ് എന്നിവരുടെ ആഗോള വികസന പദ്ധതികൾക്കും, ആരോഗ്യ നയങ്ങൾക്കും പിന്നിൽ ജനസംഖ്യ നിയന്ത്രിക്കാനുള്ള ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആഖ്യാനങ്ങൾ ആരോപിക്കപ്പെട്ടു. അന്താരാഷ്ട്ര ബാങ്കിംഗ് അട്ടിമറികൾ മുതൽ പോപ് സംസ്‌കാരത്തിലെ മൈൻഡ് കൺട്രോൾ വരെയുള്ള സർവ്വ കാര്യങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് ഇല്ലാതായിപ്പോയ വീഷൗപ്റ്റിന്റെ ഈ വിദ്യാർത്ഥി ക്ലബ്ബാണെന്ന വ്യാജ പ്രചാരണങ്ങൾ ഉണ്ടായി.
1776-ൽ ആദം വീഷൗപ്റ്റ് സ്ഥാപിച്ച ബവേറിയൻ ഇല്ലുമിനാറ്റി 1785-ൽ ബവേറിയൻ ഭരണകൂടം നിരോധിച്ചതോടെ പൂർണ്ണമായും നാമാവശേഷമായതാണ്. ഇന്നത്തെ ലോക നേതാക്കൾ ആ പഴയ സംഘടനയുടെ ഭാഗമല്ല.
പരമാർഥത്തിൽ, പതിനെട്ടാം നൂറ്റാണ്ടിലെ ഒരു കോമൺ അക്കാദമിക് ചിന്തകൻ മാത്രമായിരുന്നു ആദം വീഷൗപ്റ്റ്. യുദ്ധമോ, രാഷ്ട്രീയമോ ഇല്ലാതെ വെറും ഒരു രഹസ്യ സംഘടനയിലൂടെ ലോകത്തെ യുക്തിയിലേക്കു നയിക്കാമെന്നു വിശ്വസിച്ച പ്രതിഭാശാലിയും എന്നാൽ കടുംപിടുത്തക്കാരനും, കുറച്ചു വട്ടനും, തികച്ചും നിഷ്‌കളങ്കനുമായ ഒരു വെറും മോർട്ടൽ.
Content Highlights: Explains the difference between a Deep State and Secret Societies., Traces the true historical origins of the Bavarian Illuminati founded by Adam Weishaupt in 1776., Debunks modern conspiracy theories linking historical figures and pop culture icons to secret global domination.