സ്ത്രീയുടെ സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റുണ്ടോ? ദീപികയും കത്രീനയും നയൻതാരയും പറയുന്നത്

സോഷ്യൽ മീഡിയയുടെ ഫീഡിൽ നിറയെ അമ്മമാരാണ്. പ്രസവം കഴിഞ്ഞ് 37 ദിവസത്തിനുള്ളിൽ ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തിയ ദീപിക പദുകോൺ സിങ്, ആറാഴ്ചയ്ക്കുള്ളിൽ ബിക്കിനിയണിഞ്ഞ് വിക്ടോറിയ സീക്രട്സിന്റെ റാംപിൽ ചുവടുവെച്ച ബാർബറ പൽവിൻ, പ്രസവശേഷമുള്ള ശരീരമാറ്റത്തെ അപഹസിച്ചവരോട് തിരിച്ചുപോകണമെന്നോ എങ്ങോട്ട് എന്ന് ചോദിച്ച കത്രീന അങ്ങനെ അമ്മയായ ശേഷവും കരിയറിന്റെ വേഗം കുറയ്ക്കാത്ത കുറച്ചുപേർ. സ്ത്രീയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിനും സമൂഹം ഒരു സ്ക്രിപ്റ്റ് എഴുതിവെച്ചിട്ടുണ്ട്. ആ സ്ക്രിപ്റ്റിൽനിന്ന് സ്വയം ഇംപ്രൊവൈസ് ചെയ്ത ജീവിതം ജീവിക്കുന്നവരാണ് ഇവർ. മുപ്പതിന് മുൻപേ അമ്മയാകണം, കല്യാണം കഴിഞ്ഞാൽ ഉടൻ വേണം 'വിശേഷം', അമ്മയാകുന്നതോടെ കരിയർ അവസാനിച്ചു തുടങ്ങി മാതൃത്വവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി നമുക്കിടയിൽ നിലനിന്നിരുന്ന ടിപ്പിക്കൽ ചിന്താഗതികളെ ഒന്നൊന്നായി ഇവർ തിരുത്തുകയാണ്. സെലിബ്രിറ്റികൾ എന്നൊരു പ്രിവിലെജ് സാധാരണക്കാരിൽനിന്ന് വ്യത്യസ്തമായി ഇവർക്കുണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ, അതിനൊരു അർധവിരാമം ഇട്ട് തുടർന്നാൽ വിവാഹം കഴിഞ്ഞ് അപ്രത്യക്ഷരാകുന്ന സെലിബ്രിറ്റികൾക്കിടയിൽപോലുമുണ്ടായിരുന്ന മാമൂലുകളെയാണ് ഇവർ തിരുത്തിയത്. ഇവരെല്ലാവരും പറഞ്ഞുവയ്ക്കുന്നത് ഒരേയൊരു കാര്യമാണ്, മാതൃത്വം ഒരു തിരഞ്ഞെടുപ്പാണ്, തികച്ചും വ്യക്തിപരമായ ഒന്ന്.
2018ൽ, കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ് ദീപിക പദുകോൺ വിവാഹിതയാകുന്നത്. ദീപിക അഭിനയിച്ച പദ്മാവത് വിവാദങ്ങളെയും മറികടന്ന് കോടിക്കിലുക്കവുമായി തിയേറ്ററുകൾ കീഴടക്കുന്നത് ഏതാണ്ട് അതേ സമയത്താണ്. ഏറ്റവും വലിയ തുക പ്രതിഫലം പറ്റുന്ന ഇന്ത്യയിലെ അഭിനേത്രിയായിരുന്നു അപ്പോഴവർ. ഏകദേശം അതേ സമയത്തുതന്നെയാണ് ലോകത്തെ സ്വാധീനശക്തിയുള്ള നൂറുപേരുടെ പട്ടികയിൽ അവർ ഇടംപിടിക്കുന്നതും. വിവാഹത്തോടെ പ്രഭ മങ്ങിയൊടുങ്ങുന്ന വെള്ളിത്തിരയിലെ താരമാകുന്നതിന് പകരം വിവാഹത്തോടെ വിജയത്തിന്റെ പടികൾ കുറേക്കൂടി ഊർജസ്വലയായി അവർ ചവിട്ടിക്കയറി. വിശേഷമൊന്നുമായില്ലേ എന്ന ചോദ്യം കേൾക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സ്വയം പണിതുയർത്തിയ സാമ്രാജ്യം അത്രപെട്ടെന്നിളകാത്ത രീതിയിൽ കഠിനാധ്വാനത്തിലൂടെ ഉറപ്പിക്കുകയായിരുന്നു ദീപിക. അങ്ങനെ കരിയറിലും ബിസിനസ്സിലും മിന്നിത്തിളങ്ങി നിൽക്കുന്നതിനിടയിലാണ് 38-ാം വയസ്സിൽ അവർ അമ്മയാകുന്നത്. അപ്പോഴേക്കും സ്റ്റാർവാല്യൂ മാത്രമല്ല ആവശ്യങ്ങൾ ചോദിച്ചുവാങ്ങാനുള്ള വോയ്സും (മുൻനിര നായക നടന്മാർക്ക് കാലങ്ങളായുണ്ടായിരുന്ന പ്രിവിലെജ്) അവർ നേടിയെടുത്തിരുന്നു. ഓർമയില്ലേ എട്ടുമണിക്കൂർ വിവാദം.
Content Highlights: Explore how celebrities like Deepika Padukone and Katrina Kaif challenge traditional motherhood norms, emphasizing personal choice and career continuity post-motherhood.