കട്ടിലിനടിയിലെ രൂപം കണ്ട് ആദ്യം പേടിച്ചു, പിന്നെ പുറത്തിറങ്ങിയ അവളെ നാട്ടുകാര്‍ തെറി കൊണ്ട് മൂടി

പാതാണി കദീസാത്താടെ വീട്ടില് വാടകക്കാര് വന്ന്.' ആ വാര്‍ത്ത മണിക്കൂറുകള്‍ക്കകം കാട്ടുതീ പോലെ നാടാകെ പരന്നു. അത് കേട്ടവരൊക്കെ അതിശയത്തോടെ മൂക്കത്ത് വിരല്‍വെച്ചു. കാരണം, പത്താണുങ്ങള്‍ ഒരുമിച്ച് മുന്‍പില്‍ നിരന്ന് നിന്നാല്‍ പോലും മിനിറ്റുകള്‍ക്കകം അവരെ നാവ് കൊണ്ട് അടിച്ച് നിലംപരിശാക്കാന്‍ കഴിവുള്ള പെണ്‍സിംഹമാണ് കദീസാത്ത. അറിഞ്ഞുകൊണ്ട് അവരുടെ മടയില്‍ ആരുമങ്ങനെ തല വെച്ച് കൊടുക്കാറില്ല. പക്ഷേ, അതൊന്നും വകവെക്കാതെ താമസക്കാരായി വന്ന കില്ലാഡികള്‍ ആരെന്ന് ആളുകള്‍ പരസ്പരം കുശുകുശുത്തു. അതിനെ ചൊല്ലി നാട്ടിലാകെ പല അഭ്യൂഹങ്ങളും പരക്കുകയും ചെയ്തു. അങ്ങനെ നാടൊന്നാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നൊരു പകലിലേക്ക് ചുള്ളന്‍മാരായ ആറോളം യുവാക്കള്‍ ഒരു കെട്ട് തുണിയുമായി ഓട്ടോറിക്ഷയില്‍ കദീസാത്തയുടെ വീട്ടുമുറ്റത്ത് വന്നിറങ്ങി.
ഇന്‍സ്റ്റാള്‍മെന്റായി തുണിക്കച്ചവടം ചെയ്ത് വരുമാനമുണ്ടാക്കി ജീവിതം കരുപ്പിടിപ്പിക്കാമെന്ന് സ്വപ്നം കണ്ട് എത്തിയ തെക്കരായിരുന്നു അവര്‍. മറ്റൊരു നാട്ടില്‍ നിന്ന് എത്തുന്നവര്‍ക്ക് വളരെ വേഗം രണ്ടാംകുറ്റിയിലെ ദേശത്തിനകമെന്ന ദേശവുമായി ഇണങ്ങിപ്പോകുവാന്‍ കഴിയുമായിരുന്നില്ല. ഒന്നാമത്തെ പ്രശ്‌നം നാറ്റമാണ്. കശാപ്പുശാലകള്‍ക്ക് പേരെടുത്ത നാടായത് കൊണ്ട് തന്നെ ആഴ്ചയിലെ പല ദിവസങ്ങളെയും നാറ്റങ്ങളായാണ് അന്ന് അടയാളപ്പെടുത്തിവെച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും തോല്‍വണ്ടി വരുന്ന ദിവസം പരിസരമാകെ അഴുകിയ തോലിന്റെ നാറ്റമാണ്. എല്ല് കയറ്റിക്കൊണ്ടു പോകാനായി വണ്ടി വരുന്ന ദിവസം കൊഴുകൊഴുത്ത ദുര്‍ഗന്ധത്താല്‍ ഓക്കാനിച്ച് കുടല്‍ വന്ന് തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നത് പോലെ തോന്നും.
Content Highlights: village story love story mystery malayalam story Jasina Rahim installment sellers social change