തപോവനം മെലഡീസിന്റെ ശ്രാവണപൗര്‍ണമി മെയ് 24 ന്, അക്ഷരരത്‌നം ലെജന്ററി അവാര്‍ഡ് എം.ഡി. രാജേന്ദ്രന്

എം.ഡി.രാജേന്ദ്രന്‍ / ഫോട്ടോ: പി.ജയേഷ്, മാതൃഭൂമി
എം.ഡി.രാജേന്ദ്രന്‍ / ഫോട്ടോ: പി.ജയേഷ്, മാതൃഭൂമി

കോഴിക്കോട്: ചക്കോരത്തുകുളം ഈസ്റ്റ്ഹില്‍ റോഡിലെ തപോവനം പാര്‍ക്ക് ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന  സംഗീതോപാസകരുടെ കൂട്ടായ്മയായ തപോവനം മെലഡീസിന്റെ ശ്രാവണ പൗര്‍ണ്ണമി സംഗീത പരിപാടി 2025 മെയ് 24 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ. തോട്ടത്തില്‍ രവീന്ദ്രന്‍ ശ്രാവണ പൗര്‍ണ്ണമിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ചടങ്ങില്‍ ചലച്ചിത്രഗാന രംഗത്തെ പ്രമുഖ വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമായ അക്ഷരരത്‌നം ലെജന്ററി അവാര്‍ഡ് പ്രശസ്ത കവിയും ഗാന രചയിതാവുമായ എം.ഡി. രാജേന്ദ്രന് ചലച്ചിത്ര ഗാന ഗവേഷകന്‍ രവി മേനോന്‍ സമ്മാനിക്കും. രവി മേനോന്‍ ചെയര്‍മാന്‍ ആയിട്ടുള്ള ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയായിരുന്നു കഴിഞ്ഞ തവണ പ്രസ്തുത അവാര്‍ഡിന് അര്‍ഹനായത്.

തപോവനം മെലഡീസ് കണ്‍വീനര്‍ നന്ദകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോ. കണ്‍വീനര്‍ രാജേന്ദ്രന്‍ കെ. സ്വാഗതം പറയും. ഡോ. മെഹറൂഫ് രാജ്, ഇ.വിജയരാജന്‍ എന്നിവര്‍ ആശംസയും ഷീബ പ്രേമാനന്ദ് നന്ദിയും പ്രകാശിപ്പിക്കും. തുടര്‍ന്ന് 6 മണിക്ക്  തപോവനം മെലഡീസ് ഒരുക്കുന്ന എം.ഡി.രാജേന്ദ്രന്‍ രചന നിര്‍വഹിച്ച ഗാനങ്ങള്‍ക്ക്  പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള അറിയാതെ.... അറിയാതെ... എന്ന സംഗീത നിശയും അരങ്ങേറുന്നതാണ്. കണ്‍വീനര്‍ നന്ദകുമാര്‍, ജോ.കണ്‍വീനര്‍മാരായ രാജേന്ദ്രന്‍ കെ, ഷീബ പ്രേമാനന്ദ്, ട്രഷറര്‍ ലേഖ കോറോത്ത്, ശ്രീരാജ്  എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


 

Content Highlights: Thapovanam Melodies Shravanapournami music program is on May 24th