കൗതുകക്കാഴ്ചയായി തോട്ടിലെത്തിയ കടലാമ

വടകര മണിയൂര്‍ പഞ്ചായത്തിലെ പാലയാട് ചൊവ്വാപ്പുഴയോട് ചേര്‍ന്നുള്ള തോട്ടില്‍ ഭീമന്‍ കടലാമയെ കണ്ടെത്തി. തുരുത്തീമ്മല്‍ കുഞ്ഞിരാമന്റെ വീടിനു മുന്നിലുള്ള തോട്ടിലാണ് ആമയെ കണ്ടത്. കടലില്‍ നിന്നും അബദ്ധത്തില്‍ കുറ്റ്യാടി പുഴ വഴി ചൊവ്വാപ്പുഴയിലേക്ക് കയറിയതാണെന്ന് സംശയിക്കുന്നു.

കേരളതീരത്ത് അധികം കാണാത്ത ഗ്രീന്‍ ടര്‍ട്ടിള്‍ ഇനത്തില്‍ പെട്ട ആമയാണിതെന്ന് സംശയമുണ്ടെന്ന് കൊളാവിപ്പാലം ആമവളര്‍ത്തുകേന്ദ്രം പ്രവര്‍ത്തകര്‍ പറഞ്ഞു. ഹോക്സ്ബില്‍ ഇനമാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതും കേരളതീരത്ത് മുട്ടയിടാന്‍ വരുന്നത് അപൂര്‍വമാണ്.

Content Highlights: sea turtle