കക്കോടിബസാറിൽ ഭീതിപരത്തി തെരുവുനായക്കൂട്ടം

കക്കോടി : അതിരാവിലെ കക്കോടി ബസാറിലൂടെ കടന്നുപോകുന്നവർ തെരുവുനായക്കൂട്ടത്തെ ഭയന്ന് ഭീതിയോടെ പോകേണ്ട അവസ്ഥയാണ്. ബാലുശ്ശേരി റോഡിൽ കക്കോടി ആരോഗ്യകേന്ദ്രംമുതൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപംവരെയുള്ള ഭാഗങ്ങളിൽ കടവരാന്തകളിലാണ് തെരുവുനായക്കൂട്ടം
തമ്പടിക്കുന്നത്. പകൽ നടപ്പാതയിൽ കാൽനടയാത്രക്കാർക്ക് വഴി തടസ്സമാക്കി കൂട്ടത്തോടെ കിടക്കുന്നു. നടപ്പാതയിൽ കിടക്കുമ്പോൾ നടന്നുപോകുന്നവർ ചിലപ്പോൾ വഴിമാറി റോഡിലൂടെ ഇറങ്ങിനടക്കേണ്ട സാഹചര്യമാണ്. ആക്രമണകാരികളായ നായകളും ഇവയുടെ കൂട്ടത്തിലുണ്ട്. നടന്നുപോകുന്നവരുടെ അടുത്തേക്ക് കുരച്ചുചാടിവരുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വാഹനങ്ങൾ പോകുമ്പോൾ വേഗത്തിൽ റോഡിലൂടെ ഓടുന്നതും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നതായി കച്ചവടക്കാരും പറയുന്നു.
രാവിലെ നടക്കാൻ ഇറങ്ങുന്നവരും പത്രവിതരണക്കാരും ഭീതിയോടെയാണ് ദിവസവും പോകുന്നത്. ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാണ്. രാത്രിയിൽ കടകൾ അടച്ചുകഴിഞ്ഞാൽ കടവരാന്തകളിലാണ് കൂട്ടത്തോടെ കിടക്കുന്നത്.
കൂടത്തുംപൊയിൽ, ഒറ്റത്തെങ്ങ്, ചെലപ്രം, ബദിരൂർ, ചെറുകുളം, കച്ചേരി റോഡ്, കക്കോടിമുക്ക്, മൂട്ടോളി, കിഴക്കുംമുറി, പടിഞ്ഞാറ്റുംമുറി, മോരിക്കര തുടങ്ങിയ ഭാഗങ്ങളിലും അടുത്തകാലത്തായി തെരുവുനായശല്യം കൂടിയിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു.