നടുവണ്ണൂരിൽ ബാങ്കിനുമുന്നിലെ സമരം; സംഘർഷഭരിതം

നാലു മണിക്കൂർ ഗതാഗതം സ്തംഭിച്ചു
ബസ് യാത്രക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റം
പേരാമ്പ്ര : ജപ്തിഭീഷണിയെത്തുടർന്ന് കൂത്താളിയിൽ കവിത ജീവനൊടുക്കിയ സംഭവത്തിൽ നടുവണ്ണൂരിലെ ബാങ്കിനുമുന്നിൽ നടന്ന സമരം സംഘർഷ ഭരിതമായി. രാവിലെ ഒൻപതോടെ തന്നെ വിവിധ പ്രദേശങ്ങളിൽനിന്ന് ജനങ്ങൾ ബാങ്ക് പരിസരത്തേക്ക് എത്തിക്കൊണ്ടിരുന്നു. ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ബാങ്കിൽ ഉദ്യോഗസ്ഥർ അകത്തുകയറി ഷട്ടർ താഴ്ത്തി പോലീസ് മുൻവശത്ത് കാവൽനിന്നു. പ്രവേശനഭാഗത്ത് ബാരിക്കേഡും സ്ഥാപിച്ചു. എ.എസ്.പി. ആരതി യാദവ്, നാദാപുരം ഡിവൈ.എസ്.പി. മനോജ്, പേരാമ്പ്ര സി.ഐ. എം.കെ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹം സമരക്കാരെ നേരിടാൻ ഒരുക്കിയിരുന്നു.
സർവകക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും കടക്കെണി വിമോചന മുന്നണി പ്രവർത്തകരും സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനക്കാരും സമരത്തിൽ അണിചേർന്നു. കടം എഴുതിത്തള്ളണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാവിലെ 10.45-ഓടെ കവിതയുടെ മൃതദേഹം കയറ്റിയ ആംബുലൻസ് ബാങ്കിനുമുന്നിൽ എത്തിച്ചേർന്നു. ഇതോടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സംസ്ഥാനപാതയിൽ നിലയുറപ്പിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. എം.എൽ.എ.മാരായ ഫാത്തിമ തഹിലിയ, വി.ടി. സൂരജ് എന്നിവർ സ്ഥലത്തെത്തിയതോടെ ബാങ്ക് അധികൃതരുമായി ചർച്ചകൾതുടങ്ങി. ഒരുമണിക്കൂർ കഴിഞ്ഞിട്ടും തീരുമാനമൊന്നുമാകാതെ വന്നതോടെ കളക്ടർ സ്ഥലത്തെത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. 12 മണിയോടെ സബ് കളക്ടർ പി.പി. അർച്ചന സ്ഥലത്തെത്തി തുടർന്നുള്ള ചർച്ചകൾക്ക് നേതൃത്വംനൽകി.
ഇതിനിടയിൽ റോഡിൽ സമരംചെയ്തിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കാൻ തുടങ്ങിയത് സംഘർഷത്തിനിടയാക്കി. നാലു പേരെ പോലീസ് വാഹനത്തിൽക്കയറ്റി. ഇതോടെ സമരക്കാർ പോലീസിനെതിേര തിരിഞ്ഞു. ആരെയും അറസ്റ്റുചെയ്യാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ഉന്തുംതള്ളുമായി. പോലീസ് അറസ്റ്റിൽ നിന്നും പിൻവാങ്ങി മടങ്ങി. വാഹനത്തിൽ കയറ്റിയവരെ പുറത്തിറക്കാനുള്ള ശ്രമവും പോലീസുമായി ഉന്തും തള്ളിലും കലാശിച്ചു. ഒരു സമരക്കാരൻ പോലീസ് വാനിന്റെ മുൻഭാഗത്ത് കയറി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. സമരക്കാരെ നീക്കി പോലീസ് വാഹനം പിന്നീട് േപരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഉച്ചകഴിഞ്ഞും അന്തിമതീരുമാനം പ്രഖ്യാപിക്കുന്നത് നീണ്ടതോടെ പ്രവേശന കവാടത്തിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് സമരക്കാർ മറിച്ചിട്ടു. എ.ടി.എം. കൗണ്ടറിന്റെ ഷട്ടറിനോടാണ് ബാരിക്കേഡിന്റെ കയർ കെട്ടിയിരുന്നത്. ബാരിക്കേഡ് മറിഞ്ഞപ്പോൾ ഷട്ടർ തകർന്നു. ബാങ്കിനുള്ളിലേക്ക് പ്രവേശിക്കുമെന്നും മുന്നറിയിപ്പുനൽകി. പോലീസ് ഇക്കാര്യം ചർച്ചനടത്തുന്നവരെ അറിയിച്ചതോടെ പത്തുമിനിറ്റനകം തീരുമാനം അറിയിക്കുകയായിരുന്നു.
സമരത്തെത്തുടർന്ന് ഗതാഗതം മുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി.യടക്കം ഒട്ടേറെ ബസുകളുടെ യാത്ര തടസ്സപ്പെട്ടു. ഏറെ നേരം കെ.എസ്.ആർ.ടി.സി. ബസിനകത്ത് ഇരുന്ന യാത്രക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. തുടർന്ന് ബസിനെ കടത്തിവിടാൻ പോലീസ് ശ്രമിച്ചെങ്കിലും സമരക്കാർ അനുവദിച്ചില്ല. യാത്രക്കാർ എതിർവശത്തേക്ക് നടന്നുപോയി വേറെ വാഹനത്തിൽ യാത്രതുടരുന്നതും കാണാമായിരുന്നു. കുറെ വാഹനങ്ങൾ മറ്റുവഴികളിലൂടെ യാത്രതുടരുകയായിരുന്നു. സമരം അവസാനിച്ചശേഷമാണ് ബസുകൾ കടത്തിവിട്ടത്.
ചർച്ചയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്.കെ. സജീഷ്, രാജൻ മരുതേരി, പ്രഫുൽ കൃഷ്ണ, രജീന്ദ്രൻ കപ്പള്ളി, എം. കുഞ്ഞമ്മദ്, കെ.എം. ബാലകൃഷ്ണൻ, രാജൻ കെ. പുതിയേടത്ത്, ആർ.കെ. മുനീർ, ഇ.ടി. സത്യൻ, ബിജു സി. എരവട്ടൂർ, എൻ.എം. മണി തുടങ്ങിയവർ പങ്കെടുത്തു.