ആനക്കൂട്ടങ്ങൾ ഒരാഴ്ചയായി ജനവാസമേഖലയിൽ; ഭീതിയോടെ വിലങ്ങാട്

#ജിജേഷ് ചുഴലി

കാട്ടാനക്കൂട്ടം നശിപ്പിച്ചത് ലക്ഷങ്ങളുടെ കൃഷി

വിലങ്ങാട്: പകൽവെളിച്ചത്തിൽപോലും പുറത്തിറങ്ങാൻ ഭയക്കുന്ന ജനങ്ങൾ. രാത്രിയായാൽ ഭീതി ഇരട്ടിയാകും. എപ്പോൾ വേണമെങ്കിലും കാട്ടാനയോ കാട്ടുപോത്തോ മുന്നിൽ പ്രത്യക്ഷപ്പെടാമെന്ന ആശങ്കയിലാണ് വിലങ്ങാട്ടെ മലയോര ജനത.

കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം തുടരുന്നതിനിടെ ജനങ്ങളുടെ ​െ​െസ്വരജീവിതവും കർഷകരുടെ ഉപജീവനമാർഗവും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്.വാണിമേൽ, വളയം പഞ്ചായത്തുകളുടെ മലയോര മേഖലകളിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചത്. ചിറ്റാരി, മലയങ്ങാട്, മാടാഞ്ചേരി, വാളൂക്ക്, ആയോട്, കുറ്റല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ആനക്കൂട്ടം കൂട്ടത്തോടെ ഇറങ്ങി കൃഷിയിടങ്ങൾ തകർത്തത്. കാവൂർ മൊയ്തു ഹാജി, ഇഞ്ചിക്കൽ വിൽസൺ, ജോസ് കൊച്ചുപുരക്കൽ, ബാബു എളൂക്കുന്നേൽ, കുട്ടിച്ചൻ എളൂക്കുന്നേൽ, ജിന്റോ പുത്തൻപുര എന്നിവരുടെ കൃഷിയിടങ്ങളിലെ റബ്ബർ, തെങ്ങ്, കവുങ്ങ്, കൊക്കോ, കുരുമുളക് തുടങ്ങിയ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ ജില്ലയിലെ കണ്ണവം റിസർവ് വനത്തിൽനിന്ന് എത്തിയതെന്ന് കരുതുന്ന ഏഴോളം കാട്ടാനക്കൂട്ടങ്ങളാണ് വിലങ്ങാടിന്റെ വിവിധഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. കൂട്ടത്തോടെ എത്തുന്ന ആനകൾ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് വിളകൾ നശിപ്പിക്കുന്നതോടെ കർഷകർക്ക് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. രാത്രിയാത്ര പോലും ഭീതിയിലാണ്‌. കൃഷിനാശത്തിനപ്പുറം ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി വന്യമൃഗശല്യം മാറിയിരിക്കുകയാണ്. കാട്ടാനക്കൂട്ടത്തിന് പുറ​േമ കാട്ടുപോത്തും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങുന്നതോടെ നാട്ടുകാർ ഭീതിയിലാണ്. രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരും അതിരാവിലെ ജോലിക്കിറങ്ങുന്നവരുമാണ് ഏറെ ആശങ്കയിലാകുന്നത്. റോഡിൽ എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങൾ മുന്നിലെത്താമെന്ന ഭയത്തോടെയാണ് പലരും യാത്രചെയ്യുന്നത്.പുലർച്ചെ റബ്ബർ വെട്ടാനെത്തുന്ന തൊഴിലാളികൾക്കും കർഷകർക്കും ഭീതിയോടെയല്ലാതെ ജോലിയിൽ ഏർപ്പെടാനാകുന്നില്ല.

റബ്ബർ തോട്ടങ്ങളിൽ ആനയെയോ കാട്ടുപോത്തിനെയോ കണ്ടാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. കൂട്ടമായി എത്തുന്ന ആനകൾക്കിടയിൽ അകപ്പെട്ടാൽ ജീവൻതന്നെ അപകടത്തിലാകുമെന്ന ആശങ്കയും ഇവർക്കുണ്ട്. കൂടാതെ കൃഷിയിടങ്ങൾ കാടുമൂടുന്ന അവസ്ഥയാണ്. വന്യമൃഗശല്യം കാരണം സ്വകാര്യഭൂമികളിൽ കൃഷിചെയ്യാൻ പോലും കർഷകർ മടിക്കുന്നസ്ഥിതിയാണ്. കാട്ടുപന്നിയും ആനയും മുള്ളൻപന്നിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിനശിപ്പിക്കുന്നത് പതിവായതോടെ പലരും കൃഷി ഉപേക്ഷിച്ചു. ഇതോടെ സ്വകാര്യഭൂമികൾ കാടുമൂടുകയാണ്. കാടുപിടിച്ച ഇത്തരം പ്രദേശങ്ങൾ വന്യമൃഗങ്ങളുടെ താവളമായി മാറുന്നതും നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നു. കൃഷി ചെയ്താൽ നഷ്ടം, ചെയ്യാതിരുന്നാൽ ഭൂമി കാടുമൂടുന്ന അവസ്ഥയിലാണ് കർഷകർ. വന്യമൃഗശല്യം നിയന്ത്രിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ രാപകൽ ഭേദമില്ലാതെ പരിശ്രമിക്കുന്നുണ്ടെങ്കിലും ആനക്കൂട്ടങ്ങളെ പൂർണമായും വനത്തിലേക്ക് തിരിച്ചയക്കാൻ കഴിഞ്ഞിട്ടില്ല. രാത്രിയിലും പകലും ആനകളെ നിരീക്ഷിച്ച് തുരത്താനുള്ള ശ്രമത്തിലാണ് വനപാലകർ. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സുരക്ഷാ സംവിധാനങ്ങളുടെ പരിമിതിയും പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു. രാത്രികാലങ്ങളിൽ ആനകളെ തുരത്താൻ പടക്കവും ടോർച്ചും ഒരു വടിയുമാണ് പ്രധാനമായും ആശ്രയിക്കുന്നതെന്ന് വനപാലകർ പറയുന്നു. അപകടസാധ്യതയുള്ള വന്യമൃഗങ്ങളെ നേരിടാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ജീവനക്കാരും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വിലങ്ങാട് സെക്‌ഷൻ ഓഫീസിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നായ ഇവിടെ ജീവനക്കാർക്ക് വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവരുന്നുണ്ടെന്നും വനപാലകർ ചൂണ്ടിക്കാട്ടുന്നു. പുരുഷ ഉദ്യോഗസ്ഥരുടെ കുറവും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.കർഷകരുടെ കൃഷിയും ജനങ്ങളുടെ ജീവനും ഒരുപോലെ ഭീഷണിയിലായ സാഹചര്യത്തിൽ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂടുതൽ വനപാലകരെ നിയമിക്കുക, രാത്രികാല നിരീക്ഷണം ശക്തമാക്കുക, ആനക്കൂട്ടങ്ങളെ ജനവാസ മേഖലയിൽനിന്ന് സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് ആവശ്യം.കൃഷിനശിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയ്ക്കപ്പുറം നാളെ സ്വന്തം വീട്ടുമുറ്റത്തോ യാത്രാമധ്യേയോ വന്യമൃഗങ്ങളെ നേരിടേണ്ടിവരുമോ എന്ന ഭീതിയാണ് വിലങ്ങാട്ടുകാരെ അലട്ടുന്നത്. കൃഷിയിടങ്ങളിൽ അധ്വാനിച്ച് ജീവിച്ചിരുന്ന ഒരു ജനതയ്ക്ക് ഇപ്പോൾ സ്വന്തംമണ്ണിൽ ​െ​െസ്വരമായി ജീവിക്കാനുള്ള സാഹചര്യംപോലും നഷ്ടപ്പെടുകയാണ്.

പരിമിതികൾക്കിടയിൽ വനപാലകരുടെ ഓട്ടം