‘നടപ്പാത നവീകരിക്കണം’ ആവശ്യം ശക്തം

വടകര : വടകര പുതിയ ബസ് സ്റ്റാൻഡിന് പടിഞ്ഞാറുവശത്തെ നടപ്പാത നവീകരിക്കണമെന്ന ആവശ്യംശക്തമാകുന്നു. എടോടിയിൽനിന്ന്‌ ബസുകൾ പുതിയ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ ആലക്കൽ റെസി​െഡൻസി വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് സഞ്ചരിക്കാനും നടന്നുപോകുന്നതിനുനുമുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

നിലവിൽ ഇതിനുള്ള സ്ഥലം ഇവിടെയുണ്ട്. പക്ഷേ എല്ലാം പൊട്ടിത്തകർന്നുകിടക്കുന്നു വെന്നുമാത്രം. ഇവ നന്നാക്കിയാൽ ഒട്ടേറെപ്പേർക്ക് പ്രയോജനപ്പെടുത്താനാവും. മാത്രമല്ല ഈ ഭാഗത്ത് സ്ഥിതിചെയ്യുന്ന കച്ചവടക്കാർക്കും ഇതിന്റെ ഗുണംലഭിക്കും. പലപ്പോഴും വാഹനങ്ങൾ പാർക്കുചെയ്യാൻ സാധിക്കാത്തതും പ്രയാസമില്ലാതെ നടന്നുപോകാൻ പറ്റാത്തതും കാരണം പലരും ഈ ഭാഗങ്ങളിലേക്ക് പോകുന്നത് കുറവാണ്. ബുക്ക് സ്റ്റാൾ, ഫാൻസി ഷോപ്പുകൾ, ഇന്റർനെറ്റ് സംവിധാനങ്ങൾ, മൊബൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, തുടങ്ങി ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ ബസ് സ്റ്റാൻഡിനു പടിഞ്ഞാറുവശത്തുണ്ട്.

ഓവുചാലിന്റെ സ്ലാബുകൾ പൊട്ടിയനിലയിലാണ്. മഴപെയ്യുമ്പോൾ കുഴികളിൽ വെള്ളംനിറയുന്ന പതിവുമുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നുണ്ട്.

നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ നിരനിരയായി നിർത്തിയിടുന്നത് കാൽനടയാത്രക്കാർക്ക് പ്രയാസം ഉണ്ടാക്കുന്നതുകൊണ്ട് ഇവിടെ പാർക്കിങ് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഓവുചാൽ നവീകരിക്കാൻ നഗരസഭാ പദ്ധതി ഇട്ടിട്ടുണ്ട്. എങ്കിലും ഇതുവഴി നടപ്പാത നിർമിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യംകൂടി പരിഗണിച്ച് പ്രശ്നത്തിന് പരിഹാരംകാണണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എടോടി റോഡു മുതൽ കുറച്ചുഭാഗത്തേക്ക് ഇരുചക്രവാഹനങ്ങൾക്ക് ഓവുചാലിനുമുകളിലെ സ്ലാബ് വഴി പോകാൻ സാധിക്കുമെങ്കിലും ബാക്കിയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞും ചെളിനിറഞ്ഞും കിടക്കുകയാണ്. ഈ ഭാഗത്ത് ആവശ്യമായ നവീകരണ പ്രവൃത്തികൾ നടത്തിയാൽ ഒട്ടേറെപ്പേർക്ക് പ്രയോജനപ്പെടുത്താനാകും.