മണാശ്ശേരി-മുത്താലം റോഡ്: നവീകരണം ഇഴഞ്ഞിഴഞ്ഞ്

മുക്കം : വകുപ്പുകളുടെ ഏകോപനക്കുറവിനെത്തുടർന്ന് ഇഴഞ്ഞിഴഞ്ഞ് മണാശ്ശേരി-മുത്താലം റോഡ് നവീകരണം. ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പ്രവൃത്തി എട്ടുമാസം പിന്നിടുമ്പോൾ കലുങ്കുകളുടെ നിർമാണം പോലും പൂർത്തിയായിട്ടില്ല. ഓവുചാലുകളും സംരക്ഷണഭിത്തികളും ഒന്നും പൂർത്തിയായിട്ടില്ല.
ഇഴഞ്ഞുനീങ്ങുന്ന നിർമാണപ്രവൃത്തിയിൽ സഹികെട്ടിരിക്കുകയാണ് നാട്ടുകാരും യാത്രക്കാരും. രണ്ടരക്കിലോമീറ്റർ പാതയിൽ പലയിടങ്ങളിലായാണ് നിർമാണം നടക്കുന്നത്. പൊടിശല്യവും രൂക്ഷമാണ്.
പിണറായിസർക്കാരിന്റെ അവസാന കാലഘട്ടത്തിൽ ആരംഭിച്ച റോഡിന്റെ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്.
റോഡ് നിർമാണത്തിനാവശ്യമായ സ്ഥലം ഭൂവുടമകൾ വിട്ടുനൽകാത്തതാണ് പ്രവൃത്തി മന്ദഗതിയിലാകാൻ പ്രധാനകാരണമെന്ന് കരാറുകാർ പറയുന്നു. മാത്രമല്ല, പദ്ധതി പ്രദേശത്തെ വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിച്ച് നൽകാത്തതും മരങ്ങൾ മുറിച്ചുമാറ്റി നൽകാത്തതും പ്രവൃത്തി മന്ദഗതിയിലാക്കി.
നടുറോഡിൽ കമ്പിക്കെണിയുണ്ടേ...
പാതയിൽ എട്ട് കലുങ്കുകളാണ് നിർമിക്കാനുള്ളത്. എന്നാൽ വ്യക്തികൾ സ്ഥലം വിട്ടുനൽകാതായതോടെ രണ്ടിടങ്ങളിൽ കലുങ്ക് നിർമാണം പാതിവഴിയിലാണ്.
റോഡിന്റെ പകുതിഭാഗത്തെ കോൺക്രീറ്റ് കലുങ്ക് നിർമാണം പൂർത്തിയാക്കി, ബാക്കി ഭാഗത്തേക്ക് കോൺക്രീറ്റ് ചെയ്യാനുള്ള കമ്പികൾ മുകളിലേക്ക് ഒടിച്ചുവെച്ച നിലയിലാണ്.
നിർമാണപ്രവൃത്തി നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടതോടെ, കമ്പിയെല്ലാം കാടുമൂടിക്കിടക്കുന്ന അവസ്ഥയിലാണ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ ഉൾപ്പെടെ യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് പ്രദേശവാസികളും യാത്രക്കാരും പറയുന്നു.
എത്രയുംപെട്ടെന്ന് അധികൃതർ ഇടപെട്ട് സ്ഥലം ലഭ്യമാക്കി നവീകരണപ്രവൃത്തി പൂർത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.