നൂഞ്ഞിലക്കുന്ന് സാംസ്കാരികനിലയം എന്നുതുറക്കും?

ഉള്ളിയേരി : ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഉള്ളിയേരി പഞ്ചായത്തിലെ നൂഞ്ഞിലക്കുന്ന് ഉന്നതി സാംസ്കാരികനിലയം ഉപയോഗശൂന്യമായി നശിക്കുന്നു. ഉള്ളിയേരി പഞ്ചായത്തിലെ 17-ാം വാർഡിലുള്ള സാംസ്കാരികനിലയം വർഷങ്ങളായി തുറന്നു പ്രവർത്തിക്കുന്നില്ല.
2010-ൽ നവീകരിച്ച നിലയം അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മണിയാണ് ഉദ്ഘാടനം ചെയ്തിരുന്നുത്. എന്നാൽ ഉദ്ഘാടനത്തിനുശേഷം കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.
ഉന്നതിയിലെ ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് പഞ്ചായത്തുകളിൽ ഇത്തരം സാംസ്കാരിക നിലയങ്ങൾ ആരംഭിച്ചത്. 60 കുടുംബങ്ങൾ ഉന്നതിയിലുണ്ട്. അയൽസഭ ചേരാനും വല്ലപ്പോഴും നടക്കുന്ന ചില കുടുംബശ്രീ യോഗങ്ങൾക്കും മാത്രമാണ് ഇത് തുറക്കാറുള്ളത്.
രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ടൈലുകൾ ഇളകിക്കിടക്കുകയാണ്. ഇരുമ്പുവാതിലുകൾ തുരുമ്പെടുത്തു നശിക്കുന്നു. ജനൽച്ചില്ലുകൾ പലതും പൊട്ടിയിട്ടുണ്ട്. വൈദ്യുതി കണക്ഷനും ടെലിവിഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടായിട്ടും അടഞ്ഞു കിടക്കുന്നതിനാൽ നാട്ടുകാർക്കും പ്രയോജനപ്പെടുന്നില്ല.
ചാത്തോത്ത് താഴെ-മംഗലശ്ശേരി താഴെ റോഡിൽ നിന്നാണ് സാംസ്കാരിക നിലയം വഴിയുള്ള റോഡ് തുടങ്ങുന്നത്. ഇതിനുസമീപംവരെ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
സാംസ്കാരികനിലയത്തിലേക്ക് എത്തുന്ന റോഡുവികസനത്തിന് എം.കെ. രാഘവൻ എം.പി. 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഒരു വിജ്ഞാനകേന്ദ്രം എന്ന നിലയിൽ ഇത് ഉപയോഗപ്പെടുത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് വി.ടി. സൂരജ് എം.എൽ.എ.ക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും വാർഡ് മെമ്പർ സതീഷ് കന്നൂര് പറഞ്ഞു. ലക്ഷങ്ങൾ മുടക്കി നിർമിച്ച സാംസ്കാരിക നിലയം പുനരുജ്ജീവിപ്പിച്ച് പ്രദേശവാസികൾക്ക് പ്രയോജനപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലയം നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണം
ഉള്ളിയേരി പഞ്ചായത്തിലെ നൂഞ്ഞിലക്കുന്ന് സാംസ്കാരികനിലയം നശിക്കുന്ന അവസ്ഥയിലായിട്ടും അധികൃതർ മൗനംപാലിക്കുന്നത് പ്രതിഷേധാർഹമാണ്. വായനശാലയും യുവജനങ്ങളുടെ സാംസ്കാരികപ്രവർത്തനങ്ങളും പുനരുജ്ജീവിപ്പിക്കാൻ നിലയം അടിയന്തരമായി നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണം.
ഷമീൻ പുളിക്കൂൽ
പൊതുപ്രവർത്തകൻ
ഉദ്ഘാടനം കഴിഞ്ഞിട്ട് 16 വർഷം വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തും
2027-28 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാംസ്കാരികനിലയം പരിപോഷിപ്പിച്ചെടുക്കാനുള്ള ഏർപ്പാടുകൾ ചെയ്യും.
പി. നാസർ
പഞ്ചായത്ത് പ്രസിഡന്റ്, ഉള്ളിയേരി