വാഴയില തിന്നൊടുക്കി കമ്പിളിപ്പുഴു

കുറ്റ്യാടി : കുറ്റ്യാടി മേഖലയിലെ മരുതോങ്കര, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം, ചങ്ങരോത്ത് തുടങ്ങിയ പ്രദേശങ്ങളിൽ വാഴയില തിന്നുനശിപ്പിക്കുന്ന കമ്പിളിപ്പുഴു എന്ന് വിളിക്കുന്ന ഹെയറി കേറ്റർപില്ലറിന്റെ വ്യാപനം കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വാഴയുടെ കൂമ്പിലകളിലും വിടർന്ന ഇലകളിലും കൂട്ടമായി കാണപ്പെടുന്ന ഇളം പച്ചകലർന്ന കറുത്ത പുഴുക്കളാണ് ഇലകൾ കാർന്നുതിന്നുന്നത്. ആക്രമണം രൂക്ഷമായ വാഴത്തോട്ടങ്ങളിൽ ഇലകൾ ഭൂരിഭാഗവും തിന്നുതീർത്ത അവസ്ഥയാണ്. ഇതോടെ വാഴയുടെ വളർച്ച മുരടിക്കുയും കുലയ്ക്ക് വലുപ്പം കുറയാനും സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു. ചെറുകിട കർഷകരെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്.
വാഴകൾ മുഴുവൻ നശിച്ചു
കമ്പിളിപ്പുഴുവിന്റെ ആക്രമണം കാരണം വാഴകൾ മുഴുവൻ നശിച്ചിരിക്കുകയാണ്. കൂലി ഇനത്തിലും മറ്റും വലിയ തുക മുതൽ മുടക്കി കൃഷി ചെയ്ത വാഴകൾ കുലയ്ക്കാൻ പ്രായമായ സമയത്താണ് പുഴുക്കളുടെ ശല്യം വർധിച്ചിരിക്കുന്നത്. കൃഷി വകുപ്പ് ഉദ്യാഗസ്ഥർ പ്രദേശങ്ങളിൽ പരിശോധന നടത്തി പുഴുവിന്റെ ഇനം തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. വാഴക്കൃഷിയെ സംരക്ഷിക്കുന്നതിനായി അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര ഇടപെടൽ ഉണ്ടാവണം.
ബാവ ചന്ദ്രൻ
വാഴക്കർഷകൻ,
നരിക്കൂട്ടുംചാൽ
ഒരു രാത്രി കൊണ്ട് ഇലയുടെ 70 ശതമാനവും തിന്നു തീർക്കും
അന്തരീക്ഷത്തിലെ ഈർപ്പവും കാടുപിടിച്ചു കിടക്കുന്നതോട്ടങ്ങളുമാണ് പുഴുക്കൾ പെരുകാൻ കാരണം. ഒരു പുഴു ഒരു രാത്രി കൊണ്ട് തന്നെ ഒരു ഇലയുടെ 70 ശതമാനവും തിന്നു തീർക്കും. രാസകീടനാശിനികൾക്ക് പകരം ജൈവ കീടനാശിനി രോഗം വന്ന ഇലകളിൽ തളിക്കുന്നതാണ് ഉത്തമം. വേപ്പ് അധിഷ്ഠിത പ്രയോഗം 5 മില്ലി വേപ്പെണ്ണ + 5 മില്ലി വെളുത്തുള്ളി മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സോപ്പ് ലായനി ചേർത്ത് തളിക്കുക.
കെ. അനുഷ, കൃഷിഓഫീസർ, വേളം