മനസ്സുവെച്ചാൽ പാവയ്ക്കയിലും വിജയഗാഥ തീർക്കാം

പേരാമ്പ്ര : 72-ാം വയസ്സിലും ലാസ്റ്റ് കല്ലോട്ടെ ഒതയോത്ത് അബ്ദുള്ള രാവിലെ ആറുമണിക്ക് പാടത്തെത്തും. പലരും വിശ്രമജീവിതം കൊതിക്കുന്ന പ്രായത്തിൽ കൃഷിയിടത്തിൽ വിജയഭേരി മുഴക്കുകയാണ് ഈ കർഷകൻ. വിശ്രമവേളകളൊഴിച്ചാൽ മൂവന്തിവരെ പാവൽച്ചെടികൾക്കിടയിൽ തന്നെയാണ് അബ്ദുള്ളയുടെ ജീവിതം. വിത്തുപാകൽ മുതൽ വിളവെടുപ്പുവരെയുള്ള ഒറ്റയാൾ പോരാട്ടത്തിന് നൂറുമേനിവിളവ് നൽകി മണ്ണും വിളയും ഈ കർഷകന് കരുത്തേകുന്നു.

വർഷം നല്ലൊരുതുക കൃഷിയിലൂടെ അബ്ദുള്ള സമ്പാദിക്കുന്നു. ​െചലവ് കഴിച്ചാലും ലാഭമേറെയാണ്. മൂരികുത്തിയിലെ പാടത്ത് 40 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.

15 വർഷത്തോളമായി പാവയ്ക്കക്കൃഷിയാണ് അബ്ദുള്ളയുടെ ഇഷ്ടഇനം. 150 തടം പാവയ്ക്ക നട്ടിട്ടുണ്ട്. 1600 കിലോ പാവയ്ക്ക കഴിഞ്ഞതവണ വിളവെടുത്തു. വർഷത്തിൽ രണ്ടുതവണ ഇവിടെ പാവയ്ക്ക കൃഷിയിറക്കാനാകും. ​െസപ്റ്റംബറിൽ വിത്തിട്ടാൽ 45 ദിവസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. മൂന്നര മാസത്തോളം കായപറിച്ചെടുക്കാനുണ്ടാകും. പേരാമ്പ്രയിലെ കടകളിൽ തന്നെയാണ് വിൽപ്പന. നാടൻ പാവയ്ക്ക ആയതിനാൽ കിലോയ്ക്ക് 50 രൂപ ലഭിക്കും. കൂടുതൽ വിളവ് ലഭിക്കുന്ന ഹൈബ്രിഡ് ഇനമായ മായ വിത്താണ് ഉപയോഗിക്കാറുള്ളതെന്ന് അബ്ദുള്ള പറഞ്ഞു.

ജൈവക്കൃഷി രീതി പിന്തുടരുന്നയാളാണ് അബ്ദുള്ള. കോഴിക്കാഷ്ഠവും ചാണകവുമാണ് പ്രധാനവളം. കീടനിയന്ത്രണത്തിന് ഫെറോമോൺ കെണികളുപയോഗിക്കുന്നു. പേരാമ്പ്ര കൃഷിഓഫീസർ നൈസാം അലി, അസിസ്റ്റന്റ് കൃഷിഓഫീസർ ഇ.ആർ. ജയേഷ് എന്നിവർ കൃഷിയിലുടനീളം എല്ലാ മാർഗനിർ​േദശവുമായി ഒപ്പമുണ്ട്. പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നിർ​േദശപ്രകാരമാണ് കീടനിയന്ത്രണ മാർഗങ്ങൾ അവലംബിക്കുന്നത്.

40 വർഷത്തോളമായി കൃഷിയാണ് അബ്ദുള്ളയുടെ ജീവിതമാർഗം. നേര​േത്ത ആറ് ഏക്കർ സ്ഥലത്ത് നെൽക്കൃഷിയിറക്കിയ കർഷകനായിരുന്നു ഇദ്ദേഹം. ഒൻപതിനായിരം എടങ്ങഴി നെല്ല് വിളവ് ലഭിച്ചിരുന്നു. കാലക്രമേണ പണിക്കാരെ കിട്ടാതെവന്നതോടെ നെൽക്കൃഷി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അബ്ദുള്ള പറയുന്നു. ഇപ്പോൾ പാവയ്ക്കയും മത്തനും മാത്രമാണ് പ്രധാനകൃഷി. കൂടുതൽ സ്ഥലംലഭിച്ചാൽ കൃഷി വിപുലമാക്കാനും ഇദ്ദേഹത്തിന് ആഗ്രഹമുണ്ട്.