രാമേശ്വരം, പൂർണ... എവിടെ വടകരയ്ക്ക് സ്റ്റോപ്പ്

വടകര : മംഗളൂരു-രാമേശ്വരം എക്സ്പ്രസ്, എറണാകുളം-പുണെ പൂർണ എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികൾക്ക് വടകര റെയിൽേവ സ്റ്റേഷനിൽ സ്റ്റോപ്പ് കിട്ടുമെന്ന പ്രതീക്ഷ വീണ്ടും അസ്ഥാനത്തായി. ഈ രണ്ട് തീവണ്ടികൾക്കും വടകരയേക്കാൾ വരുമാനവും യാത്രക്കാരും കുറഞ്ഞ നീലേശ്വരം സ്റ്റേഷനിൽ കഴിഞ്ഞദിവസം പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് നൽകിയിരുന്നു. അപ്പോഴും അമൃത് ഭാരത് പദ്ധതിയിൽ 22 കോടി രൂപ ചെലവിൽ നവീകരണംനടത്തി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ച വടകര പുറത്തായി. വടകരയിൽ ഈ രണ്ട് വണ്ടികൾക്കും സ്റ്റോപ്പ് കിട്ടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി. റെയിൽേവ മന്ത്രിക്കും ബോർഡിനുമെല്ലാം നിവേദനംനൽകിയിരുന്നു. എന്നാൽ സ്റ്റോപ്പ് അനുവദിക്കുന്നതിൽ വരുമാനവും യാത്രക്കാരുടെ എണ്ണവുമല്ല മാനദണ്ഡമെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു.
വടകരയിലെ ഒരുവർഷത്തെ വരുമാനം 31.10 കോടി രൂപയാണ്. പാലക്കാട് ഡിവിഷനിൽ വരുമാനത്തിന്റെ കാര്യത്തിൽ നേരേത്ത പത്താംസ്ഥാനത്തായിരുന്നു വടകര. മംഗളൂരു സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിലേക്ക് പോയതോടെ എട്ടാം സ്ഥാനത്തായി. ഇതിനും എത്രയോ പുറകിലാണ് നീലേശ്വരം.
രാമേശ്വരം പ്രതിവാര എക്സ്പ്രസിന് വടകരയിൽ സ്റ്റോപ്പ് വേണമെന്നത് വണ്ടി ഓടിത്തുടങ്ങിയ കാലം മുതലുള്ള ആവശ്യമാണ്. ശനിയാഴ്ചയാണ് വണ്ടി മംഗളൂരുവിൽ നിന്ന് യാത്രപുറപ്പെടുന്നത്. രാത്രി 7.30-ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം 10.50-ന് രാമേശ്വരത്തെത്തും. ഈ സമയം വടകരയിൽനിന്നു പോകുന്ന ഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമാണ്. രാത്രി ഏതാണ്ട് 10 മണിയോടെയാണ് വണ്ടി വടകര വഴി കടന്നുപോകുന്ന സമയം. രാത്രി 10 മണിക്ക് കയറിയാൽ പിറ്റേദിവസം ഇതേസമയം രാമേശ്വരത്തെത്തും. ഞായറാഴ്ചകളിലാണ് രാമേശ്വരത്തുനിന്ന് വണ്ടി മംഗളൂരുവിലേക്ക് പുറപ്പെടുക. വൈകീട്ട് 3.30-ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 2.40-ഓടെ വടകര വഴി പോകും.
പൂർണ എക്സ്പ്രസും ആഴ്ചവണ്ടിയാണെങ്കിലും ഇതും വടക്കോട്ടുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. തിങ്കളാഴ്ച എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 10.20-നാണ് കോഴിക്കോട്ടെത്തുക. 11 മണിയാണ് വടകര വഴി പോകുന്ന സമയം. ഈ വണ്ടിക്ക് നേരേത്തതന്നെ പയ്യന്നൂർ, തലശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. ഇപ്പോൾ നീലേശ്വരത്തും സ്റ്റോപ്പ് കിട്ടി. അപ്പോഴും ഏറെക്കാലമായി മുറവിളി കൂട്ടുന്ന വടകര അവഗണിക്കപ്പെട്ടു. കണ്ണൂർ ജില്ലയിൽ മൂന്നിടത്ത് സ്റ്റോപ്പുള്ളപ്പോഴാണ് കോഴിക്കോട് ഒരിടത്തുമാത്രം നിർത്തുന്നത്. വടകരയോടുള്ള അവഗണനയാണ് ഇതെന്ന ആക്ഷേപമാണുയരുന്നത്. ഞായറാഴ്ച പുലർച്ചെ എത്തുന്ന പുതുച്ചേരി-മംഗളൂരു എക്സ്പ്രസിനും വടകരയിൽ സ്റ്റോപ്പില്ല. വടകരയിൽ ഏതാണ്ട് 6.30-ഓടെ എത്തുന്ന വണ്ടിയാണിത്. ഞായറാഴ്ച രാത്രി 7.30-നാണ് ഈ വണ്ടി വടകര വഴി പുതുച്ചേരിയിലേക്ക് പോകുന്നത്. അവധി കഴിഞ്ഞ് പുതുച്ചേരിയിലേക്ക് പഠിക്കാനും മറ്റും പോകുന്നവർക്ക് ഏറെ ഉപകാരപ്രദമായ സമയം. പിറ്റേന്ന് രാവിലെ പുതുച്ചേരിയിലെത്തും. ഈ വണ്ടിക്ക് പോകേണ്ട വടകരയിലെ യാത്രക്കാർ മാഹിയിൽ പോയാണ് വണ്ടികയറുന്നത്.