മത്സരയോട്ടം, തർക്കം, അതിക്രമം

പന്തീരാങ്കാവ് : സിറ്റി-പന്തീരാങ്കാവ് റൂട്ടിൽ മത്സരയോട്ടവും ജീവനക്കാർ തമ്മിലുള്ള തെറിവിളിയും കൂട്ടയടിയും. ജീവൻ പണയംവെച്ച് യാത്രചെയ്യേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കോന്തനാരി സലീന പാലസിന് സമീപം പെരുമണ്ണ റൂട്ടിലോടുന്ന ‘ഇഷികമോൾ’, പൊക്കുന്ന് വരെയോടുന്ന ‘ഗുരുകൃപ’ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിൽ കൂട്ടയടിനടന്നു.

നാലരയോടെ കോട്ടപ്പറമ്പ്, കല്ലായി റോഡ് എം.സി.സി. ബാങ്ക് ഭാഗങ്ങളിൽ നടന്ന ബസുകൾ തട്ടിക്കലും തെറിവിളിയുമാണ് കോന്തനാരിയിൽ അടിയിൽ കലാശിച്ചത്. സിറ്റിമുതൽ തുടങ്ങി കിണാശ്ശേരിയിലും പരസ്പരം പ്രശ്നങ്ങളുണ്ടാക്കിയതിനുശേഷം പൊക്കുന്നുവരെമാത്രം റൂട്ടുള്ള ‘ഗുരുകൃപ’ ആളെയിറക്കി കോന്തനാരിയിൽ നിർത്തിയിടുകയായിരുന്നു. രണ്ടു ബസുകാരും പരസ്പരം ബസുകളുടെ ചില്ലുകൾ അടിച്ചുപൊട്ടിച്ചിട്ടുണ്ട്.

നാട്ടുകാർ ഇടപെട്ടാണ് പിടിച്ചുമാറ്റിയത്. ഇതിനിടെ പെരുമണ്ണ ബസിൽനിന്ന്‌ യാത്രക്കാരെ ഇറക്കാനുള്ള ജീവനക്കാരുടെ ശ്രമത്തെ യാത്രക്കാർ കൂട്ടമായി എതിർത്തു. തുടർന്ന് പെരുമണ്ണ ബസ് യാത്രതുടരുകയായിരുന്നു. ബസ് ജീവനക്കാർ തമ്മിലുള്ള തെറിവിളിയും മത്സരയോട്ടവും യാത്രചെയ്യാൻ വലിയ പ്രയാസമുണ്ടാക്കുന്നതായി യാത്രക്കാർ പറയുന്നു.

റോഡരികിൽ നിർത്തിയിട്ട ബസിന്റെ ചില്ല് അടിച്ചുതകർത്തു

പെരുമണ്ണ : പാറമ്മൽ അങ്ങാടിക്ക് സമീപം റോഡരികിലായി നിർത്തിയിട്ടിരുന്ന ബസിന്റെ ചില്ലടിച്ച് തകർത്തു. മാവൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വരരാഗം ബസിന്റെ മുൻവശത്തെ ചില്ലാണ് അടിച്ചുതകർത്തത്. ശനിയാഴ്ച പുലർച്ചെ 2.42-ഓടെയാണ് സംഭവം. ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നിട്ടുണ്ട്.

മാവൂർ-മുക്കം-കോഴിക്കോട് റൂട്ടിലോടുന്ന കൊമ്പൻ ബസിന്റെ മാനേജരും മകനുമാണ് ചില്ലുതകർത്തതെന്ന് ആരോപിച്ച് സ്വരരാഗം ബസ് സർവീസ് നടത്തിപ്പുകാരനായ പാറമ്മൽ കല്ലുവെട്ടുകുഴിയിൽ ജിഷ്‌ണു പന്തീരാങ്കാവ് പോലീസിൽ പരാതിനൽകിയിട്ടുണ്ട്. കൊമ്പൻബസുമായി സമയക്രമത്തെച്ചൊല്ലി നേരത്തേ തർക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് ബസിന്റെ ചില്ലടിച്ചുതകർത്തതിന് പിന്നിലെന്നും, ചില്ല് തകർക്കുന്നത് ബസിലും സമീപത്തുമുള്ള സി.സി.ടി.വി.കളിൽ പതിഞ്ഞിട്ടുണ്ടെന്നും ജിഷ്ണു പറഞ്ഞു.