ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ സജി യൂസഫ് നിസാന്റെ ഭഗവദ്ഗീതാജ്ഞാനസദസ്സ് തുടങ്ങി

കോഴിക്കോട് : ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ ടീച്ചർ സജി യൂസഫ് നിസാൻ നയിക്കുന്ന ഭഗവദ്ഗീതാജ്ഞാനസദസ്സ് തുടങ്ങി. ശ്രീ ശ്രീ രവിശങ്കറിന്റെ വ്യാഖ്യാനത്തോടെയുള്ള ഭഗവദ്ഗീതാ പ്രഭാഷണമാണ് നടത്തുന്നത്. ഭഗവദ്ഗീത 16-ാം അധ്യായത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രഭാഷണം. ദൈവാസുര സമ്പത് വിഭാഗയോഗത്തെക്കുറിച്ച് സജി നിസാൻ വിശദീകരിച്ചു. ഒരു മനുഷ്യനിൽ ദൈവികഗുണങ്ങളും ആസുരഗുണങ്ങളും ഉണ്ട്. ഇതുരണ്ടും നമ്മുടെയുള്ളിൽത്തന്നെയാണ്. വിഭാഗം എന്നാൽ അതിനെ വേർതിരിച്ച് അറിയാനുള്ള കഴിവാണ്. സമ്പത്ത് എന്നതിന്റെ അർഥം ശേഖരിച്ചുവെച്ചിട്ടുള്ളത് എന്നും. പല ജന്മങ്ങളിൽ ശേഖരിച്ചുവെച്ചിട്ടുള്ളതാണതെന്ന് സജി നിസാൻ പറഞ്ഞു. ഒരു മനുഷ്യന് സമാധാനത്തോടെ ജീവിക്കാനുള്ള 26 ദൈവികഗുണങ്ങളെ എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്നതാണ് ഈ അധ്യായത്തിൽ പറയുന്നത്. ഗുണം എന്നാൽ ഇംഗ്ലീഷിൽ ക്വാളിറ്റി എന്നർഥമുണ്ട്.
ഒരു ക്വാളിറ്റി ഉത്പന്നം നമ്മൾ വാങ്ങിക്കുന്നത് എന്തുകൊണ്ടാണ്. അത് മോശമാവാനുള്ള സാധ്യത കുറവായതിനാലാണ്. അതുപോലെ ദൈവികഗുണങ്ങൾ വളർത്തിയെടുക്കുന്നയാൾക്ക് പ്രതിസന്ധി വരുമ്പോൾ പരാജയപ്പെട്ടുപോകാനുള്ള സാധ്യത കുറയുമെന്ന് സജി നിസാൻ പറഞ്ഞു.
ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ജീവിതമാകുന്ന യുദ്ധഭൂമിയിൽ മനുഷ്യർ എങ്ങനെ പെരുമാറണമെന്ന് ഭഗവദ്ഗീത കാണിച്ചുതരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രയോഗം ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു, മീനാ മേനോൻ എന്നിവർ സംസാരിച്ചു. 22 വരെ എല്ലാ ദിവസവും വൈകീട്ട് ആറ്ുമുതൽ എട്ടുവരെയാണ് പ്രഭാഷണം.