നന്തി ആശാനികേതനിലേക്കുള്ള സർവീസ് റോഡ് നിർമാണം പുരോഗമിക്കുന്നു

കൊയിലാണ്ടി : മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ആശ്രയകേന്ദ്രമായ നന്തി ശ്രീശൈലം ആശാ നികേതനിലേക്കുള്ള സർവീസ് റോഡ് നിർമാണം പുരോഗമിക്കുന്നു.

നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തോടെ ആശാനികേതനിലേക്കുള്ള വഴി തടസ്സപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അന്തേവാസികളും ഇവിടത്തെ ജീവനക്കാരും സഹനസമരത്തിലൂടെയാണ് റോഡ് നേടിയെടുത്തത്. സമരം ശ്രദ്ധയിൽപ്പെട്ട ഉടൻ പി.ടി. ഉഷ എം.പി. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രാലയത്തിൽ സമ്മർദംചെലുത്തി ആറുകോടി 40 ലക്ഷം രൂപ റോഡ് നിർമാണത്തിന് അനുവദിച്ചു. സൈഡ് വാൾ കെട്ടി ഉയർത്തിയാണ് ഇവിടെ റോഡ് നിർമിക്കുന്നത്.

ആറുവരി ദേശീയപാതയിൽനിന്ന്‌ ആശാനികേതനിലേക്ക് പോകാൻ കഴിയുന്നവിധം ഉയരത്തിലാണ് റോഡ് നിർമിക്കുന്നത്. റോഡ് നിർമാണം പൂർത്തിയായാൽ ആശാനികേതനിലേക്ക് അന്തേവാസികളെയും കൊണ്ടുവരുന്ന വാഹനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും ഇതുവഴി കയറിവരാൻ സാധിക്കും.

നേരത്തേ നന്തി ശ്രീശൈലം കുന്ന്‌ മുറിച്ചുകിടക്കുന്നിടത്ത് സർവീസ് റോഡ് ഇല്ലെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. ഇവിടെ സർവീസ് റോഡോ ഓവർ ബ്രിഡ്‌ജോ ഇല്ലെന്നായിരുന്നു വിവരം. അങ്ങനെ വന്നാൽ ആശാനികേതനിലേക്ക് എങ്ങനെ വരുമെന്ന ആശങ്ക ഉയർന്നു. ഭിന്നശേഷിക്കാരായ ആളുകളെ വാഹനത്തിൽ ആശാനികേതനിൽ എത്തിക്കണമെങ്കിൽ ഇവിടെ സർവീസ് റോഡ് അനിവാര്യമാണ്. അല്ലാത്തപക്ഷം ആശാനികേതൻ പൂട്ടേണ്ട അവസ്ഥ വരുമായിരുന്നു.

അനാഥരെയും ഭിന്നശേഷിക്കാരെയും സംരക്ഷിക്കാനും പരിചരിക്കാനുമായി ക്രിസ് ആൽഡർ എന്ന ഇംഗ്ലീഷുകാരി 1977 ഓഗസ്റ്റ് ആറിനാണ് നന്തി ആശാനികേതൻ സ്ഥാപിച്ചത്. നന്തിയെ കൂടാതെ ബെംഗളൂരു, കൊൽക്കത്ത, അസൻസോൾ (പശ്ചിമബംഗാൾ), ചെന്നൈ എന്നിവിടങ്ങളിലും ആശാനികേതൻ കേന്ദ്രങ്ങളുണ്ട്. നന്തി ആശാനികേതന് 10 ഏക്കറോളം സ്ഥലമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽനിന്ന് ബൈപ്പാസ് നിർമാണത്തിനായി മൂന്ന് ഏക്കറോളം സ്ഥലം ആശാനികേതൻ വിട്ടുകൊടുത്തിട്ടുണ്ട്. 75 പേരാണ് നന്തി ആശാനികേതനിലുള്ളത്. ഇതിൽ 14 വയസ്സുമുതൽ 82 വയസ്സുള്ളവർ വരെയുള്ളവർ അന്തേവാസികളാണ്‌. സർവീസ്റോഡ് യാഥാർഥ്യമായാൽ ആശാനികേത നിലേക്കുള്ള യാത്ര സുഗമമാവും.