നാരായണനഗരം മൈതാനം അവഗണനയിൽ

വടകര : നാരായണനഗരം മൈതാനത്ത് ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി ശക്തം. നഗരമധ്യത്തിൽ വിശാലമായ മൈതാനമുണ്ടായിട്ടും കായികതാരങ്ങൾക്ക് ആവശ്യമായ രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല.

മൈതാനത്തിന്റെ പല ഭാഗങ്ങളിലും സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെയും മറ്റും നിർമാണവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ കൂട്ടിയിട്ട നിലയിലാണ്. ഇവയിലെല്ലാം കാടുമൂടിയിട്ടും ഉണ്ട്. മൈതാനത്ത് കരിങ്കൽ കഷ്ണങ്ങൾ ഉൾപ്പെടെയുള്ളതിനാൽ ഇവിടെയെത്തുന്ന പരിശീലകർക്ക് ഇതെല്ലാം പ്രയാസമുണ്ടാക്കുന്നുണ്ട്.

നഗരസഭയുടെ ദിശ കായിക പരിശീലനത്തിന് ഉൾപ്പെടെ ഒട്ടേറെ പേർ ഇവിടെ ദിവസവും പരിശീലനത്തിനും പ്രഭാത നടത്തത്തിനും ഒക്കെയായി എത്താറുണ്ട്.

എന്നാൽ, ഗ്രൗണ്ടിലെ പരിമിതികൾ ഇവരെയെല്ലാം നിരാശരാക്കുകയാണ്. സ്കൂൾ കായികമേളകൾക്കും, മറ്റ് മത്സരങ്ങൾക്കും ആവശ്യമായ യാതൊരു സംവിധാനങ്ങളും ഇവിടെയില്ല.

മഴപെയ്താൽ മൈതാനത്ത് ചെളി നിറയുന്ന സ്ഥിതിയാണ്. മൈതാനത്തിന് ചുറ്റും കാടുപിടിച്ചതുകൊണ്ടുതന്നെ ഇഴജന്തുക്കൾ ഉൾപ്പെടെ ഉണ്ടാകുമോ എന്ന ഭീതിയും ഉണ്ട്. ഒരേസമയം ഒട്ടേറെ​േപ്പർ എത്തുന്നതുകൊണ്ടുതന്നെ രാവിലെയും വൈകീട്ടും കൂടുതൽ സ്ഥലം ആവശ്യമാണ്. അവശിഷ്ടങ്ങളും കാടും നീക്കിയാൽ വലിയൊരു ഭാഗംകൂടി പരിശീലനത്തിനായി ഉപയോഗപ്പെടുത്താനാകും.

ഇപ്പോൾ നിലവിൽ ലഭ്യമായ സ്ഥലത്ത് പരിമിതികൾക്കുള്ളിൽ നിന്നാണ് കായികതാരങ്ങളുടെ പരിശീലനം.

മൈതാനത്തേക്ക് നിലവിൽ തിരുവള്ളൂർ റോഡിൽനിന്നുമാത്രമേ പ്രവേശിക്കാൻ സാധിക്കൂ. ഈ റോഡാകട്ടെ മുഴുവൻ പൊട്ടി​െപ്പാളിഞ്ഞ നിലയിലാണ്. പരിശീലനത്തിന് കുട്ടികളുമായി എത്തുന്ന പലർക്കും ഇത് വലിയപ്രയാസം ഉണ്ടാക്കുന്നുണ്ട്. ദേശീയപാതയിൽ നിന്നും നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്ന ഭാഗം ഉണ്ടെങ്കിലും ഇത് അടച്ചിരിക്കുകയാണ്.

പൂർണമായും അടച്ചതുകൊണ്ടുതന്നെ ഇതുവഴി കാൽനട യാത്രപോലും സാധ്യമല്ല. ബസിറങ്ങി ഏറെ ചുറ്റിത്തിരിഞ്ഞുവേണം മൈതാനത്തെത്താൻ. ഗ്രൗണ്ടിന് ആവശ്യമായ പരിഗണന നൽകുന്നില്ലെന്നാണ് കായിക താരങ്ങളുടെയും പരിശീലകരുടെയും പരാതി.

മൈതാനം സംരക്ഷിക്കുന്നതിനും ആവശ്യമായ പരിശീലനം ഉൾപ്പെടെ നടത്തുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.