മൈതാനമില്ല മേളയ്ക്കുപോലും

കായികപ്രകടനത്തെ ബാധിക്കുന്നു
ദൂരസ്ഥലങ്ങളിലെ മൈതാനങ്ങളിലേക്ക് യാത്രചെയ്ത് ക്ഷീണിതരായി അവിടെയെത്തി മത്സരത്തിൽ പങ്കെടുക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാറില്ല. ഉപജില്ലാപരിധിയിൽ നല്ലൊരു മൈതാനം നിർമിച്ചുനൽകാൻ ബന്ധപ്പെട്ടവരുടെ ആത്മാർഥമായ ശ്രമം ഉണ്ടാവണം.
അർച്ചിത ആർ. വിനോദ്
സംസ്കൃതം ഹൈസ്കൂൾ, വട്ടോളികായികമേള നടത്താൻ നെട്ടോട്ടമോടി കുന്നുമ്മൽ ഉപജില്ലപി.പി. ദിനേശൻ
കുറ്റ്യാടി
: സ്കൂൾ കായികമേള നടത്താൻ പര്യാപ്തമായ മൈതാനമില്ലാതെ നെട്ടോട്ടമോടി കുന്നുമ്മൽ ഉപജില്ല. ഇത്തവണത്തെ കായികമേള സംഘാടനം വലിയ വെല്ലുവിളിയാണുയർത്തിയത്. കായികതാരങ്ങളുടെ കളിത്തൊട്ടിലായ മലയോരമേഖല ഉൾക്കൊള്ളുന്ന കുന്നുമ്മലിൽ എല്ലാ സൗകര്യങ്ങളുമുള്ള സിന്തറ്റിക് ട്രാക്ക് മൈതാനം വേണമെന്ന ആവശ്യത്തിന് ഇതോടെ ശക്തികൂടി.
വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് സാധാരണയായി കായികമേളയ്ക്ക് കുന്നുമ്മലിന്റെ ആശ്രയം. മഴപെയ്താൽ ഈ മൈതാനം ചെളിക്കുളമാകും. ഇതോടെ കിലോമീറ്ററുകൾ അകലെയുള്ള മേപ്പയ്യൂർ ഗവ. എച്ച്.എസ്.എസ്. സിന്തറ്റിക് ട്രാക്കിലും ചക്കിട്ടപ്പാറ പഞ്ചായത്ത് ഗ്രൗണ്ടിലും വാണിമേൽ വെള്ളിയോട് ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലുമൊക്കെയായി മത്സരം മാറ്റേണ്ട ഗതികേടിലാണ് ഉപജില്ലയിലെ സംഘാടകർ.
ബുക്ക് ചെയ്തിട്ടും ട്രാക്ക് കിട്ടിയില്ല, മത്സരം മുടങ്ങി
ഇത്തവണ ഒക്ടോബർ ഒൻപത്, 10 തീയതികളിൽ കായികമേള നടത്താൻ മേപ്പയ്യൂർ സ്കൂൾ സിന്തറ്റിക് ട്രാക്ക് കുന്നുമ്മൽ ഉപജില്ല ബുക്ക് ചെയ്തിരുന്നു. എന്നാൽ, മേലടി ഉപജില്ലയുടെ ഹോംഗ്രൗണ്ട് എന്നനിലയിൽ അവർ അവിടെ മത്സരം നടത്തിയതോടെ കുന്നുമ്മലിന്റെ മത്സരം വാണിമേൽ വെള്ളിയോട് സ്കൂളിലേക്ക് മാറ്റി. മഴ ശക്തമായതോടെ ഇവിടെ മത്സരം നടത്താൻകഴിയാതായി. വീണ്ടും മേപ്പയ്യൂരിൽ 10,000 രൂപ നൽകി ഒരുദിവസത്തേക്ക് ട്രാക്ക് ബുക്ക് ചെയ്തു. രണ്ടുദിവസത്തെ മത്സരം ഒരുദിവസംകൊണ്ട് തീർക്കാൻശ്രമിച്ചെങ്കിലും നടന്നില്ല. രാത്രിയിൽ ലൈറ്റ് അനുവദിക്കാത്തതിനാൽ മത്സരം മുടങ്ങി. പിന്നീട് ഹാമർ, പോൾവോൾട്ട് ഇനങ്ങൾ വീണ്ടും അതേവേദിയിൽ നടത്തി.
വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, കരാട്ടെ, ബോക്സിങ്, ജൂഡോ, വുഷു തുടങ്ങിയവയ്ക്ക് ഇൻഡോർ സ്റ്റേഡിയങ്ങൾക്കും മാർഷ്യൽ ആർട്സ് ക്ലബ്ബുകൾക്കും വാടകനൽകിയാണ് മത്സരം നടത്തുന്നത്.
ദുരിതയാത്ര, സാമ്പത്തികബാധ്യത
മലയോരപ്രദേശങ്ങളായ പൂതംപാറ, ചാത്തങ്കോട്ട് നട, ചങ്ങരോത്ത്, നരിപ്പറ്റ തുടങ്ങിയ ദൂരദേശങ്ങളിൽനിന്നുള്ള താരങ്ങൾക്ക് രാവിലെ ആറുമണിക്ക് തുടങ്ങേണ്ട ദീർഘദൂര ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ പുലർച്ചെ നാലുമണിക്ക് വീട്ടിൽനിന്ന് ഇറങ്ങേണ്ട അവസ്ഥയാണ്. സ്കൂൾ ബസിലും ടാക്സിയിലുമായി താരങ്ങളെ എത്തിക്കാൻ വൻതുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. മേപ്പയ്യൂർ സിന്തറ്റിക്ക് ട്രാക്കിൽ വാടകനൽകിയാൽ കാലാവസ്ഥയെ അതിജീവിക്കാം. മത്സരങ്ങൾ സുരക്ഷിതമായി നടത്തുകയും ചെയ്യാം. ഇതുപോലുള്ള സിന്തറ്റിക് ട്രാക്കാണ് കുന്നുമ്മലും ആഗ്രഹിക്കുന്നത്. ജനപ്രതിനിധികൾ ഇതിനായി ശ്രമിക്കണമെന്നാണ് ആവശ്യം.
സിന്തറ്റിക് ട്രാക്കിനായി ചർച്ചനടത്തുംകുന്നുമ്മൽ ഉപജില്ലയിലെ കായികതാരങ്ങളും അധ്യാപകരും നേരിടുന്ന പ്രയാസം ഗൗരവമുള്ളതാണ്. സ്ഥിരം സിന്തറ്റിക് ട്രാക്ക് അല്ലെങ്കിൽ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന മൈതാനം കണ്ടെത്താൻ വിദ്യാഭ്യാസവകുപ്പുമായും കായികമന്ത്രിയുമായും ചർച്ചനടത്തും. കായക്കൊടിയിലും മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിലും ഹൈടെക് കളിസ്ഥലങ്ങൾക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കെ.എം. അഭിജിത്ത്,
എം.എൽ.എ. വട്ടോളി നാഷണൽ സ്കൂൾ മൈതാനം
കുട്ടികളോടുള്ള അനീതി
കായികാധ്യാപകർ വർഷംമുഴുവൻ കുട്ടികളെ പരിശീലിപ്പിക്കും. പക്ഷേ, അവസാനം ഒരു മൈതാനംപോലും സ്വന്തമായി ഇല്ലാത്തതിന്റെ പേരിൽ അവരുടെ പ്രകടനം ചെളിയിലാകുന്നു. നല്ല ട്രാക്കിൽ മത്സരിക്കേണ്ട കുട്ടികൾക്ക് സുരക്ഷയില്ലാത്ത മൈതാനത്ത് റിസ്കെടുത്ത് ഓടേണ്ടിവരുന്നു. ഇത് കായികതാരങ്ങളോട് ചെയ്യുന്ന അനീതിയാണ്.
എം. ഷഫീഖ്
സെക്രട്ടറി, എസ്.ഡി.എസ്.ജി.എ. കുന്നുമ്മൽ ഉപജില്ല