മീൻവല വയറ്റിൽ; പട്ടിണികിടന്ന് ഡോൾഫിൻ ചത്തു

രണ്ടരമാസത്തിനിടെ രണ്ടാമത്തെ സംഭവം

കോഴിക്കോട് : മീൻവല വയറ്റിൽ കുടുങ്ങി, ഭക്ഷണം കഴിക്കാനാകാതെ പട്ടിണികിടന്ന് ഒരു ഡോൾഫിൻകൂടി ചത്തു. ഹംപ്‌ ബാക്ക് ഡോൾഫിനെയാണ് ബീച്ചിൽ ചത്തനിലയിൽ കണ്ടത്.

ഏകദേശം 158 സെന്റീമീറ്റർ നീളവും 140 സെന്റീമീറ്റർ ചുറ്റളവുമുള്ളതായിരുന്നു ഡോൾഫിൻ. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.എം. മനോജ് ലാൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കടുത്ത പട്ടിണിയെത്തുടർന്നാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് റെയ്‌ഞ്ച് ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

പത്തുദിവസത്തിലേറെ പഴക്കമുള്ളതിനാൽ ശരീരം അഴുകിയനിലയിലായിരുന്നു. അന്നനാളവും ആമാശയവും പരിശോധിച്ചതിൽനിന്ന്, ആമാശയം പൂർണമായി അടഞ്ഞുപോകുംവിധം വലിയൊരു മീൻവലയുടെ ബോൾ കണ്ടെത്തി. ഇതേത്തുടർന്ന് ഭക്ഷണം കഴിക്കാനോ ദഹനമോ നടന്നില്ല.

കഴിഞ്ഞ ജൂലായിലും സമാനമായ രീതിയിൽ കോഴിക്കോട് തീരത്ത് ഡോൾഫിൻ ചത്തിരുന്നു. സമുദ്ര ആവാസവ്യവസ്ഥയ്ക്കും വന്യജീവി സംരക്ഷണത്തിനും കനത്തഭീഷണി ഉയർത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വന്യജീവിസംരക്ഷണ നിയമപ്രകാരം അതീവ പ്രാധാന്യമുള്ള ഇത്തരം ജീവികളുടെ സംരക്ഷണത്തിനായി കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട മീൻവലകളും നീക്കണമെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ ആവശ്യം.