പാറപ്പുറത്തൊരു കൂര; അവിടെയുണ്ട് കാറ്റുംമഴയും പേടിച്ച് ഒരമ്മയും മകനും

വിലങ്ങാട്: വലിയൊരു പാറപ്പുറത്ത് ആസ്ബസ്റ്റോസ് ഷീറ്റിട്ട കൂര. മഴപെയ്താൽ കുത്തിയൊലിച്ചെത്തുന്ന വെള്ളം പോകുന്നത് വീടിനുള്ളിലൂടെ. കാറ്റടിച്ചാൽ മേൽക്കൂര പറന്നുപ്പോകുമോ എന്ന ഭയം. താമസയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥർ എട്ടുവർഷംമുൻപ് നിർദേശിച്ച ഈ വീട്ടിലാണ് വിലങ്ങാട് അടിപുരണ്ട ഷീലയും മകനും പേടിച്ചരണ്ടു കഴിയുന്നത്.
വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ആലിമൂലയിൽ കാടും പാറക്കൂട്ടവുംനിറഞ്ഞ സ്ഥലത്താണീ വീട്. റോഡിൽനിന്ന് അരക്കിലോമീറ്റർ വലിയ പാറക്കൂട്ടങ്ങൾക്കിടയിലെ കാട്ടുവഴിയിലൂടെ നടന്നും കുത്തനെയുള്ള കയറ്റം കയറിയുമാണ് വീട്ടിലെത്തേണ്ടത്. ഷീലയുടെ പേരിലുള്ള ഏഴുസെന്റ് സ്ഥലം പൂർണമായും പാറയാണ്. അതിനുമുകളിലാണ് കൂര. മഴക്കാലത്ത് പാറയിൽ പൂപ്പൽ പിടിക്കുന്നതിനാൽ കാൽ വഴുതിയാൽ താഴേക്കു പതിക്കും. വീടിനുസമീപം കാട്ടുമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും കേന്ദ്രവുമാണ്. ഇരുട്ടിയാൽ പുറത്തിറങ്ങാൻപോലും കഴിയില്ല. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയാണ് കഴിച്ചുകൂട്ടുന്നത്.
കുടിവെള്ളത്തിനായി ഒരു കിലോമീറ്റർ നടക്കണം. അസുഖബാധിതയായ ഷീലതന്നെയാണ് തലച്ചുമടായി വെള്ളം വീട്ടിലെത്തിക്കുന്നത്. തൊഴിലുറപ്പ് ജോലിക്ക് പോയും മകൻ കൂലിപ്പണിയെടുത്തുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരു വീടിനായി എട്ടുവർഷമായി ഷീല ഓഫീസുകൾ കയറിയിറങ്ങുന്നു. ഒടുവിൽ ദുരിതാശ്വാസനിധിയിൽനിന്ന് നാലുലക്ഷം രൂപ ഷീലയ്ക്ക് അനുവദിച്ചു. ഇതേസമയത്തുതന്നെ വിലങ്ങാട് സ്വദേശി പുളിക്കൽ സോണി അഞ്ചുസെന്റ് സ്ഥലം സൗജന്യമായി നൽകി. സർക്കാർ അനുവദിച്ച തുകയിൽ ഒന്നരലക്ഷം രൂപ നാലു ഗഡുക്കളായി ലഭിച്ചതോടെ വീടിന്റെ പണി തുടങ്ങി. തറയും ചുമരും കെട്ടി. ബാക്കി തുകയ്ക്കായി ഷീല മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് ഓഫീസിലും റവന്യൂ വകുപ്പിലും കളക്ടറേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമടക്കം പരാതിനൽകിയിട്ടും ബാക്കിത്തുക കിട്ടിയില്ലെന്ന് ഷീല പറഞ്ഞു.
2018-ൽ വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുൾപൊട്ടലിനുശേഷം ജിയോളജി വകുപ്പ്-പഞ്ചായത്ത് അധികൃതർ ഷീലയുടെ വീട് സന്ദർശിച്ച്, ഇവിടെനിന്ന് ഉടൻ മറ്റൊരു സ്ഥലത്തേക്ക് മാറണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഷീലയെയും മകനെയും മലയങ്ങാട് അങ്കണവാടിയിൽ താമസിപ്പിച്ചു. ഉടൻതന്നെ വീട് നിർമിച്ചുനൽകുമെന്നായിരുന്നു ഉറപ്പ്. ഒന്നരവർഷത്തോളം അങ്കണവാടിയിൽ കഴിഞ്ഞിട്ടും വീട് യാഥാർഥ്യമാവാത്തതിനാൽ തിരിച്ചുപോരേണ്ടിവന്നു.