കൂരാച്ചുണ്ടിലെ ഊരാക്കുടുക്ക്

ഗതാഗതക്കുരുക്കിന്റെ പിടിയിലാണ് ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന പട്ടണങ്ങളെല്ലാം. അത്തോളി, ബാലുശ്ശേരി, ഉള്ളിയേരി, നടുവണ്ണൂർ, കായണ്ണ, കൂരാച്ചുണ്ട്...സ്ഥലനാമംമാത്രമേ മാറുന്നുള്ളൂ. ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ തുല്യദുഃഖിതർ. കുരുക്കഴിക്കാൻ എന്തുണ്ട് വഴി? ‘മാതൃഭൂമി’ അന്വേഷിക്കുന്നു
കൂരാച്ചുണ്ട് : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് കൂരാച്ചുണ്ട് അങ്ങാടി. അങ്ങാടിയിലെ വീതികുറഞ്ഞ റോഡിന് ഉൾക്കൊള്ളാൻ കഴിയാത്തവിധം ക്രമാതീതമായ വാഹനപ്പെരുപ്പവും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങുമാണ് കൂരാച്ചുണ്ടിനെ വലയ്ക്കുന്നത്.
ടൗണിൽ റോഡിന് വീതികുറവായതിനാൽ കൂടുതൽ വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻകഴിയാത്ത അവസ്ഥയുണ്ട്. ഇരുചക്രവാഹനങ്ങൾ പലപ്പോഴും റോഡിന്റെ ഇരുഭാഗത്തും പാർക്ക് ചെയ്യുന്നത് പതിവായതുകൊണ്ട് ബസും ലോറിയും ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾക്ക് റോഡിലൂടെ കടന്നുപോകാൻ വലിയപ്രയാസമാണ് നേരിടുന്നത്. ടൗണിൽ കൃത്യമായ പോലീസ് പട്രോളിങ്ങില്ലാത്തതാണ് അനധികൃത പാർക്കിങ്ങുംമറ്റും നിർബാധം തുടരാൻ വഴിയൊരുക്കുന്നത്. പോലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കിയും ട്രാഫിക് പരിഷ്കാരം നടപ്പാക്കിയും ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
ബൈപ്പാസ് നിർമാണം ചിത്രത്തിലില്ല
1993-’94 കാലഘട്ടത്തിൽ മുന്നോട്ടുവെച്ച കൂരാച്ചുണ്ട് ബൈപ്പാസ് റോഡ് പദ്ധതി ഇപ്പോൾ ആരുടെയും ആലോചനയിൽപ്പോലുമില്ല എന്നതാണ് സത്യം. ബൈപ്പാസിന്റെ സർവേ നടപടിക്കും ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾക്കുമായി 2014-ൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ 1.58 കോടി രൂപ അനുവദിച്ചിരുന്നു. കൂരാച്ചുണ്ട് എസ്.എച്ച്. കോൺവെന്റിന് മുന്നിൽനിന്ന് തുടങ്ങി പേരാമ്പ്ര റോഡിലെ കള്ളുഷാപ്പിനു സമീപത്തെത്തുന്ന രീതിയിലായിരുന്നു ബൈപ്പാസ് വിഭാവനംചെയ്തത്. പൊതുമരാമത്ത് വകുപ്പ് 2.70 ലക്ഷം രൂപ ചെലവഴിച്ച് കള്ളുഷാപ്പിനു സമീപത്ത് പുതിയതായി നിർമിക്കേണ്ട പാലത്തിന്റെ ഡ്രില്ലിങ്, റോഡ് അലൈൻമെന്റ്, പാതയുടെ അതിർത്തിക്കല്ല് സ്ഥാപിക്കൽ എന്നിവയ്ക്കുള്ള നടപടികളും ആരംഭിച്ചതാണ്. എന്നാൽ, പിന്നീട് നടപടികൾ നിലച്ചു. സർവേ പൂർത്തീകരിച്ച റൂട്ട് മാറ്റി പുതിയത് കണ്ടെത്താനുള്ള നീക്കമാണ് പദ്ധതി അവതാളത്തിലാകാൻ കാരണമെന്നും പരാതിയുണ്ട്.
വണ്ടിനിർത്താൻ സ്ഥലമെവിടെ
പാർക്കിങ് സൗകര്യമില്ലാത്തതാണ് കൂരാച്ചുണ്ട് അങ്ങാടി കുരുക്കിലാകാനുള്ള പ്രധാനകാരണം. അങ്ങാടിയുടെ പ്രധാനഭാഗങ്ങളിൽ ആവശ്യത്തിന് പാർക്കിങ് സൗകര്യമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ഏതെങ്കിലും കടയിൽ കയറാൻ വാഹനം റോഡ് സൈഡിൽ നിർത്തണം. ഇത് കൂടുതൽ ഗതാഗതക്കുരുക്കിനും കാരണമാകും. സ്വകാര്യവ്യക്തികളുടെ ചെറിയസ്ഥലങ്ങളിലുള്ള പാർക്കിങ് സൗകര്യങ്ങൾ അങ്ങാടിയിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ മതിയാകുന്നില്ല. റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തിട്ടും വാഹനബാഹുല്യം അങ്ങാടിയെ വീർപ്പുമുട്ടിക്കുകയാണ്.
റോഡുകളിലെ നോ പാർക്കിങ് കേന്ദ്രങ്ങളിൽ മറ്റുമാർഗമില്ലാതെ ജനങ്ങൾ വാഹനം പാർക്ക് ചെയ്യുകയാണ്. ഇവിടെ വാഹനം ഇടുന്നവർക്ക് പോലീസിന്റെ പിഴയും ലഭിക്കുന്നുണ്ട്. കുപ്പിക്കഴുത്തുപോലെയുള്ള കൂരാച്ചുണ്ട് അങ്ങാടിയിലെ റോഡുകൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിന് പുറമെയാണ് വാഹനപാർക്കിങ്ങിനുള്ള സ്ഥലക്കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
കൂരാച്ചുണ്ട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾക്ക് ആവശ്യമായ നിശ്ചിത സ്ഥലം ഒഴിവാക്കി സ്വകാര്യവാഹനങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. അങ്ങാടിയിലെ പാർക്കിങ് കീറാമുട്ടിയാണെന്ന് പോലീസും സമ്മതിക്കുന്നു.
മലയോര ഹൈവേ ഡി.പി.ആർ. അനുമതി കാത്ത് കിടക്കുന്നു
പെരുവണ്ണാമൂഴി മുതൽ 28-ാം മൈൽ വരെയുള്ള മലയോര ഹൈവേയിൽ നിർമാണം ശേഷിക്കുന്ന കൂരാച്ചുണ്ട് ടൗണിലെ 700 മീറ്ററിന് 13.58 കോടി രൂപയുടെ ഡി.പി.ആർ. അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ചെയിനേജ് 50/900 മുതൽ 51/600 വരെയുള്ള ടൗൺ ഭാഗത്ത് സൗജന്യമായി സ്ഥലം ലഭിച്ചതോടെയാണ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 32.68 ശതമാനം കോസ്റ്റ് ഇൻഡക്സും 18 ശതമാനം ജി.എസ്.ടി.യും ഉൾപ്പെടുത്തി 13,58,51,800 രൂപയുടെ ഡി.പി.ആറാണ് കെ.ആർ.എഫ്.ബി. കിഫ്ബിക്ക് സമർപ്പിച്ചത്.
പെരുവണ്ണാമൂഴി മുതൽ 28-ാം മൈൽ ജങ്ഷൻ വരെയുള്ള 15.65 കിലോമീറ്ററിന് 82.49 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ആദ്യം ലഭിച്ചത്. ചക്കിട്ടപ്പാറ, കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഭാഗമാണിത്. ഇതിൽ കൂരാച്ചുണ്ട് ടൗൺ ഒഴികെയുള്ള പെരുവണ്ണാമൂഴി-ചെമ്പ്ര, ചെമ്പ്ര-28-ാം മൈൽ ഭാഗങ്ങളിലായി 5.5 കിലോമീറ്ററിന് 31.46 കോടി രൂപയ്ക്കും 9.45 കിലോമീറ്ററിന് 51.03 കോടി രൂപയ്ക്കും ടെൻഡർചെയ്ത് പ്രവൃത്തി പുരോഗമിക്കുകയാണ്. ബാക്കി തുകകൊണ്ട് ടൗണിലെ 700 മീറ്റർ പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് പുതിയ ഡി.പി.ആർ.
ടെൻഡർ ചെയ്യാതെ 700 മീറ്റർ ദൂരം ബാക്കിവെച്ചതോടെ കൂരാച്ചുണ്ട് അങ്ങാടിയിലെ ഗതാഗതക്കുരുക്കും പരിഹാരമാകാതെ തുടരുകയായിരുന്നു. അങ്ങാടിയിലെ റോഡ് എന്ന് ശരിയാകുമെന്ന ചോദ്യമാണ് നാട്ടുകാർ തുടർച്ചയായി ഉന്നയിച്ചിരുന്നത്. പുതിയ ഡി.പി.ആർ. സമർപ്പിച്ചതോടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.