ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം

കോഴിക്കോട് : കടപ്പുറത്ത് ബീച്ച് ഓപ്പൺ സ്റ്റേജിനു സമീപം നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൂഴിയിൽപാതി ചെരിഞ്ഞ് കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹം. ബുധനാഴ്ച രാവിലെ ആറുമണിയോടെ കടപ്പുറത്തെത്തിയ രണ്ട് പെൺകുട്ടികളാണ് മൃതദേഹം ആദ്യംകണ്ടത്. ഇവർ ഓപ്പൺ സ്റ്റേജിന് സമീപത്തുള്ള സെക്യൂരിറ്റി ജീവനക്കാരനോട് ഇക്കാര്യം പറഞ്ഞു. സ്റ്റേജിനു പടിഞ്ഞാറുഭാഗത്ത് ഏകദേശം 30 മീറ്റർ മാറിയാണ് മൃതദേഹമുണ്ടായിരുന്നത്. ഉടൻ ആളുകൾ സ്ഥലത്ത് ഒത്തുകൂടേണ്ടെന്ന് കരുതി സെക്യൂരിറ്റി ജീവനക്കാരൻ ചെറുതുണിയും പ്ലാസ്റ്റിക്ക് കവറും ഉപയോഗിച്ച് മറച്ചുവെച്ചു. തുടർന്ന് സിറ്റി കൺട്രോൾ റൂമിലേക്ക് ഫോൺ വിളിച്ചറിയിക്കുകയായിരുന്നു.

കൺട്രോൾ റൂമിലെ പോലീസുകാരും നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പോലീസുകാരും സ്ഥലത്തെത്തി പരിസരപ്രദേശങ്ങളിൽ വിശദ പരിശോധന നടത്തി. ജനിച്ചപ്പോൾതന്നെ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനമെന്നാണ് വിവരം. ജീവനില്ലെന്ന് കണ്ട് ഉപേക്ഷിച്ചതാണെന്നാണ് സംശയം.

പ്രദേശത്ത് പുലർച്ചെ മൂന്നു മണിവരെ നൈറ്റ് പട്രോളിങ്ങിലുള്ള പോലീസുകാർ ഉണ്ടായിരുന്നു. പോലീസ് കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികളുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴിയെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് ഫൊറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡുമുണ്ടായിരുന്നു. അസ്വാഭാവികമരണത്തിന് കേസെടുത്തതായി വെള്ളയിൽ എസ്.ഐ. വി.ടി. ഹരീഷ്‌കുമാർ പറഞ്ഞു.