നാട്ടുകാർ ചോദിക്കുന്നു: ‘ഈ റോഡ് വികസിപ്പിക്കാൻ നഗരസഭ കനിയുമോ’

കൊയിലാണ്ടി : നഗരസഭാ ടൗൺഹാളിന് പടിഞ്ഞാറുഭാഗത്തുകൂടി നടേലക്കണ്ടി ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ വാഹനയാത്ര ദുഷ്കരം.
ടൗൺഹാളിന്റെ ചുറ്റുമതിൽ നിർമിച്ചപ്പോഴുള്ള പിഴവാണ് നാട്ടുകാർ അനുഭവിക്കുന്നത്. മതിൽ റോഡിൽനിന്ന് അല്പം വിട്ട് കെട്ടിയിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാൻകഴിയുമായിരുന്നു. ഇരുഭാഗത്തുനിന്നുവരുന്ന രണ്ട് ചെറിയവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്തവിധമാണ് മതിൽ തള്ളിനിൽക്കുന്നത്. മതിൽ നിർമിക്കുന്ന സമയത്തുതന്നെ പ്രശ്നം ചൂണ്ടിക്കാട്ടിയതായി നാട്ടുകാർ പറയുന്നു. ഇപ്പോഴും പ്രശ്നപരിഹാരത്തിനുള്ള വഴിയുണ്ടെങ്കിലും നഗരസഭ കനിയണം. ടൗണിൽ താമസിക്കുന്ന ഒട്ടേറെ വീട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്.
ബസ് സ്റ്റാൻഡിൽനിന്ന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലേക്കും മറ്റ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന കുട്ടികൾ ഇതുവഴിയാണ് പോകുന്നത്. നഗരമധ്യത്തിലുള്ള റോഡിന്റെ ഈ അവസ്ഥ മാറ്റാൻ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരത്തിന് ശ്രമിക്കുമെന്ന് വാർഡ് കൗൺസിലർ സി.കെ. ജയദേവൻ പറഞ്ഞു.