കടൽകണ്ട് ബോട്ടിൽ കറങ്ങി മലകയറാം, ഒളോപ്പാറയിലേക്ക് പോകാം

കോഴിക്കോട് : എലത്തൂർ കോരപ്പുഴ അഴിമുഖത്ത് ഇറങ്ങി മാട്ടുവയൽ ബീച്ചിലൂടെ ഒന്ന് ഡ്രൈവ് ചെയ്ത് പെരുന്തുരുത്തിയിലെ കാഴ്ചകൾകണ്ട് കുമ്പളങ്ങിപോലെ മനോഹരമായ പാവയിലും നാരായണൻ ചിറയും ചുറ്റി ഒന്ന് ഒളോപ്പാറയിലേക്കു പോയാലോ. കോഴിക്കോട്ടെത്തുന്ന ഏത് വിനോദസഞ്ചാരിയെയും ഏറ്റവും കൊതിപ്പിക്കുന്ന യാത്രയാവുമത്. പേക്ഷ, ഇങ്ങിനെ ഒരിടമുണ്ടെന്നും കോഴിക്കോട്ടെ ഏറ്റവും പ്രധാന ജലടൂറിസം സാധ്യതയുള്ള മേഖലയാണെന്നും അധികം പേർക്കറിയില്ല.

എലത്തൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങി അല്ലെങ്കിൽ വാഹനത്തിലെത്തി കോരപ്പുഴയിൽനിന്ന് ബോട്ടിൽ പാവയിലും ഒളോപ്പാറയിലുമെത്തി എലിയോട് മലയിലെ കാഴ്ചകളിൽ കുളിരണിഞ്ഞ് അസ്തമയം കണ്ടുമടങ്ങുന്ന കടൽ മുതൽ മലവരെയുള്ള ടൂറിസം സർക്കിറ്റാണ് കോഴിക്കോട്ടുകാർ സ്വപ്‌നംകാണുന്നത്.

പൂക്കോട് തടാകത്തെക്കാൾ മനോഹരമാണ് നാരായണൻ ചിറയും പാവയിൽ ഭാഗത്തെ അകലാപ്പുഴയും. ഒളോപ്പാറയിലെ ബോട്ട് സർവീസും അതി മനോഹരമായ അനുഭവമാണ്.

കുട്ടനാട് പോലൊരുഅകലാപ്പുഴ

നിലവിൽ നാൽപ്പതോളം ഉല്ലാസബോട്ടുകളാണ് അകലാപ്പുഴയിലുള്ളത്. വിവിധ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്നു. ഉത്തരമലബാറിലെ ശ്രദ്ധേയമായ ജലവിനോദ കേന്ദ്രമായി വളർന്ന അകലാപ്പുഴയ്ക്ക് സമഗ്രമായ ടൂറിസം വികസന പദ്ധതി നടപ്പാക്കിയാൽ കേരളത്തിലെ മികച്ച ഇക്കോ-ടൂറിസം, ജലടൂറിസം കേന്ദ്രമായി മാറാൻ കഴിയും. സംസ്ഥാന ടൂറിസ്റ്റ് കേന്ദ്രമായി അകലാപ്പുഴയെ ടൂറിസം മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് ടൂറിസംവകുപ്പ് തയ്യാറാക്കുന്നുണ്ട്. അകലാപ്പുഴയെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, കുഞ്ഞാലി മരയ്ക്കാർ ഭവനം, തിക്കോടി ലൈറ്റ് ഹൗസ്, കൊയിലാണ്ടി ഹാർബർ, കൊല്ലം പിഷാരികാവ്, മൂടാടി ഉരുപുണ്യകാവ്, പാറപ്പള്ളി, ആനക്കുളം തുടങ്ങിയ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ടൂറിസം സർക്കിറ്റ്‌ പ്രഖ്യാപിക്കണം.