പനമ്പു നെയ്ത് കുതിച്ചുയരാൻ പൂങ്കുളം ബാംബു യൂണിറ്റ്

പനമ്പ് നെയ്ത്ത് പരിശീലനം തുടങ്ങി

വളയം : പൂങ്കുളത്ത് പ്രവർത്തിക്കുന്ന ബാംബു കോർപ്പറേഷൻ യൂണിറ്റ് പുതിയ പ്രവർത്തനരീതിയിലേക്ക് ചുവടുമാറ്റുന്നു. പനമ്പ് നെയ്ത്തിലൂടെ പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി പനമ്പ് നെയ്ത്ത് പരിശീലനം പൂങ്കുളം ബാംബൂ യൂണിറ്റിൽ ആരംഭിച്ചു.

തിരുവനന്തപുരം യൂണിറ്റിലെ രണ്ട് വിദ്ഗ്ദ്ധ തൊഴിലാളികളാണ് പരിശീലനംനൽകുന്നത്. നിലവിൽ ഇവിടെയുള്ള 10 തൊഴിലാളികൾക്ക് പുറ​േമ പുതുതായി 20 പേരെ കൂടി ഉൾപ്പെടുത്തിയാണ് പരിശീലനം. ഒരാഴ്ചത്തെ പരിശീലനത്തിനു ശേഷം ഈറ്റ ലഭ്യമാകുന്ന മുറയ്ക്ക് വിവിധ ഉത്പന്നങ്ങളുടെ നിർമാണം തുടങ്ങും.

നിലവിൽ കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ രണ്ട് വനങ്ങളിൽ നിന്നുമാത്രമേ ഈറ്റ വെട്ടാൻ അനുമതിയുള്ളൂ. കണ്ണൂർ-കോഴിക്കോട് ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പൂങ്കുളം ബാംബു യൂണിറ്റിലേക്ക് ഇവിടെനിന്ന് ഈറ്റ എത്തിക്കുക എന്നത് ഏറെ ചെലവേറിയ കാര്യമാണ്. സംസ്ഥാന സർക്കാർ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വനമേഖലകളിൽനിന്ന് ഈറ്റവെട്ടാൻ അനുമതി ലഭ്യമാക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. എങ്കിൽ പൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്ന പൂങ്കുളം ബാംബൂ യൂണിറ്റിന് പുനർജന്മമേകും. തൊഴിലവസരങ്ങളുമുണ്ടാകും.

വൈവിധ്യവത്കരണവും തുണച്ചില്ല...

2010-ൽ സ്ഥലം എം.എൽ.എ. ബിനോയ് വിശ്വം വനംമന്ത്രിയായ സമയത്താണ് ബാംബൂ കോർപ്പറേഷന്റെ മുള സംസ്കരണ യൂണിറ്റ് ചെക്യാട് നാലാം വാർഡിലെ പൂങ്കുളത്ത് സ്ഥാപിച്ചത്. 2011-ൽ വ്യവസായ മന്ത്രി എളമരം കരീം ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് കൊണ്ടുവരുന്ന മുളകൾ സംസ്കരിച്ച് ഫ്‌ലാറ്റൻ ബോർഡ് നിർമാണത്തിനായി സ്ട്രിപ്പുകളാക്കി അങ്കമാലിക്ക് കയറ്റിയയക്കുകയായിരുന്നു ചെയ്തിരുന്നത്.

പിന്നീട് നല്ലളത്ത് ടൈൽ നിർമാണം ആരംഭിച്ചതോടെ ടൈൽ ഉണ്ടാക്കാൻ പാകപ്പെടുത്തി കയറ്റി അയക്കുന്ന പ്രവൃത്തിയായി. ഇ.കെ. വിജയൻ എം.എൽ.എ.യായ സമയത്ത് അദ്ദേഹം മുൻകൈ എടുത്ത് പുതിയ ഉത്പന്നങ്ങൾ നിർമിക്കാനുള്ള പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ചൈനയിൽനിന്ന് പന്ത്രണ്ടോളം ആധുനികയന്ത്രങ്ങളും ഉപകരണങ്ങളും പൂങ്കുളത്തെ ബാംബു യൂണിറ്റിൽ എത്തിച്ചു. ചന്ദനത്തിരി സ്റ്റിക്, ടൂത്ത് പിക് തുടങ്ങിയവ ഇവിടെ നിന്നും ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. പദ്ധതി ആരംഭിച്ച് ഏറെ വൈകാതെ പ്രവർത്തനംനിലച്ചു. പിന്നീട് കയർ ഭൂവസ്ത്ര നിർമാണത്തിനുള്ള മുളയാണി നിർമാണം തുടങ്ങി.

ഇത് വിജയമായെങ്കിലും തൊഴിലാളികൾക്ക് ചില മാസങ്ങളിൽ മാത്രം തൊഴിൽ ലഭിക്കുകയും പിന്നീടുള്ള സമയങ്ങളിൽ അടച്ചിടുകയും ചെയ്യുന്ന രീതിയായി. ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാതായതോടെ യന്ത്രങ്ങൾ പലതും തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയിലെത്തി. ഇതോടെ ഗ്രാമപ്പഞ്ചായത്തംഗം കെ.പി. കുമാരൻ ബാംബു കോർപ്പറേഷൻ എം.ഡി., ചെയർമാൻ എന്നിവരെ നേരിൽക്കണ്ട് ചർച്ച നടത്തിയതിന്റെ ഫലമായാണ് പുതിയ ഉത്പന്നനിർമാണം ആരംഭിക്കാൻ നടപടിയായത്. കഴിഞ്ഞദിവസം എം.ഡി. സുരേഷ് പുല്ലാനിക്കാട് അടക്കമുള്ളവർ സ്ഥലത്ത് സന്ദർശനം നടത്തി യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനിക്കുകയായിരുന്നു.