കെ.എസ്.ആർ.ടി.സി.ക്ക് ബസ് നൽകി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി

കോഴിക്കോട് : ജനങ്ങളും സഹകരണസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതു അധ്യായത്തിനാണ് കെ.എസ്.ആർ.ടി.സി.ക്ക് ബസ് നൽകിക്കൊണ്ട് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി തുടക്കംകുറിച്ചതെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ കെ.എസ്.ആർ.ടി.സി. ബസിന്റെ ഫ്ലാഗ്ഓഫ് ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എം.വി.ആർ. കാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സി.എൻ. വിജയകൃഷ്ണന്റെ സുവർണവിരലുകൾകൊണ്ട് തുടങ്ങിയ സൊസൈറ്റി ചരിത്രംകുറിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.ഡി. സതീശൻ സർക്കാർ സഹകരണസ്ഥാപനങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ക്യാപിറ്റൽ എക്സ്പെൻറിച്ചർ കുറയ്ക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഇത് വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ സി.എൻ. വിജയകൃഷ്ണൻ എഴുതിയ ‘ഇതാ ഇവിടെവരെ; ഒരു സഹകരണയാത്രയുടെ കഥ’ എന്ന പുസ്തകം മന്ത്രി പ്രകാശനംചെയ്തു.
സി.ഇ. ചാക്കുണ്ണി ഏറ്റുവാങ്ങി. തുടർന്ന് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി ചെയർപേഴ്സൺ പ്രീമ മനോജ് ബസിന്റെ താക്കോൽ കെ.എസ്.ആർ.ടി.സി. എം.ഡി. പി.എസ്. പ്രമോജ് ശങ്കറിന് കൈമാറി.
ചാലപ്പുറത്തുള്ള ഹെഡ് ഓഫീസ് അങ്കണത്തിൽവെച്ച് ബസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ. അധ്യക്ഷനായി. ഫൈസൽ ബാബു എം.എൽ.എ., സി.എൻ. വിജയകൃഷ്ണൻ, കൗൺസിലർ കെ.പി. അനിൽകുമാർ, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി ഡയറക്ടർ വി. സജീവ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളായി പി. റഷീദ് (സി.ഐ.ടി.യു.), ടി.കെ. നൗഷാദ് (ഐ.എൻ.ടി.യു.സി.), കെ.കെ. വിനയൻ (ബി.എം.എസ്.), എ.സി. റെനീഷ് (എ.ഐ.ടി.യു.സി.), കെ. അബ്ദുൽ മജീദ്, സുരേഷ് ചാലിൽ പുറായി, എ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു. ബസിന്റെ കന്നി ഓട്ടത്തിൽ മന്ത്രിയും എം.എൽ.എ.മാരും സി.എൻ. വിജയകൃഷ്ണനും മറ്റ് ജീവനക്കാരും ഭാഗമായി. കാസർകോടുനിന്ന് എം.വി.ആർ. കാൻസർ സെന്ററിലേക്കാണ് ബസ് സർവീസ് നടത്തുന്നത്.