രാത്രിയിൽ കക്കൂസ് മാലിന്യം തള്ളാൻ നമ്പർപ്ലേറ്റില്ലാതെ ലോറി

സാഹസികമായി പിന്തുടർന്ന് തിരുവമ്പാടി പോലീസ്
പ്രതിയെക്കുറിച്ച് സൂചന
തിരുവമ്പാടി : രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ നമ്പർപ്ലേറ്റില്ലാത്ത ലോറിയെ അതിസാഹസികമായി മണിക്കൂറുകളോളം പിന്തുടർന്ന് തിരുവമ്പാടി പോലീസ്. തിരുവമ്പാടി യു.സി. മുക്കിൽനിന്നും തുടങ്ങി തമ്പലമണ്ണ, കോടഞ്ചേരി, താമരശ്ശേരി, കൊടുവള്ളി, കെട്ടാങ്ങൽ, കൂളിമാട് തുടങ്ങി വിവിധ ഊടുവഴികളും കടന്ന് മലപ്പുറം ജില്ലയിലെ അരീക്കോട് മുതൽ നിലമ്പൂർവരെ ലോറിയെ പിന്തുടർന്നു. സംഭവമറിഞ്ഞ് വിവിധയിടങ്ങളിൽ നാട്ടുകാർ ബൈക്കുകളിലും കാറുകളിലുമായി ലോറിയെ പിടികൂടാൻ പിന്തുടർന്നെങ്കിലും നിലമ്പൂരിൽനിന്ന് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ലോറി അപ്രത്യക്ഷമായി.
ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തിരുവമ്പാടി എസ്.എച്ച്.ഒ. ഇ.കെ. രമ്യയ്ക്ക് യു.സി. മുക്കിൽ കക്കൂസ് മാലിന്യവുമായി ലോറിയെത്തിയ വിവരം ലഭിക്കുന്നത്. തുടർന്ന് എസ്.ഐ. അനന്തു ഡ്രൈവർ ടി. അനൂപിനൊപ്പം സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ വാഹനം അതിവേഗം ഓടിച്ചുപോവുകയായിരുന്നു. തിരുവമ്പാടി സ്റ്റേഷൻപരിധി വിട്ട് കോടഞ്ചേരി, കൊടുവള്ളി, താമരശ്ശേരി, മാവൂർ, മുക്കം, അരീക്കോട് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിലൂടെയാണ് വാഹനം കുതിച്ചുപാഞ്ഞത്.
പോലീസിനൊപ്പം വാഹനം പിടികൂടാൻ ശ്രമിച്ചവരുടെ ദേഹത്തേക്ക് വണ്ടി ഇടിച്ചുകയറ്റാൻ ശ്രമവുമുണ്ടായി. നിരത്തിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങളെയും യാത്രക്കാരായ കുടുംബങ്ങളെയും അപകടപ്പെടുത്തുംവിധമാണ് വാഹനം മുന്നോട്ടുകുതിച്ചത്. നാട്ടുകാർ എടുത്ത ദൃശ്യങ്ങളിൽ പ്രതിയുടെ അവ്യക്തരൂപം പതിഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും മലപ്പുറം സ്വദേശികളാണെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
തിരുവമ്പാടി-മുക്കം റോഡിൽ മരക്കാട്ടുപുറം റോഡരികിലും തോടുകളിലും ഉൾപ്പെടെ പലയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളുന്നതായ പരാതികൾ വ്യാപകമായിരിക്കെയാണ് പോലീസിന്റെ സാഹസിക ഇടപടൽ.