നരേന്ദ്രമോദി അപമാനിതനായി പുറത്ത് പോകേണ്ടിവരും -കെ.സി. വേണുഗോപാൽ

കോഴിക്കോട് : രാജ്യത്ത് ഏറ്റവും അപമാനിതനായി പുറത്തുപോകേണ്ടിവരുന്ന പ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദിയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡൽഹിയിൽനടക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് ജില്ലാകമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ദേശ് ബചാവോ റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഞാനാണോ താങ്കളാണോ ദേശവിരുദ്ധപ്രവർത്തനം നടത്തുന്നത് എന്നതിനെക്കുറിച്ച് രാഹുൽഗാന്ധി മോദിയെ സംവാദത്തിന് വിളിച്ചിട്ട് അദ്ദേഹം അതിനുതയ്യാറായില്ല. മോദിക്ക് വരാൻപറ്റില്ല. വരാൻപറ്റാത്തവിധത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്.
അത് വരുംദിവസങ്ങളിൽ വ്യക്തമാവും. മോദിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ദീർഘ പ്രക്ഷോഭപരമ്പരകൾ വരാനിരിക്കുന്നതേയുള്ളൂ -വേണുഗോപാൽ പറഞ്ഞു
ഗ്യാനേഷ് കുമാർ ചെയ്ത ഇനിയും ഭയാനകരമായ കാര്യങ്ങൾ പുറത്തുവരാനിരിക്കുന്നുണ്ട്. ഒരുരാത്രിപോലും ഗ്യാനേഷ്‌കുമാറിനോ മോദിക്കോ കിടന്നുറങ്ങാൻപറ്റുന്ന മാനസികാവസ്ഥയില്ല. ജീവൻമരണപ്പോരാട്ടമാണ് ഈ നാട്ടിൽ നടക്കുന്നത്.
ആരും സംശയിക്കണ്ട, 2029 മേയ് എന്ന മാസമുണ്ടെങ്കിൽ രാഹുൽഗാന്ധിയായിരിക്കും ഇന്ത്യയുടെ പ്രധാനമന്ത്രി.
പക്ഷേ, രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനും കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാനും മാത്രമുള്ള പോരാട്ടമല്ല ഇത്.
ഇന്ത്യയിലെ ഓരോ വോട്ടർക്കും അവന്റെ വോട്ടവകാശവും ജനാധിപത്യ അവകാശവും നിലനിർത്തിക്കൊടുക്കാനുള്ള പേരാട്ടമാണിത് -കെ.സി. വേണുഗോപാൽ പറഞ്ഞു.
മോദിക്കും സുപ്രീംകോടതിക്കും ഇല്ലാത്ത നിയമപരിരക്ഷയാണ് ഗ്യാനേഷ്‌കുമാറിന് കിട്ടിയത്. അന്നുമുതൽ ജനാധിപത്യത്തെ കശാപ്പുചെയ്യാൻ തുടങ്ങി. ഗ്യാനേഷ്‌കുമാർ അഴിമതിനടത്തിയിരുന്നു. സർക്കാരിന്റെ പണം കട്ടിരുന്നു.
ഇപ്പോൾചെയ്ത തെറ്റുമായി നോക്കുമ്പോൾ അതൊക്കെ എത്രയോ ചെറുതായിരുന്നു. ഇപ്പോൾ നടക്കുന്നത് വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യലല്ല. ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ആധാർ അല്ല വോട്ടർ ഐ.ഡി.യാണ് ആനുകൂല്യങ്ങൾക്ക് മാനദണ്ഡമെന്നാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പറഞ്ഞതെന്നും വേണുഗോപാൽ പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി, കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ കെ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, എം.പി.മാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, ഇമ്രാൻ പ്രതാപ് ഗഢി, എം.എൽ.എ.മാരായ കെ. ജയന്ത്, എം. വിൻസന്റ്, വിദ്യാബാലകൃഷ്ണൻ, വി.ടി. സൂരജ്, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.എം. നിയാസ്, നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.
ആവേശംതീർത്ത് ദേശ് ബചാവോ റാലി
കോഴിക്കോട് : മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദേശ് ബചാവോ റാലി ശക്തിപ്രകടനമായി മാറി. മാവൂർറോഡ് ജങ്ഷനിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി ഫ്ളാഗ് ഓഫ് ചെയ്തറാലി കോഴിക്കോട് കടപ്പുറത്ത് എത്തുമ്പോഴേക്കും ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു. മഴനനഞ്ഞാണ് ദീപാ ദാസ് മുൻഷിയടക്കമുള്ള നേതാക്കളും പ്രവർത്തകരും റാലിയിൽ പങ്കെടുത്തത്.
ദീപാ ദാസ്‌മുൻഷി ‘ദേശ് ബചാവോ’ എന്ന് ഉച്ചത്തിൽ വിളിച്ചപ്പോൾ കോഴിക്കോട് കടപ്പുറത്ത് അണിനിരന്ന ആയിരങ്ങൾ ‘ബി.ജെ.പി. ഹഠാവോ’ എന്ന് തിരികെ ചൊല്ലി. ദേശ് ബചാവോ റാലി നടത്തുന്ന ആദ്യ കോൺഗ്രസ് ജില്ലാകമ്മിറ്റിയാണ് കോഴിക്കോട്ടേതെന്ന് അവർ പറഞ്ഞു. കവിത ചൊല്ലിയാണ് ഇത്തവണയും ഇമ്രാൻ പ്രതാപ് ഗഢി എം.പി ആവേശമായത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ റാലിക്കെത്തിയിരുന്നു. റാലിയുടെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഡൽഹിയിലെ സമരത്തിലൂടെ ശ്രദ്ധേയായ എൻ.എസ്.യു. പ്രവർത്തക ആതിരാ വിജയൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാ യു.ഡി.എഫ്. ചെയർമാൻ വി.ഡി. ജോസഫ്, കെ.പി.സി.സി. രാഷ്ട്രീയ നിർവാഹകസമിതി അംഗം എൻ. സുബ്രഹ്‌മണ്യൻ, ഡി.സി.സി. ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹ്‌മാൻ, വൈസ് പ്രസിഡന്റ് എം. രാജൻ, മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, കോർപ്പറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.