പ്രതീക്ഷയിൽ കൊയിലാണ്ടി

കൊളാവിപ്പാലം ടൂറിസ്റ്റ് ക്രൂയിസ് ടെർമിനൽ പദ്ധതി
കൊയിലാണ്ടി : യു.ഡി.എഫ്. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി ടൂറിസ്റ്റ് ക്രൂയിസ് വെസൽസ് ജെട്ടി സ്ഥാപിക്കാൻ ജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം പയ്യോളിയിലെ കൊളാവിപ്പാലത്താണെന്ന കണ്ടെത്തൽ കൊയിലാണ്ടി മണ്ഡലത്തിനാകെ വലിയ പ്രതീക്ഷ നൽകുന്നു.
പയ്യോളി കൊളാവിപ്പാലം മിഷൻ സമുദ്ര പദ്ധതിയിൽ ഉൾപ്പെടുകയും ആവശ്യമായ സാങ്കേതിക, പാരിസ്ഥിതിക, നിയമപരമായ അനുമതികൾ ലഭിക്കുകയും ചെയ്താൽ കൊയിലാണ്ടി -വടകര മണ്ഡലത്തിന് വൻ വികസനസാധ്യതയാണ് ഉണ്ടാകാൻ പോകുന്നതെന്നും കൊയിലാണ്ടി തീരമേഖലയുടെ വികസനചരിത്രത്തിൽ പുതിയ അധ്യായം തുറക്കുമെന്നും കെ. പ്രവീൺകുമാർ എം.എൽ.എ. പ്രതികരിച്ചു.
ജലടൂറിസം, ചെറുകിട ചരക്കുനീക്കം, ഹോട്ടൽ വ്യവസായം, പ്രാദേശിക വ്യാപാരം, തൊഴിൽ മേഖല എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു പുതിയ തീരദേശ സാമ്പത്തികമേഖല കൊയിലാണ്ടി മണ്ഡലത്തിൽ രൂപപ്പെടും.
മിഷൻ സമുദ്രപദ്ധതിയുടെ ഭാഗമായി ടൂറിസ്റ്റ് ക്രൂയിസ് വെസലുകൾക്കായുള്ള ടെർമിനൽ സ്ഥാപിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നായി പയ്യോളിയിലെ കൊളാവിപ്പാലം തീരപ്രദേശം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭയിൽ പ്രഖ്യാപിച്ചത്. പയ്യോളിയിൽ വിദഗ്ധ സംഘം പ്രാഥമിക പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കടലിന്റെ ആഴം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ടെർമിനൽ യാഥാർഥ്യമായായാൽ കോഴിക്കോട്, കൊച്ചി, വിഴിഞ്ഞം എന്നിവിടങ്ങളിൽനിന്ന് പാസഞ്ചർ കപ്പലുകൾക്ക് പോകാൻ കഴിയും.
മിഷൻ സമുദ്ര പദ്ധതിയിൽ കൊയിലാണ്ടി മണ്ഡലത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പ്രവീൺ കുമാർ എം.എൽ.എ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തിരുവനന്തപുരത്തുനിന്ന് പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പയ്യോളി പ്രദേശത്ത് പരിശോധന നടത്തിയത്. തീരപ്രദേശത്തുനിന്ന് താരതമ്യേന കുറഞ്ഞ ദൂരത്തിനുള്ളിൽ ആവശ്യമായ ജല ആഴം ലഭിക്കാനുള്ള സാധ്യത കൊളാവിപ്പാലം പ്രദേശത്തിനുണ്ടെന്ന പ്രാഥമിക കണ്ടെത്തലാണ് ഈ പദ്ധതിക്ക് വലിയ പ്രതീക്ഷനൽകുന്നത്.
അന്തിമമായി പദ്ധതി നടപ്പാക്കുന്നതിന് മുൻപ് വിശദമായ ഹൈഡ്രോഗ്രാഫിക് സർവേ, പാരിസ്ഥിതിക പഠനം, സാങ്കേതിക സാധ്യതാപഠനം, തീരസംരക്ഷണപഠനം, പദ്ധതി രൂപരേഖ എന്നിവ തയ്യാറാക്കേണ്ടതുണ്ട്.സംസ്ഥാനതല വിദഗ്ധസംഘത്തോടൊപ്പം കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്ചുത വാരിയർ, ഹൈഡ്രോഗ്രാഫിക് സർവേയർ വർഗീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തിരുന്നു. വിദഗ്ധസംഘം നടത്തിയ പരിശോധനയുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഈ പ്രദേശത്തിന്റെ സമുദ്രഗതാഗത സാധ്യതകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്.
കൊളാവിപ്പാലത്ത് ആധുനിക ക്രൂയിസ് വെസൽ ടെർമിനൽ സ്ഥാപിക്കപ്പെടുകയാണെങ്കിൽ അത് പയ്യോളി നഗരസഭയ്ക്ക് മാത്രമല്ല, മുഴുവൻ കൊയിലാണ്ടി മണ്ഡലത്തിന്റെ സാമ്പത്തികഭൂപടംതന്നെ മാറ്റാൻ ശേഷിയുള്ള പദ്ധതിയായി മാറുമെന്ന് എം.എൽ.എ പറഞ്ഞു. പയ്യോളി, കൊയിലാണ്ടി നഗരസഭ, തിക്കോടി, മൂടാടി, എന്നിവിടങ്ങളിലെ തീരദേശ മേഖലകൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ വികസനപദ്ധതി ഇതിലൂടെ രൂപപ്പെടും. കൊളാവിപ്പാലം ടെർമിനലിനെ കേന്ദ്രീകരിച്ച് വടക്കൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഒരു സമഗ്ര കോസ്റ്റൽ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താം.
യാഥാർഥ്യമായാൽ വൻവികസനം
ചെറുകിട ഇടത്തരം ശേഷിയുമുള്ള ടൂറിസ്റ്റ് വെസലുകൾ സർവീസ് ആരംഭിക്കുന്ന സാഹചര്യമുണ്ടായാൽ പയ്യോളിയും കൊയിലാണ്ടിയും വടക്കൻ കേരളത്തിന്റെ പുതിയ സമുദ്ര ടൂറിസം കേന്ദ്രങ്ങളായി മാറാൻ സാധ്യതയുണ്ട്. ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപ് ടൂറിസം മേഖലകളിലേക്കും ദീർഘദൂര സമുദ്ര യാത്രകളിലേക്കുമുള്ള സർവീസുകളുടെ സാധ്യതകളും ഉരുത്തിരിയും. ടൂറിസ്റ്റ് വെസലുകൾക്കൊപ്പം ഭാവിയിൽ ചെറിയ കാർഗോ വെസലുകൾ ഉൾപ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കാമെന്ന് എം.എൽ.എ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് യാഥാർഥ്യമായാൽ തീരദേശ ചരക്കുനീക്കത്തിന് പുതിയ വഴികൾ തുറക്കാം. മത്സ്യ -കാർഷിക -കൈത്തറി, കരകൗശല ഉത്പന്നങ്ങൾ, വ്യാവസായിക ഉത്പന്ന ങ്ങൾ, നിർമാണസാമഗ്രികൾ എന്നിവയുടെ നീക്കം കടലിലൂടെ വേഗത്തിലാക്കാൻ കഴിയും. ഇതിലൂടെ റോഡ് ഗതാഗതത്തിന്റെ തടസ്സം നീങ്ങിക്കിട്ടും.
ക്രൂയിസ് ടെർമിനൽ യാഥാർഥ്യമാകുന്നതോടെ നേരിട്ടും പരോക്ഷമായും ഒട്ടേറെ തൊഴിൽ അവസരങ്ങൾ ഉണ്ടാകാം. കൂടാതെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഹോംസ്റ്റേകൾ എന്നിവയ്ക്ക് സാധ്യതയേറും. കൊളാവിപ്പാലം ടെർമിനൽ വികസനത്തിന്റെ പ്രധാന പ്രയോജനം ലഭിക്കുന്ന പ്രധാന ടൗണുകൾ പയ്യോളിയും കൊയിലാണ്ടിയുമായിരിക്കും. അതുവഴി കൊയിലാണ്ടി മണ്ഡലം കേരളത്തിലെ ശ്രദ്ധേയമായ വാട്ടർടൂറിസം ഡെസ്റ്റിനേഷനായി വളരാൻ കഴിയുമെന്ന പ്രതീക്ഷയും കെ. പ്രവീൺകുമാർ പങ്കുവെച്ചു.