നടപ്പാത കൈയേറി ടാർവീപ്പകൾ; കല്ലായിയിൽ കാൽനടയാത്രക്കാർക്ക് അപകടയാത്ര

കോഴിക്കോട് : വാഹനത്തിരക്കേറിയ റോഡിന്റെ നടപ്പാത നിറയെ ടാർവീപ്പകൾ. അതിനോടുചേർന്ന പാർക്കുചെയ്ത വാഹനങ്ങളുടെ നിര. ഈ ഭാഗത്തെത്തുമ്പോൾ കാൽനടക്കാർ ചുററി വളഞ്ഞ് അപകടകരമായി മെയിൻ റോഡിലൂടെ സഞ്ചരിക്കേണ്ട അവസ്ഥ.കല്ലായി റോഡിൽ റെയിൽവേസ്റ്റേഷന്റെ ഒന്നാംപ്ളാറ്റ്‌ഫോം അവസാനിക്കുന്നഭാഗത്തെ മതിൽക്കെട്ടിനുപുറത്തെ കാഴ്ചയാണിത്. റോഡുനിർമാണത്തിനുള്ള ബിറ്റുമിൻ ഇമൽഷൻ നിറച്ച 14 വീപ്പകളാണ് വഴിമുടക്കിക്കിടക്കുന്നത്.
200 കിലോവീതം തൂക്കമുള്ള വീപ്പകളാണിവ. പന്നിയങ്കര മേൽപ്പാലം ഇറങ്ങിവരുന്ന ഭാഗത്തിനു തൊട്ടടുത്താണ് ഈ പ്രദേശം. മൂന്നുമാസത്തോളമായി ഈ രീതിയിലാണ് വീപ്പകൾ ഇട്ടിരിക്കുന്നതെന്നും സാഹസികമായി പ്രധാനറോഡിലേക്കിറങ്ങി ചീറിപ്പായുന്ന വാഹനങ്ങളെ അതിജീവിച്ചുപോകേണ്ട അവസ്ഥയിലാണ് കാൽനടക്കാരെന്നും പ്രദേശവാസിയായ വി.കെ. ബാലകൃഷ്ണൻ പറയുന്നു.
സ്ഥിരമായി ഈറോഡിലൂടെ പ്രഭാതസവാരി ചെയ്യുന്ന താനുൾപ്പെടെ ഒട്ടേറെപ്പേർ ഏറെ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറയുന്നു. നടപ്പാതയ്ക്കുസമീപം അതിരാവിലെ റോഡിൽ വലിയവാഹനങ്ങൾ നിർത്തി ചെറുവാഹനങ്ങളിലേക്ക് സാധനങ്ങൾ ഇറക്കിവെക്കുന്ന ജോലിയും നടക്കാറുണ്ട്.
പച്ചക്കറി വേർതിരിക്കുന്ന തിരക്കും ഉണ്ടാകാറുണ്ട്. അതോടെ ഇവിടെയെത്തുമ്പോൾ മെയിൻ റോഡിലേക്കിറങ്ങി നടക്കേണ്ടസ്ഥിതിയാണ്. പാലത്തിലൂടെയും സർവീസ്‌റോഡുകളിലൂടെയും വരുന്ന വാഹനങ്ങൾ അതിവേഗത്തിൽ കടന്നുപോകുന്നതും യാത്രയ്ക്ക് ഭീഷണിയാണ്. ഒൻപതുമണിയോടെ വാഹന പാർക്കിങ്ങും തുടങ്ങും. വീപ്പകൾ ഉടനടി മാറ്റിസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വീപ്പകൾ ഉടനെമാറ്റും -അധികൃതർ
കല്ലായി ഭാഗത്ത് റോഡുപണിക്കായി ഇറക്കിയ ടാർവീപ്പകളാണ് ഇതെന്നും ഉടനടി അവ എടുത്തുമാറ്റാൻ നിർദേശം നൽകുമെന്നും ദേശീയപാതാ അധികൃതർ അറിയിച്ചു. പെട്ടെന്നുതന്നെ ഇതുപയോഗിച്ച് റോഡുപണിനടത്താൻ നിർദേശം നൽകുമെന്നും അധികൃതർ അറിയിച്ചു.