കോഴിക്കോട് അബൂബക്കറിനെ അനുസ്മരിച്ചു

കൊടുവള്ളി : മാപ്പിളപ്പാട്ട് സംഗീതരംഗത്തെ ശ്രദ്ധേയനായ സംഗീതസംവിധായകൻ കോഴിക്കോട് അബൂബക്കറിന്റെ നിര്യാണം മാപ്പിളപ്പാട്ട് കലാരംഗത്തിന് തീരാനഷ്ടമാണെന്ന് തനിമ കലാസാഹിത്യവേദി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. സംഗീതരംഗത്ത് ലാളിത്യവും ഭാവസാന്ദ്രതയും നിറഞ്ഞ ഈണങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു. പ്രസിഡന്റ് എഫ്.എം. അബ്ദുള്ള അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബാബു സൽമാൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഗാനരചയിതാവ് പക്കർ പന്നൂർ, ശിഹാബുദ്ധീൻ ഇബ്നു ഹംസ, സദറുദ്ധീൻ പുല്ലാളൂർ, സി.വി.എ. കുട്ടി ചെറുവാടി, ഐ.പി. സിദ്ധിഖ്, ബദറുദ്ധീൻ പാറന്നൂർ, ടി.കെ.എം. കോയ, ഫൗസിയ ഷംസ്, ജനറൽ സെക്രട്ടറി അഷ്റഫ് വാവാട്, സലാം കരുവമ്പൊയിൽ എന്നിവർ സംസാരിച്ചു.