എൻഐടിയിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ

മുക്കം : വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ഐ.ടി. കാമ്പസിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. ഹോസ്റ്റലുകളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, മുൻപുണ്ടായിരുന്ന സ്റ്റുഡൻറ്സ് അഫയേഴ്സ് കൗൺസിൽ പുനഃസ്ഥാപിക്കുക, അടച്ചിട്ട സി ഗേറ്റ് തുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തുന്നത്.

അഞ്ഞൂറിലധികം വിദ്യാർഥികളാണ് കഴിഞ്ഞ മൂന്നുദിവസമായി കാമ്പസിനകത്ത് പ്രതിഷേധിക്കുന്നത്.

ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ഒന്നിന് വിദ്യാർഥികൾ ഡയറക്ടർക്ക് തുറന്ന കത്തെഴുതുകയും കാമ്പസിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ചർച്ചനടത്തി മടങ്ങുകയായിരുന്ന വിദ്യാർഥികൾ മെഗാ ഹോസ്റ്റൽ പരിസരത്ത് ഡയറക്ടറുടെ കാർ തടഞ്ഞിരുന്നു.

വിദ്യാർഥികൾക്ക് പറയാനുള്ള കാര്യങ്ങൾ അവതരിപ്പിക്കാൻ ശനിയാഴ്ച വിശദമായ ചർച്ചനടത്താമെന്നും ആവശ്യങ്ങൾ ഈ ചർച്ചയിൽ സമർപ്പിക്കണമെന്നും ഡയറക്ടർ നിർദേശിച്ചതിനെത്തുടർന്നാണ് വിദ്യാർഥികൾ അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്.

എന്നാൽ, നടക്കാനിരുന്ന ചർച്ച മാറ്റിവെച്ചതായി ശനിയാഴ്ച വൈകീട്ടോടെ ഡയറക്ടർ അറിയിച്ചതിനെത്തുടർന്നാണ് വിദ്യാർഥികൾ സമരം ശക്തമാക്കാനൊരുങ്ങുന്നത്. എൻ.ഐ.ടി.യിലെ പ്രധാന കാമ്പസിൽ ഒരു കോടി രൂപ ചെലവഴിച്ച് വിവേകാനന്ദപ്രതിമ സ്ഥാപിക്കുന്നത് മാറ്റിവെച്ച് അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരനടപടി വേണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.