കുരുക്കിൽ കുടുങ്ങാതിരിക്കാം; ജയന്തി ബിൽഡിങ്ങിന് സമീപം ബസ് ബേ

കൗൺസിൽ തീരുമാനത്തിനുശേഷം ബേ ഒരുക്കും
കോഴിക്കോട് : കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിലൂടെയുള്ള റോഡിലെ തിരക്കൊഴിവാക്കാൻ പാളയം ജയന്തിബിൽഡിങ്ങിന് സമീപത്തായി ബസ് ബേ ഒരുക്കുന്ന നടപടിയുമായി കോർപ്പറേഷനും ട്രാഫിക് അധികൃതരും മുന്നോട്ട്. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഇതിന്റെ സാധ്യതകൾ പരിശോധിച്ചു.
കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിലൂടെയുള്ള റോഡിൽ തിരക്കും ഗതാഗതക്കുരുക്കും ക്രമാതീതമായി കൂടുകയാണ്. മുതലക്കുളം കഴിഞ്ഞാൽ എം.സി.സി. ബസ് സ്റ്റോപ്പാണുള്ളത്. എന്നാൽ, മുതലക്കുളത്തിനും പാളയം ജങ്ഷനുമിടയിൽ പലയിടത്തും ബസുകൾ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സാഹചര്യമാണ്. കൂടാതെ, വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നു. സമീപത്തായി ഓട്ടോപാർക്കിങ്ങുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം തിരക്കിന് കാരണമാകുന്നുണ്ടെന്നാണ് ട്രാഫിക് പോലീസിന്റെ വിലയിരുത്തൽ. ജയന്തി ബിൽഡിങ്ങിന് സമീപം പാർക്കിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന കോർപ്പറേഷന്റെ സ്ഥലം പ്രയോജനപ്പെടുത്തുന്നകാര്യമാണ് ആലോചിക്കുന്നത്. ഇവിടെ ബസ് ബേ ഒരുക്കിയാൽ രണ്ട് ബസിന് നിർത്താനുള്ള സൗകര്യമുണ്ടാകും. ഈ ഭാഗത്തെ സൗകര്യം വിലയിരുത്തിയിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അധികൃതർ പറഞ്ഞു.
നടപ്പാതയും കുറച്ച് ഉള്ളിലോട്ടുള്ള ഭാഗങ്ങളും ഇതിനായി പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ. എന്നേക്ക് ബസ് ബേ സാധ്യമാകുമെന്ന് തീരുമാനമായിട്ടില്ല.
‘ട്രാഫിക്കാണ് തിരക്ക് കുറയ്ക്കാനായി ബസ് ബേ ഒരുക്കുന്ന കാര്യം സൂചിപ്പിച്ചത്. അവരുമായി സംസാരിച്ചു. തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. ഇനി കൗൺസിൽ തീരുമാനമെടുക്കണം’-മേയർ ഒ. സദാശിവൻ പറഞ്ഞു.