അഞ്ചുവർഷമായി കല്ലാച്ചി ടൗൺ നവീകരണം പാതിവഴിയിൽ

കല്ലാച്ചി : നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ കല്ലാച്ചി ടൗണിന്റെ നവീകരണം അഞ്ചുവർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. 2021-ലെ ബജറ്റിൽ പൊതുമരാമത്ത് വകുപ്പിന്റെ മൂന്നുകോടി രൂപ ചെലവഴിച്ച് ആരംഭിച്ച നവീകരണപ്രവൃത്തികളാണ് പാതിവഴിയിൽ നിലച്ചത്. ഇടയ്ക്കിടെ നിർമാണം ആരംഭിക്കുകയും താമസിയാതെ നിലയ്ക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിൽ.
നവീകരണപ്രവൃത്തി നീണ്ടുപോകുന്നതോടെ ഏറ്റവും ദുരിതത്തിലായത് ടൗണിലെ വ്യാപാരികളാണ്. ഓണത്തിനുശേഷം നവീകരണപ്രവൃത്തി അടിയന്തരമായി പുനരാരംഭിക്കണമെന്ന് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചമുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗൺ നവീകരണം അടുത്ത ദിവസംതന്നെ ആരംഭിക്കുമെന്ന് അറിയിച്ച് കടകൾക്കുമുന്നിലെ പടികളും മറ്റ് നിർമാണഭാഗങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കംചെയ്തു. പൊളിച്ചുമാറ്റേണ്ട ചില കെട്ടിടഭാഗങ്ങളും നീക്കംചെയ്തു. എന്നാൽ, പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇതുവരെ പൂർണമായി മാറ്റിയിട്ടില്ല.
നടപ്പാതയിൽ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടതോടെ കാൽനടയാത്രക്കാർ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. കടകൾക്കുമുന്നിൽ അവശിഷ്ടങ്ങൾ കിടക്കുന്നതിനാൽ ഉപഭോക്താക്കൾ എത്തുന്നില്ലെന്നും വ്യാപാരികൾ പരാതിപ്പെടുന്നു.
അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കംചെയ്യണമെന്ന് വ്യാപാരികൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസത്തെ മഴയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ വെള്ളമൊഴുകി കടകൾക്കുള്ളിലേക്ക് എത്തിയതായും വ്യാപാരികൾ പറഞ്ഞു.
റോഡരികിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ടയർ നടപ്പാതയിൽ കയറിയാൽ പിഴയീടാക്കുന്ന അധികൃതർ, നടപ്പാതയിൽ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും വ്യാപാരികൾ ആരോപിച്ചു.
കല്ലാച്ചി ഗാലക്സി ഹൈപ്പർമാർക്കറ്റ് മുതൽ എ.സി.സി. സിമന്റ് കടവരെയുള്ള 550 മീറ്റർ ഭാഗത്താണ് നവീകരണ പ്രവൃത്തി നടക്കുന്നത്. പുതിയ ഓവുചാൽ, ഇന്റർലോക്ക് പതിച്ച നടപ്പാത, ഹാൻഡ്‌റെയിൽ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.