ഇ.എസ്.ഐ. റഫറൽ ആശുപത്രി: റേഡിയോളജിസ്റ്റില്ല

യു.ഡി.എഫ്. വാഗ്ദാനം പാലിക്കുന്നില്ലെന്നും പരാതി

ഫറോക്ക് : യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറി അഞ്ചുമാസം പിന്നിട്ടിട്ടും ഫറോക്ക് ഇ.എസ്.ഐ. റഫറൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റ് നിയമനമായില്ല. ഇതോടെ കോടികൾ ചെലവിട്ട് വാങ്ങിയ ആശുപത്രിയിലെ സി.ടി. സ്കാനും അൾട്രാസൗണ്ട് സ്കാനിങ് മെഷീനും നിശ്ചലം. കഴിഞ്ഞ ഏപ്രിൽമാസത്തിലാണ് ആശുപത്രിയിൽ ഉണ്ടായിരുന്ന റേഡിയോളജിസ്റ്റ് വി.ആർ.എസ്. പ്രകാരം സർവീസിൽനിന്ന് വിരമിച്ചത്. എന്നാൽ ഇതുവരെയായിട്ടും ആശുപത്രിയിൽ പുതിയ റേഡിയോളജിസ്റ്റ് വന്നിട്ടുമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ്. സ്ഥാനാർഥിയടക്കം നേതാക്കൾ ആശുപത്രി സന്ദർശിക്കുകയും ഭരണമാറ്റമുണ്ടായാൽ അടിയന്തരമായി ആശുപത്രിയിൽ റേഡിയോളജിസ്റ്റ് നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടിയുണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ പുതിയ മന്ത്രിസഭ വന്നിട്ടും കാര്യങ്ങൾ എല്ലാം പഴയപടിതന്നെയാണ് നീങ്ങുന്നത്.

രോഗികൾ റഫറൻസ് പേപ്പറുളെല്ലാം ശരിയാക്കി ഉടൻ എം.പാനൽ ചെയ്ത ആശുപത്രിയിൽ പോയി സി.ടി. സ്കാനിങ്, അൾട്രാസൗണ്ട് സ്കാനിങ് എടുത്ത് പരിശോധനാഫലവുമായി വീണ്ടും ആശുപത്രിയിലെത്തി ഡോക്ടർമാരെ കാണേണ്ട സ്ഥിതിയാണുള്ളത്. റോഡിയോളജിസ്റ്റ് ഉണ്ടായാൽ ഇതിനെല്ലാം വലിയ പരിഹാരമാവും.

1987 ജനുവരിയിലാണ് കോഴിക്കോട്, മലപ്പുറം, വയനാട്, ജില്ലയിലെ ഇ.എസ്.ഐ.ഗുണഭോക്താക്കൾക്കായി ഫറോക്കിൽ ഇ.എസ്.ഐ.റഫറൽ ആശുപത്രി സ്ഥാപിതമായത്.