ഒടുവിൽ തീരുമാനം; ചെറുവണ്ണൂർ റോഡ് അടയ്ക്കും

റോഡ് അടയ്ക്കൽ 9-ന് രാത്രി പത്തുമുതൽ 12-ന് രാത്രി പത്തുവരെ
ഫറോക്ക് : ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ രണ്ടാംഘട്ട ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബർ ഒൻപത് രാത്രി 10 മണിമുതൽ നവംബർ 12 രാത്രി 12 വരെ മൂന്നുദിവസം പൂർണമായും ഗതാഗതം നിരോധിക്കുമെന്ന് കളക്ടർ അറിയിച്ചു. രണ്ടാംഘട്ടത്തിൽ പതിനെട്ട് ഗർഡറുകളാണ് സ്ഥാപിക്കുക. ഒന്നാംഘട്ടത്തിൽ പതിമ്മൂന്ന് ഗർഡറുകൾ സ്ഥാപിച്ചിരുന്നു.
വാഹനങ്ങൾക്ക് ബദൽമാർഗങ്ങൾ
ചരക്കുവാഹനങ്ങൾ, കണ്ടെയ്നർ വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ എന്നിവ വെങ്ങളം-രാമനാട്ടുകര ദേശീയപാത 66 വഴി പോകണം.
മലപ്പുറം, കൊണ്ടോട്ടി, തൃശ്ശൂർ, യൂണിവേഴ്സിറ്റി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പന്തീരാങ്കാവ്-തൊണ്ടയാട് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.
കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ ഫറോക്ക് ചുങ്കം വഴി അഴിഞ്ഞിലം ജങ്ഷനിലെത്തി പന്തീരാങ്കാവ്–തൊണ്ടയാട് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.
നഗരത്തിൽനിന്ന് മലപ്പുറം, തൃശ്ശൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തൊണ്ടയാട് ദേശീയപാത 66 വഴി പോകണം.
ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽനിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരീക്കാട്-ഒളവണ്ണ-പന്തീരാങ്കാവ് വഴിയും പാളയം, ബീച്ച്, റെയിൽവേ ഭാഗങ്ങളിൽനിന്ന് ഫറോക്കിലേക്ക് പോകുന്ന വാഹനങ്ങൾ മാങ്കാവ്-മാത്തറ-പന്തീരാങ്കാവ് വഴിയും സഞ്ചരിക്കണം.
ദീർഘദൂര ബസ്: പ്രത്യേക ക്രമീകരണങ്ങൾ
പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിൽനിന്നുള്ള ദീർഘദൂര ബസുകൾ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ പ്രവേശിച്ചശേഷം പന്തീരാങ്കാവ് ദേശീയപാത 66 വഴി നഗരത്തിലേക്ക് കടക്കണം.
തിരുവനന്തപുരം-എറണാകുളം-കാസർകോട് റൂട്ടിലെ കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾ ദേശീയപാത 66 വഴി സർവീസ് നടത്തണം.
മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വേങ്ങര, തിരൂർ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ പ്രവേശിച്ചശേഷം എയർപോർട്ട് റോഡ് ജങ്ഷൻ-പന്തീരാങ്കാവ്-മാത്തറ-മാങ്കാവ് വഴി നഗരത്തിലേക്ക് പ്രവേശിക്കണം.
നഗരത്തിൽനിന്ന് തിരികെപ്പോകുന്ന ബസുകൾ മീഞ്ചന്ത-അരീക്കാട്-ഒളവണ്ണ-പന്തീരാങ്കാവ്-രാമനാട്ടുകര സ്റ്റാൻഡ് വഴി സഞ്ചരിക്കണം.
കടലുണ്ടി, ചാലിയം, കരുവൻതിരുത്തി, ഫറോക്ക് ഭാഗങ്ങളിൽനിന്ന്
സിറ്റി ബസുകൾ ചെയിൻസർവീസായി കോയാസ് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുകയും അവിടെനിന്ന് ആരംഭിക്കുകയും വേണം. നഗരത്തിൽനിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകൾ ചെറുവണ്ണൂർ ജങ്ഷന് സമീപം സർവീസ് അവസാനിപ്പിച്ച് ആരംഭിക്കണം. ബേപ്പൂർ-ബി.സി. റോഡ് ജങ്ഷൻ വഴി ഫറോക്കിലേക്ക് പോകുന്ന ബസുകൾ ചെറുവണ്ണൂർ-കൊളത്തറ റോഡിൽ സർവീസ് അവസാനിപ്പിക്കണം. പന്തീരാങ്കാവ് ടോൾപ്ലാസയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.