സ്വന്തംവാഹനമില്ലാതെ ഒരു എക്സൈസ് ഓഫീസ്

കല്ലാച്ചി : ലഹരിക്കെതിരെ നടത്തുന്ന ശക്തമായ പോരാട്ടത്തിന്റെഭാഗമായി മദ്യവും മയക്കുമരുന്നും പിടിക്കാൻ എക്സൈസ് നെട്ടോട്ടമോടുമ്പോൾ നാദാപുരം എക്സൈസ് ഓഫീസിന് സ്വന്തമായി വാഹനമില്ല. ജില്ലയിലെ ഏറ്റവുംവലിയ എക്സൈസ് ഓഫീസിനാണ് ഈ ദുരവസ്ഥ. രണ്ടുവർഷമായി ജീപ്പ് ഇല്ലാതായിട്ട്. ഫിറ്റ്നസ് കഴിഞ്ഞ ഇവിടത്തെ ജീപ്പ് കണ്ടംചെയ്ത് ലേലത്തിൽ വിറ്റതാണ്.
ശേഷം പുതിയ വാഹനം കിട്ടിയിട്ടില്ല. പുതിയ വാഹനം അനുവദിച്ചിട്ടുണ്ടെങ്കിലും ഓടിത്തുടങ്ങിയിട്ടില്ല.
കുന്നും മലയുമുള്ള ഇടങ്ങളാണ് നാദാപുരം റെയ്ഞ്ചിനുകീഴിലുള്ളത്. ഇവിടങ്ങളിലേക്ക് സ്വന്തം വാഹനത്തിലാണ് ഉദ്യോഗസ്ഥർ ലഹരിവസ്തുക്കൾ പിടികൂടാൻ പോകുന്നത്.
അത്യാവശ്യഘട്ടങ്ങളിൽ വടകര എക്സൈസ് റെയ്‌ഞ്ചിന്റെ വാഹനം കടമെടുക്കും. നാദാപുരം, കുറ്റ്യാടി എന്നീ മണ്ഡലങ്ങളിലെ 14 പഞ്ചായത്തുകളാണ് നാദാപുരം എക്സൈസ് ഓഫീസിന്റെ പരിധിയിലുള്ളത്.
കുറ്റ്യാടിച്ചുരംമുതൽ എടച്ചേരിപ്പാലംവരെയും കണ്ണൂർ ജില്ലയുടെ അതിർത്തിയായ പെരിങ്ങത്തൂർ പാലം വരെയുമാണ് നാദാപുരം റെയ്‌ഞ്ചിന്റെ അതിർത്തി. ഇത്രയും വിശാലമായ മലയോരമേഖലയിൽ വാഹനമില്ലാതെ ലഹരിക്കെതിരേ പ്രവർത്തിക്കേണ്ട ഗതികേടിലാണ് നാദാപുരത്തെ എക്സൈസ്.
തൊണ്ടിമുതലുകൾ സിവിൽ സ്റ്റേഷനിൽ
സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ കല്ലാച്ചിയിലെ മിനി സിവിൽസ്റ്റേഷനിലാണ് എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത്. തൊണ്ടിയായി പിടിച്ചെടുക്കുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷന്റെ കോമ്പൗണ്ടിനകത്താണുള്ളത്. ഇത് സിവിൽ സ്റ്റേഷനിലെ മറ്റുഓഫീസുകളിലെ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഇവരുടെ വാഹനം പാർക്കുചെയ്യാൻപറ്റാത്ത അവസ്ഥയാണ്. ലോറിയും കാറും പോലുള്ള വലിയ വാഹനം മിനിസിവിൽ സ്റ്റേഷന്റെ മുൻപിലെ റോഡിലും ബൈക്ക്, സ്കൂട്ടർ പോലുള്ളവ സിവിൽ സ്റ്റേഷന്റെ അകത്തുമാണുള്ളത്. നിലവിലെ സ്റ്റേഷനിൽ സെൽ ഇല്ലാത്തതിനാൽ പ്രതിയെ പിടികൂടിയാൽ ഓഫീസിനകത്ത് ഒരു മൂലയിൽ ഇരുത്താറാണ് പതിവ്. എംഡിഎംഎ പോലുള്ള രാസലഹരി ഉപയോഗിക്കുന്നവരെ അറസ്റ്റുചെയ്യുമ്പോൾ സെല്ലില്ലാത്തത് ഉദ്യോഗസ്ഥർക്കും ഭീഷണിയാണ്.
വിഭജനം കടലാസിൽ
നാദാപുരം എക്സൈസ് റെയ്‌ഞ്ച് ഓഫീസ് രണ്ടായി വിഭജിക്കുമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കാവിലുംപാറ കേന്ദ്രീകരിച്ച് മറ്റൊരു എക്സൈസ് ഓഫീസുകൂടി സ്ഥാപിക്കണമെന്ന ശുപാർശ സർക്കാരിന് മുൻപാകെയുണ്ട്. കാവിലുംപാറ എക്സൈസ് ഓഫീസ് നിലവിൽ വന്നാൽ കുറ്റ്യാടിച്ചുരമിറങ്ങി വരുന്ന ലഹരിവേട്ടയ്ക്കുൾപ്പെടെ സഹായകരമാകും. നിലവിൽ കുറ്റ്യാടിച്ചുരത്തിൽ വാഹനപരിശോധനയില്ല. വാഹനമില്ലാത്തതാണ് പ്രധാനപ്രശ്നം. നാദാപുരത്തുനിന്ന് കുറ്റ്യാടിച്ചുരത്തിലേക്കുള്ള ദൂരപരിധിയും തിരിച്ചടിയാണ്.
രണ്ടുമണ്ഡലങ്ങളിലെ 14 പഞ്ചായത്തുകളിലായി ഏതാണ്ട് നാലുലക്ഷത്തോളം ജനസംഖ്യയുണ്ട്. ഇത്രയും ജനസംഖ്യയ്ക്ക് 40 എക്സൈസ് ഉദ്യോഗസ്ഥരെങ്കിലും വേണം. നിലവിലുള്ളത് 19 ഉദ്യോഗസ്ഥർമാത്രം.
ഇതിൽ മൂന്നുപേർ മാത്രമാണ് വനിതാ ഉദ്യോഗസ്ഥർ. ഈ 19 ഉദ്യോഗസ്ഥർതന്നെ വേണം ബോധവത്‌കരണക്ലാസ് നടത്താനും ലഹരിവസ്തുക്കൾ പിടിക്കാനും. കണ്ണൂർ ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർപ്പാലംവഴിയും കായലോട്ട് പാലം വഴിയും മാഹിമദ്യം സുലഭമായി നാദാപുരം, കുറ്റ്യാടി മേഖലയിലേക്ക് എത്തുന്നുണ്ട്. സ്വന്തംവാഹനം ഇല്ലാത്തതിനാൽ രണ്ടു പ്രദേശങ്ങളിലേക്ക് വാഹനപരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടാണ്.