വേനൽമഴയിൽ ആദ്യം ചെളി, പിന്നെ പൊടി

വടകര : വേനൽമഴ പെയ്തതോടെ ദേശീയപാത പ്രവൃത്തി നടക്കുന്ന പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
ഇതോടെ റോഡും സമീപപ്രദേശങ്ങളുമെല്ലാം ചെളിക്കുളമാകുന്ന സ്ഥിതിയായി. ദേശീയപാതയുടെ പ്രവൃത്തിക്കാനായി കൂട്ടിയിട്ട മണ്ണ്, അപ്രതീക്ഷിതമായി പെയ്ത മഴയിൽ റോഡിലേക്കും സർവീസ് റോഡിലേക്കും നടപ്പാതയിലേക്കും ഉൾപ്പെടെ ഒലിച്ചിറങ്ങുകയായിരുന്നു.
വടകര ആശാ ആശുപത്രിക്ക് സമീപം, കൈനാട്ടി, കെ.ടി.ബസാർ, മടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ടത് ഇതോടെ ഈ ഭാഗത്തെല്ലാം ചെളി നിറഞ്ഞു.
കൈനാട്ടി റോഡിലേക്ക് ചെളി ഇറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതവും മണിക്കൂറുകളോളം താറുമാറായി. റോഡിൽനിന്ന് വശങ്ങളിലേക്ക് ചെളി നീക്കിയശേഷമാണ് അല്പം എങ്കിലും ഗതാഗതക്കുരുക്ക് കുറഞ്ഞത്. വാഹനങ്ങൾ ചെളിയിൽ താഴ്ന്നുപോകുന്ന സ്ഥിതിയുണ്ടായി.
സർവീസ് റോഡിലേക്കും വെള്ളം കയറിയിരുന്നു. ഇതുവഴി നടന്നു പോകുന്നവരും പ്രയാസത്തിലായി. ഒരു ദിശയിലേക്ക് മാത്രം വാഹനങ്ങൾ പോകുന്ന ഇടുങ്ങിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയായിരുന്നു. മടപ്പള്ളി ഗവൺമെന്റ് കോളേജ് ബസ് സ്റ്റോപ്പിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പിന് സമീപത്ത് ചെളി കെട്ടിക്കിടന്നത് കാരണം ഇവിടെ നിന്ന് ബസ് കയറുന്നവർക്കും പ്രയാസമുണ്ടായി.
പ്രവൃത്തിക്കായി കുഴിയെടുത്ത പല സ്ഥലങ്ങളിലും വലിയരീതിയിൽ വെള്ളക്കെട്ട് ഉണ്ട്. ഓവുചാലുകളുടെ പ്രവൃത്തി പൂർത്തിയാകാത്തതും, വെള്ളം ഒഴുകിപ്പോകാൻ കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതുമാണ് ദേശീയപാതയിൽ പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. പക്ഷേ പിന്നീട് ഉണ്ടായ ശക്തമായ വെയിലിൽ റോഡിലെ വെള്ളം വറ്റുകയും പൊടിശല്യം രൂക്ഷമാവുകയും ചെയ്തു.
ഇരുചക്രവാഹനങ്ങൾക്ക് ഇതുവഴി പോകാൻ സാധിക്കാത്ത സ്ഥിതിയായി. വലിയ വാഹനങ്ങൾ പോയിക്കഴിഞ്ഞാൽ ഏറെനേരം കാത്തുനിന്ന് പൊടി അടങ്ങിയതിനുശേഷം ആണ് ഇരുചക്രവാഹനങ്ങൾ ഇതുവഴി പോയത്.
ചെറിയ വേനൽ മഴ പെയ്തപ്പോഴേക്കും സ്ഥിതി ഇങ്ങനെയാണെങ്കിൽ മാസങ്ങൾക്കകം എത്തുന്ന മഴക്കാലത്തേക്ക് പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ എന്താകും സ്ഥിതി എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.